പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
ദുബൈ: പ്രമുഖ വ്യവസായിലും ചലച്ചിത്രനിര്‍മാതാവുമായ എം.എം. രാമചന്ദ്രന്‍ (അറ്റ്‌ലസ് രാമചന്ദ്രന്‍ 80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ ഞായറാഴ്ച യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.
അറ്റ്‌ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു.
1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്.കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
വൈശാലി, ധനം, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച അദ്ദേഹം അറബിക്കഥ, ടു ഹരിഹര്‍ നഗര്‍, ബാല്യകാല സഖി, തത്വമസി തുടങ്ങി പത്തോളം സിനിമകളില്‍ അഭിനയിച്ചു.
2010ല്‍ ഹോളിഡെയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തു. അഞ്ച് സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു. സഹോദരന്‍ രാമപ്രസാദും മരുമകന്‍ അരുണ്‍ നായറും ആശുപത്രിയിലെത്തിയിട്ടുണ്ട്. മകന്‍ ശ്രീകാന്ത് യു.എസിലാണ്. ദുബൈ മന്‍ഖൂല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിന് ജബല്‍അലി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."