തരൂർ വരേണ്യവർഗം, ഖാർഗെ വിജയിക്കും: ഗെലോട്ട്
ന്യൂഡൽഹി •കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ വരേണ്യവർഗത്തിന്റെ പ്രതിനിധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ദലിത് വിഭാഗത്തിൽ നിന്നുള്ള എല്ലാവർക്കും സ്വീകാര്യനായ നേതാവാണ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പരിചയസമ്പത്തുള്ള നേതാവാണ്. ശുദ്ധമായ മനസിനുടമയാണ്. തെരഞ്ഞെടുപ്പിൽ ഖാർഗെ വിജയിക്കുമെന്നും ഗെലോട്ട് ജയ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള നേതാവാണ് ഖാർഗെ. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഈ അനുഭവ സമ്പത്ത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ശശി തരൂരിനെ ഖാർഗെയുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. അതിനാൽ സ്വാഭാവികമായും ഖാർഗെയുടെ പക്ഷത്തായിരിക്കും എല്ലാവരും നിലകൊള്ളുക. തരൂർ നല്ല മനുഷ്യനാണെന്നും നല്ല ചിന്തകനാണെന്നും എന്നാൽ വരേണ്യവർഗമാണെന്നത് പോരായ്മയാണെന്നും ഗെലോട്ട് പറഞ്ഞു.
തരൂരിനെതിരേ മറ്റു ചില കോൺഗ്രസ് നേതാക്കളും പരസ്യമായി രൂക്ഷപ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾക്ക് ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾ ട്വിറ്ററിൽ കുറിച്ച് മറുപടി നൽകുക മാത്രമാണ് ഇന്നലെ ശശി തരൂർ ചെയ്തത്.
ഖാർഗെയുമായി സംവാദത്തിന്
തയാറെന്ന് തരൂർ
ന്യൂഡൽഹി •കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവുമായി ബന്ധപ്പെട്ട് എതിർസ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയുമായി സംവാദത്തിന് തയാറാണെന്ന് ശശി തരൂർ.
ബ്രിട്ടീഷ് കൺസെർവെറ്റീവ് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് മാതൃകയിലുള്ള സംവാദം പൊതുസമൂഹത്തിനിടയിൽ പാർട്ടിയോടുള്ള താൽപര്യം വർധിപ്പിക്കുമെന്നും വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
കോൺഗ്രസിന്റെ നിലവിലെ വെല്ലുവിളികൾക്കുള്ള ഉത്തരം ഫലപ്രദമായ നേതൃത്വത്തിന്റെയും സംഘടനാപരമായ പരിഷ്‌കാരങ്ങളുടെയും സംയോജനത്തിലാണ്. യു.എന്നിൽ അണ്ടർ സെക്രട്ടറി ജനറൽ ഇൻ-ചാർജ് എന്ന നിലയിൽ സംഘടനകളുടെ ഉന്നത തലങ്ങളിൽ നേതൃത്വം വഹിച്ച് പരിചയമുള്ള വ്യക്തിയാണ് താൻ.
തെളിയിക്കപ്പെട്ടതും വിശ്വസനീയവുമായ ട്രാക്ക് റെക്കോഡ് തനിക്കുണ്ട്.
ലോകമെമ്പാടുമുള്ള 77 ഓഫിസുകളിലായി 800ലധികം ജീവനക്കാർ അടങ്ങുന്ന യു.എന്നിലെ ഏറ്റവും വലിയ ഡിപ്പാർട്ട്മെന്റിന്റെ ആശയവിനിമയങ്ങൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ ഘടന യുക്തിസഹമാക്കി. സംഘടനാപരമായ പരിഷ്‌കാരങ്ങളുടെ കാര്യത്തിൽ, കോൺഗ്രസിനെ ശക്തിപ്പെടുത്താനും ബി.ജെ.പിയെ നേരിടാനും സഹായിക്കുന്ന മുൻഗണനകൾ താൻ മുന്നോട്ടുവച്ചിട്ടുണ്ടെന്നു തരൂർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."