ഫാസിസത്തിന്റെ ശത്രുനിർമാണ രാഷ്ട്രീയം
ഇന്ത്യൻ ഭരണകൂടത്തിനെതിരേ 1948ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സായുധസമരം പ്രഖ്യാപിച്ച കൽക്കത്ത തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് നടന്നതായി പറയപ്പെടുന്ന ഒരു കഥ വായിച്ച ഓർമയുണ്ട്. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനോട് സി. രാജഗോപാലാചാരി പറഞ്ഞു: 'കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം തുടർന്നാൽ അവർ വളരും. വളർന്നാൽ രാജ്യത്ത് ജനാധിപത്യം അപ്രസക്തമാകും. നിരോധനം പിൻവലിച്ച് അവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിൽ വരാനും അനുവദിക്കുക. അവരുടെ വിപ്ലവമൊക്കെ താനെ ഇല്ലാതാകും'.
രാജാജിയുടെ ഉപദേശം നെഹ്‌റു സ്വീകരിച്ചോ എന്നറിയില്ല. ഏതായാലും രാജാജി പ്രവചിച്ചതുപോലെ തന്നെ സംഭവിച്ചു. നിരോധനം പിൻവലിച്ച സമയത്ത് രാജ്യമാകെ പടർന്നുപിടിച്ച പ്രസ്ഥാനമായി മാറിയിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം ലോക്‌സഭാ സീറ്റുകളിൽ മത്സരിച്ചുജയിച്ച പാർട്ടി രാജ്യത്തെ പ്രധാന പ്രതിപക്ഷമായി മാറി അക്കാലത്ത്. പിന്നീട് അധികാരത്തിന്റെ ശീതളച്ഛായയിൽ ദീർഘകാലം ജീവിച്ച പാർട്ടി, പിളർന്നുണ്ടായ രണ്ടു പാർട്ടികൾക്കും കൂടി ഇപ്പോൾ ലോക്‌സഭയിൽ അംഗബലം ഒറ്റക്കൈവിരലിൽ എണ്ണാവുന്ന അഞ്ച്. അതിൽ നാലെണ്ണം കിട്ടിയത് പരമ്പരാഗത ശത്രുവായ കോൺഗ്രസിന്റെയടക്കം സഹായത്തിൽ തമിഴ്‌നാട്ടിൽനിന്ന്.
മൂന്നു നിരോധനങ്ങൾ നേരിട്ട പ്രസ്ഥാനമാണ് ആർ.എസ്.എസ്. ഗാന്ധിവധത്തെ തുടർന്നായിരുന്നു ആദ്യ നിരോധനം. അന്ന് രാജ്യത്ത് അത്ര വലിയ സ്വാധീനമൊന്നും അവർക്കുണ്ടായിരുന്നില്ല. എന്നാൽ നിരോധനം പിൻവലിക്കുന്ന സമയമായപ്പോഴേക്കും അതിന്റെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ വ്യാപിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്തായിരുന്നു രണ്ടാം നിരോധനം. വലിയതോതിൽ രക്തസാക്ഷി പരിവേഷമുണ്ടാക്കാൻ ആ നിരോധനം അവരെ സഹായിച്ചു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്‌ക്കെതിരേ ഉയർന്നുവന്ന പ്രസ്ഥാനത്തോടൊപ്പം ചേർന്ന് ജനാധിപത്യ പോരാളികളുടെ പരിവേഷമുണ്ടാക്കി സ്വാധീനം കൂടുതൽ വ്യാപിപ്പിക്കാൻ അതവരെ സഹായിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ മൂന്നാം നിരോധനം അവർക്കു കൂടുതൽ കുതിപ്പിന് അവസരമൊരുക്കി.
അതുപോലെ നക്‌സലൈറ്റ് പ്രസ്ഥാനവും ഏറെക്കാലം നിരോധിക്കപ്പെട്ടിട്ടുണ്ട്. സായുധവിപ്ലവ രാഷ്ട്രീയവുമായി സി.പി.ഐ (എം.എൽ) എന്നപേരിൽ പ്രവർത്തിച്ച കാലത്തുതന്നെ സംഘടന നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് അവർ രൂപാന്തരം പ്രാപിച്ചുണ്ടായ പീപ്പിൾസ് വാർ ഗ്രൂപ്പ് നിലവിലുണ്ടായിരുന്ന കാലം മൊത്തം നിരോധിത സംഘടനയായിരുന്നു. അതിന്റെ പിൽക്കാല രൂപമായ സി.പി.ഐ (മാവോയിസ്റ്റ്) ഇന്നും നിരോധിക്കപ്പെട്ട സംഘടനയാണ്. ആ സംഘടനയെയും ഭരണകൂടത്തിന് തകർക്കാനായിട്ടില്ലെന്നു മാത്രമല്ല, അവരുടെ സ്വാധീനം കൂടുകയാണുണ്ടായത്. ഇന്ത്യ മൊത്തം എടുത്തുനോക്കിയാൽ സി.പി.എമ്മിനേക്കാളേറെ ജനപിന്തുണയുള്ളവരായിരിക്കും മാവോയിസ്റ്റുകൾ. അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതുകൊണ്ടാണ് അത് മനസിലാകാത്തത്.
