കനറാ ബാങ്കിൽ പകൽകൊള്ള; പേര് സേവന നിരക്ക്
ബാസിത് ഹസൻ
തൊടുപുഴ • സേവന നിരക്കിന്റെ പേരിൽ കാനറ ബാങ്കിൽ പകൽ കൊള്ള. സേവിങ്ങ്‌സ് അക്കൗണ്ടിൽ ഒരു മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ ഓരോ പിൻവലിക്കലിനും 118 രൂപ സർവിസ് ചാർജ് നൽകണം. മൊബൈൽ നമ്പർ, അഡ്രസ് എന്നിവയിൽ മാറ്റം വരുത്തിയാൽ ഓരോ മാറ്റത്തിനും 59 രൂപ ചാർജ് ഈടാക്കും. മിനിമം ബാലൻസ് ആയിരം രൂപയിൽ കുറഞ്ഞാൽ സർവിസ് ചാർജായി പ്രതിമാസം 45 രൂപയും ജി.എസ്.ടി.യും.
50,000 രൂപയിൽ കൂടുതലുള്ള പണം നിക്ഷേപത്തിന് ആയിരം രൂപയ്ക്ക് ഒരു രൂപയും ജി.എസ്.ടി.യും. അതായത് ഒരുലക്ഷം രൂപ പണമായി അക്കൗണ്ടിൽ നിക്ഷേപിച്ചാൽ നൂറു രൂപയും ജി.എസ്.ടി.യും സർവിസ് ചാർജ് ആയി ഈടാക്കും. 50,000 രൂപ വരെയുള്ള പണം നിക്ഷേപങ്ങൾ മൂന്നെണ്ണം മാത്രമായിരിക്കും സൗജന്യമായി നിർവഹിക്കാൻ കഴിയുക. അതായത് 100 രൂപ വീതം ഒരു മാസം പത്തു വട്ടം അക്കൗണ്ടിൽ നിക്ഷേപിക്കണമെങ്കിൽ ആദ്യത്തെ മൂന്ന് നിക്ഷേപങ്ങൾക്കൊഴികെ ബാക്കിവരുന്ന ഏഴ് നിക്ഷേപങ്ങൾക്ക് 59 രൂപ സർവിസ് ചാർജ് നൽകണം. ജോയിന്റ് അക്കൗണ്ടിലെ ഒരാളുടെ പേര് ഒഴിവാക്കുകയോ പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്താലും 59 രൂപ സർവിസ് ചാർജ് നൽകണം.
അക്കൗണ്ടിലെ നോമിനേഷനിൽ മാറ്റം വരുത്തുന്നതിന് 118 രൂപ നൽകണം. ലോക്കർ സംവിധാനങ്ങളുള്ള ഇടപാടുകാർക്ക് ഇനി കനറാ ബാങ്കിൽ 12 ഇടപാടുകൾ മാത്രമായിരിക്കും പ്രതിവർഷം സൗജന്യമായി ലഭിക്കുക. അതായത്, മാസത്തിൽ ഒരു തവണ മാത്രം.
അതിൽ കൂടുതൽ നടത്തുന്ന ഇടപാടുകൾക്ക് ഒരു ഇടപാടിന് 118 രൂപ ക്രമത്തിൽ സർവിസ് ചാർജ് നൽകണം. ഹൗസിംഗ് ലോൺ, വാഹന വായ്പ, തുടങ്ങിയവക്കെല്ലാം മൂന്നുമാസത്തിലൊരിക്കൽ ഇൻസ്‌പെക്ഷൻ ചാർജ് ഈടാക്കും. യഥാർഥത്തിൽ ഇൻസ്‌പെക്ഷൻ പോലും നടത്താതെയാണ് ഇടപാടുകാരുടെ പണം കൊള്ളയടിക്കുന്നത്. ചെക്ക് ബുക്ക് വാങ്ങിയിട്ടുള്ളവർ ശാഖയിൽ നേരിട്ട് എത്തി പിൻവലിക്കൽ സ്ലിപ്പ് കൈപ്പറ്റി പണം പിൻവലിച്ചാൽ ഓരോ പിൻവലിക്കലിനും 59 രൂപ സർവിസ് ചാർജ് നൽകണം.
2022 ഏപ്രിൽ ഒന്ന് മുതലാണ് ഇത് നടപ്പിലാക്കിയതെങ്കിലും കംപ്യൂട്ടറിൽ ഓട്ടോമാറ്റിക്കായി ഇത്തരം സർവിസ് ചാർജുകൾ എടുത്തു തുടങ്ങിയത് സെപ്റ്റംബർ അഞ്ച് മുതലാണ്. ഇപ്പോൾ ശാഖകളോട് ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ അഞ്ചു വരെ എടുക്കാതിരുന്ന സർവിസ് ചാർജുകൾ എടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഓരോ ശാഖകളും 50,000 മുതൽ 1,00,000 രൂപ വരെ സർവിസ് ചാർജ് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്നും ഈടാക്കേണ്ടതുണ്ട്. പല ഇടപാടുകാരുടെയും അക്കൗണ്ടിൽ ആയിരത്തിലധികം രൂപ ഒറ്റയടിക്ക് പിൻവലിക്കാനാണ് നിർദശിച്ചിരിക്കുന്നത്. കനറാ ബാങ്കിന് രാജ്യത്ത് 9731 ശാഖകളുണ്ട്. ഇതിൽ 670 ശാഖകൾ കേരളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."