മെഡിക്കല്‍ പഠനം വിദേശത്ത്; എവിടെ പഠിക്കണമെന്ന് കണ്‍ഫ്യൂഷനുണ്ടോ? ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സ്‌കൂളുകളെ പരിചയപ്പെടാം
മെഡിക്കല്‍ പഠനം വിദേശത്ത്; എവിടെ പഠിക്കണമെന്ന് കണ്‍ഫ്യൂഷനുണ്ടോ? ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സ്‌കൂളുകളെ പരിചയപ്പെടാം
ലോകത്താകമാനം വലിയ സാധ്യതയാണ് മെഡിക്കല്‍ രംഗത്തുള്ളത്. എം.ബി.ബി.എസ്, നഴ്‌സിങ്, മെഡിക്കല്‍ കോഡിങ് തുടങ്ങിയ മേഖലയില്‍ പഠനം പൂര്‍ത്തയാക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി ജോലി നല്‍കാന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അതേസമയം മെഡിക്കല്‍ കോഴ്‌സുകള്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ ചെയ്യുന്നതാണ് ഇന്ത്യക്കാര്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്. സര്‍ട്ടിഫിക്കറ്റിന്റെ മൂല്യവും, ഹൃസ്വ കാല കോഴ്‌സുകളും, പഠനം പൂര്‍ത്തിയാക്കി വിദേശത്ത് തന്നെ ജോലി നേടാമെന്നതുമൊക്കെയാണ് മലയാളികളടക്കമുള്ളവരെ വിദേശത്തേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.
യു.കെ, യു.എസ്.എ, ജര്‍മ്മനി എന്നിവയാണ് മെഡിക്കല്‍ പഠനത്തിനായി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍. ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ ലോകോത്തര യൂണിവേഴ്‌സിറ്റികളെല്ലാം തന്നെ മെച്ചപ്പെട്ട മെഡിക്കല്‍ കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്നവയാണ്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മെഡിക്കല്‍ സ്ഥാപനമാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍. മെഡിക്കല്‍ പഠന രംഗത്ത് ലോക നിലവാരമുള്ള പഠന സമ്പ്രദായവും മെച്ചപ്പെട്ട സാങ്കേതിക സാധ്യതകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിരവധി ഇന്ത്യക്കാര്‍ പഠനം നടത്തുന്നുണ്ട്. വര്‍ഷത്തില്‍ 69,300 യു.എസ് ഡോളറാണ് എം.ബി.ബി.എസ് കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഫീസ് വരുന്നത്. (50,51,700 രൂപ). യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായങ്ങളും, സ്‌കോളര്‍ഷിപ്പ് പദ്ധതികളും സ്ഥാപനം മുന്നോട്ട് വെക്കുന്നുണ്ട്. അക്കാദമിക് മികവിന്റെയും, മെഡിക്കല്‍ കോളജ് അഡ്മിഷന്‍ ടെസ്റ്റ് (MCAT) സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക.
യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്
യു.കെയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റിയായ ഓക്‌സ്‌ഫോര്‍ഡിന് കീഴില്‍ മെഡിസിന്‍ പഠനം സാധ്യമാണ്. മൂന്ന് വര്‍ഷത്തെ പ്രീ-ക്ലിനിക്കല്‍ റിസര്‍ച്ച് കൂടി ചേര്‍ന്നതാണ് ഓക്‌സ്‌ഫോര്‍ഡിന്റെ മെഡിക്കല്‍ കോഴ്‌സുകള്‍. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് ചെയ്യാനുള്ള അവസരവും നല്‍കുന്നുണ്ട്. ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ 7-7.5 സ്‌കോറും, TOFEL പരീക്ഷയില്‍ 100 സ്‌കോറും നേടുന്നവര്‍ക്കാണ് അഡ്മിഷന് യോഗ്യതയുള്ളത്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി
യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിസിന്‍, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ്. കമ്മിറ്റി ഓണ്‍ അഡ്മിഷന്‍ (COA) അംഗീകരിച്ച 15 കോര്‍ കോമ്പിറ്റന്‍സികള്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്.
ലോകത്ത് എല്ലായിടത്തുമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും സ്റ്റാന്‍ഫോര്‍ഡില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കാനഡയിലെയോ, യു.എസിലെയോ, യു.കെയിലെയോ അംഗീകൃത സ്ഥാപനങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്‌സിന് അപേക്ഷിക്കാനാവുക. മാത്രമല്ല അംഗീകൃത സ്ഥാനപങ്ങളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കുകയും വേണം.
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി
1876ലാണ് യു.എസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്. മെഡിക്കല്‍ പഠന രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണിത്. മിനിമം GPA സ്‌കോര്‍ 3.0 മുതല്‍ 4.0ക്കുള്ളില്‍ നേടുന്നവര്‍ക്കാണ് പ്രവേശനം നേടാനാവുക. കാനഡയിലെയോ, യു.എസിലെയോ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മെഡിക്കല്‍ കോഴ്‌സിന് ചേരാനാവുക. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. TOFEL ആവശ്യമില്ല.
കോഴ്‌സ് കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നിലവിലുണ്ട്. അമേരിക്കയിലെ തന്നെ മറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്
ലോകപ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രധാനമായും രണ്ട് തരത്തിലുള്ള മെഡിക്കല്‍ കോഴ്‌സുകളാണ് പ്രധാനം ചെയ്യുന്നത്. സ്റ്റാന്‍ഡാര്‍ഡ് കോഴ്‌സ്, ഗ്രാജ്വേറ്റ് കോഴ്‌സ് എന്നിവയാണവ. ഡിഗ്രി യോഗ്യതയില്ലാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡാര്‍ഡ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
TOFEL സ്‌കോറില്‍ 110 നേടിയവര്‍ക്കും, ഐ.ഇ.എല്‍.ടി,എസ് പരീക്ഷയില്‍ 7മുതല്‍ 7.5 വരെ സ്‌കോര്‍ നേടിയവര്‍ക്കുമാണ് പ്രവേശനത്തിന് അപേക്ഷിക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."