ഇതെല്ലാം അറിയാവുന്ന, നിരോധനത്തിന്റെ ഗുണഫലം നന്നായി അനുഭവിച്ചറിഞ്ഞ ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടമാണ് ഇപ്പോൾ പോപുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. ഒട്ടും വലുപ്പമില്ലാത്തൊരു പ്രസ്ഥാനമാണത്. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെട്ട് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് രാജ്യത്തെ മുസ്‌ലിംകളിൽ അര ശതമാനത്തിന്റെ പിന്തുണ പോലുമില്ലെന്നതാണ് സത്യം. ഇതര മുസ്‌ലിം സംഘടനകളും നേതാക്കളും പോപുലർ ഫ്രണ്ടിനെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല, അവജ്ഞയോടെ മാറ്റിനിർത്തുന്നുമുണ്ട്. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടാകുമ്പോൾ നടത്തുന്ന ചർച്ചകളുടെ ഏഴയലത്തേക്കുപോലും ഇക്കൂട്ടരെ അടുപ്പിക്കാറുമില്ല.
ഇങ്ങനെ സ്വസമുദായത്തിൽ തന്നെ ഒറ്റപ്പെട്ടുനിൽക്കുന്ന ഈ ചെറുഗ്രൂപ്പിനെ ഒതുക്കാൻ രാജ്യത്തെ നിയമപാലന സംവിധാനങ്ങൾ വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും. എന്നാൽ വലിയ പ്രചാരണം കൊടുത്തുള്ള റെയ്ഡുകളും മറ്റും നടത്തി അനന്തരം സംഘടനയെ നിരോധിച്ച് അതൊരു രാഷ്ട്രീയ പ്രചാരണ ആഘോഷമാക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തത്.
ഇങ്ങനെ സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കുന്നത് എന്തിനാണെന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കും. കാരണം ലളിതമാണ്. കേന്ദ്ര ഭരണകൂടത്തിന്റെ മുസ്‌ലിംവിരുദ്ധ നീക്കങ്ങൾക്കും മുസ്‌ലിംകൾക്കെതിരേ സംഘ്പരിവാർ നടത്തുന്ന ആക്രമണങ്ങൾക്കും ജനസമ്മതി ലഭിക്കണമെങ്കിൽ മറുപക്ഷത്ത് ഇത്തിരിയെങ്കിലും ശക്തമായ, മുസ്‌ലിം ഐഡന്റിറ്റിയുള്ള ഒരു വിധ്വംസക പ്രസ്ഥാനം വേണം. രാജ്യത്തിന്റെ മതേതര, ജനാധിപത്യ അടിത്തറയെ അംഗീകരിക്കുന്ന മറ്റു മുസ്‌ലിം സംഘടനകൾ സംഘ്പരിവാറിന്റെ ഈ തന്ത്രത്തിൽ വീഴുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ അവർ വികാരം മാത്രം കൈമുതലായ, വിവേകത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരു സംഘടനയെ ശത്രുതയുടെ യവനികയ്ക്കു പിറകിൽ ഊട്ടിവളർത്താൻ ശ്രമിക്കുന്നത് സ്വാഭാവികം.
നിരോധനത്തിലൂടെ പോപുലർ ഫ്രണ്ടിന് രക്തസാക്ഷി പരിവേഷം നൽകി വളർത്തുന്നതിന്റെ ഗുണഭോക്താക്കൾ സംഘ്പരിവാർ തന്നെയാണ്. അതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് രാജ്യത്തെ സാധാരണക്കാരായ മുസ്‌ലിംകളും.
ഒന്നും ഒന്നും രണ്ടായി മാത്രം കാണുന്ന സാധാരണ രാഷ്ട്രീയക്കണ്ണുകൾക്ക് ഇതൊന്നും തിരിച്ചറിയാനായെന്നുവരില്ല. എന്നാൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് അനിവാര്യമായ ശത്രുനിർമാണത്തിന്റെ രീതികൾ ഇങ്ങനെയൊക്കെയാണ്.
