അനന്യയുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പൊലീസ്. ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. മൃതദേഹം കണ്ടെത്തിയ ഫ്‌ലാറ്റില്‍ വീണ്ടും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, അനന്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്‌സ് ആരോപിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യയ്ക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് ബോധ്യപ്പെട്ടിട്ടും തുടര്‍ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ പരാതിപ്പെട്ട അനന്യയ്ക്ക് പല തവണ മര്‍ദനമേറ്റിട്ടുണ്ടെന്നും അലക്‌സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."