വാർധക്യം തളർത്താത്ത വിപ്ലവോർജം
സി.പി.ഐയുടെ വലിയ സമ്മേളനങ്ങൾ പോലും സാധാരണ ഗതിയിൽ അധികമൊന്നും വാർത്തയാകാറില്ല. സമ്മേളനത്തിന്റെ നടപടികളും ചില കൗതുകങ്ങളുമൊക്കെയുള്ള ചെറിയ വാർത്തകൾ പത്രങ്ങളുടെ ഉൾപേജുകളിൽ ഒതുങ്ങുകയാണ് പതിവ്. സംസ്ഥാന സമ്മേളനമാണെങ്കിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്ത കാര്യം മാത്രം ഒന്നാം പേജിൽ വരും. അത്രതന്നെ.
അതിനു കാരണമുണ്ട്. വലിയ തർക്കങ്ങളോ, ഗ്രൂപ്പുപോരോ ഒന്നും പൊതുവെ സി.പി.ഐയിൽ നടക്കാറില്ല. വലിയ ആർഭാടങ്ങൾ ഉണ്ടാവാറുമില്ല. പൊതുവെ സാത്വികരായ നേതാക്കൾ സാധാരണ ഭക്ഷണം കഴിച്ച് സാധാരണ മുറികളിൽ താമസിച്ച് സമ്മേളനത്തിൽ പങ്കെടുത്തു പിരിയും. ഇതിലൊന്നും കാര്യമായ വാർത്തയില്ലല്ലോ.
എന്നാൽ, ഇത്തവണ പാർട്ടിയുടെ സംസ്ഥാന സമ്മേളനം സാമാന്യം മെച്ചപ്പെട്ട വാർത്താപ്രാധാന്യം നേടുന്നുണ്ട്. ഏതാനും ദിവസങ്ങളായി ഒന്നാം പേജിൽ സി.പി.ഐ ഉണ്ട്. നാട്ടുകാർക്ക് കേട്ടും വായിച്ചും രസിക്കാനാവശ്യമായത്ര തർക്കങ്ങൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉണ്ട് എന്നതാണ് ഇതിനു കാരണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനു വേണ്ടിയുള്ള പോരും നേതൃപദവികളിൽ ഇരിക്കാനുള്ള പ്രായപരിധിയും സംബന്ധിച്ച തർക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ അരങ്ങുതകർക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മൂന്നാം തവണയും ആ പദവിയിൽ തുടരാൻ വല്ലാത്ത മോഹമുണ്ട്. എന്നാൽ അത് അനുവദിക്കില്ലെന്ന വാശിയിലാണ് ഒരുവിഭാഗം നേതാക്കൾ.
നേതൃപദവികളിൽ 75 വയസ് പരിധി നിശ്ചയിച്ചതാണ് മറ്റൊരു തർക്കവിഷയം. അതു നടപ്പാക്കിയാൽ കെ.ഇ ഇസ്മായിൽ, സി. ദിവാകരൻ തുടങ്ങിയ ചില പ്രമുഖ നേതാക്കൾ സംസ്ഥാന നേതൃത്വത്തിൽനിന്ന് പുറത്താകും. അങ്ങനെ മാറിക്കൊടുക്കാൻ അവർ തയാറല്ല. ഈ തർക്കത്തെ തുടർന്ന് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം കൈമാറേണ്ടിയിരുന്ന ഇസ്മായിൽ അതിൽനിന്ന് വിട്ടുനിൽക്കുക പോലുമുണ്ടായി. ഒരുകാലത്ത് സ്ഥാനങ്ങൾ ത്യജിക്കാൻ ഒട്ടും മടിക്കാത്ത നേതാക്കളുണ്ടായിരുന്ന പാർട്ടിയാണ് സി.പി.ഐ. ഇടതുമുന്നണി രൂപീകരിക്കാൻ വേണ്ടി മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ പി.കെ വാസുദേവൻ നായരുടെ പാർട്ടിയാണത്.
അത് അന്നത്തെ കാര്യം. ഇപ്പോൾ പാർട്ടിയിലുള്ള നേതാക്കൾ പഴയ ആളുകളേക്കാൾ ഊർജസ്വലരാണ്. വാർധക്യം അവരുടെ വിപ്ലവവീര്യത്തെ ബാധിക്കുന്നില്ല. ആ ഊർജം വിപ്ലവപ്പോരാട്ടത്തിന് ഇനിയും ഏറെക്കാലം സംഭാവന ചെയ്യാൻ അവർ ആഗ്രഹിച്ചുപോകുന്നത് ഒരു കുറ്റമൊന്നുമല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."