നിപ: അകലുന്ന നിർമാർജന സ്വപ്നം
ഇടവേളയ്ക്കുശേഷം കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചത് വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരിച്ചതാണ് സംശയത്തിലേക്ക് വഴിവച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, ലോകത്തിനുതന്നെ മാതൃകയായി നിപ വൈറസിനെ ചെറുത്തുതോൽപ്പിച്ച നാടാണ് കേരളം. 2018ൽ കോഴിക്കോട്ടെ രോഗബാധ തിരിച്ചറിയാൻ വൈകിയെങ്കിലും പിന്നീടുള്ള പഴുതടച്ച ചികിത്സയും നിയന്ത്രണവും മൂലം നിപ പേടിയിൽനിന്ന് നാട് മുക്തമായതാണ്.
നമുക്കു മുന്നിൽ മികച്ചൊരു രോഗപ്രതിരോധ മാതൃകയും മുൻ അനുഭവവുമുണ്ട്. നേരത്തെ നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്രയുടെ സമീപ പഞ്ചായത്തുകളിലുള്ളവരിലാണ് രോഗം വീണ്ടും കണ്ടെത്തിയത്.
ഓഗസ്റ്റ് 30നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രണ്ടാമത്തെ മരണവുമുണ്ടായി. മരിച്ച രണ്ടുപേരും ഒരേ ആശുപത്രിയിൽ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. നേരത്തെയും ഇവർ തമ്മിൽ സമ്പർക്കമുണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഇവർക്ക് നിപ ലക്ഷണങ്ങളുണ്ട് എന്നതും പെട്ടെന്നുള്ള മരണവുമാണ് രോഗഭീതിയുണ്ടാക്കിയത്. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്ക് സാംപിൾ അയച്ചത്. മരിച്ച രണ്ടു പേർക്കാണ് നിപയെന്ന് സ്ഥിരീകരിച്ചത്. നാലു പേരുടെ സാംപിൾ ഫലം വരാനുണ്ട്. ആരോഗ്യപ്രവർത്തകരടക്കം 75 പേർ നിരീക്ഷണത്തിലാണ്. കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജാഗ്രതയും കരുതലും വേണം. വീണ്ടും രോഗം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ രോഗ പ്രതിരോധത്തിലൂടെ കൂടുതൽ പേരിലേക്ക് പടരാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനുള്ള നിയന്ത്രണങ്ങൾ സർക്കാർ തലത്തിൽ എടുത്തുകഴിഞ്ഞു. ജനപ്രതിനിധികളും മന്ത്രിമാരും ഉൾപ്പെടുന്ന യോഗവും നടന്നു. നേരത്തെ നിപയെ നേരിട്ടതിനാൽ വീണ്ടും ജാഗ്രത പാലിക്കുകയാണ് പൊതുജനങ്ങൾ ചെയ്യേണ്ടത്. സമ്പർക്കം ഒഴിവാക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സോപ്പോ ഐസോപ്രൊപ്പൈൽ ആൽക്കഹോൾ കലർന്ന സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യാനുള്ളത്.
നിപ വ്യാപനശേഷി കൊവിഡിനെ അപേക്ഷിച്ച് കുറവും എന്നാൽ മരണതോത് കൂടുതലുമാണ്. രോഗവ്യാപനമുണ്ടായ മേഖലയിലുള്ളവരാണ് പ്രത്യേകം ജാഗ്രത പുലർത്തേണ്ടത്. നിപയുടെ വ്യാപനം തടയാനായാൽ ചികിത്സയിലൂടെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും. തുടക്കത്തിൽ രോഗം കണ്ടെത്തിയവരിൽ ചികിത്സയിലൂടെ മടങ്ങിയെത്തിയവർ നമുക്കു മുന്നിലുണ്ട്. മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകയായിരുന്ന അജന്യ നിപയെ അതിജീവിച്ചവരിലൊരാളാണ്.
ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്. ഈയിടെയും കേരളം ഉൾപ്പെടെ ഒൻപത് ഇടങ്ങളിൽ ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ നിപ പരിശോധന വവ്വാലുകളിൽ നടത്തിയിരുന്നു. ഇതിൽ രോഗസാന്നിധ്യം കണ്ടെത്തുകയും ചെയ്തു. വവ്വാലുകൾ കടിച്ച പഴമോ മറ്റോ ഒരു കാരണവശാലും ആ ഭാഗം ചെത്തിയോ മറ്റോ ഉപയോഗിക്കരുത്.
വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വർധിച്ചു വരുന്നുണ്ട്. അതിനാൽ നിപ മാത്രമല്ല മറ്റ് ജന്തുജന്യരോഗങ്ങളും മനുഷ്യരിലേക്ക് പടരാതിരിക്കാൻ ജാഗ്രത വേണം.
ഹെനിപാ വൈറസ് വിഭാഗത്തിൽപ്പെടുന്ന നിപ വൈറസ് പരാമിക്‌സോ എന്ന വൈറസ് വൈറിഡേ കുടുംബത്തിൽ പെടുന്നതാണ്. മൃഗങ്ങളിൽനിന്ന് മൃഗങ്ങളിലേക്കാണ് ഇത് പൊതുവെ പകരുന്നത്. വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരും. അസുഖമുള്ളവരെ പരിചരിക്കുന്നവരിലും രോഗം പടരാൻ സാധ്യതയേറെയാണ്. 20 വർഷം മുൻപ് മലേഷ്യയിലാണ് നിപ രോഗം കണ്ടെത്തുന്നത്. മലേഷ്യ വരൾച്ച നേരിട്ട 1997ൽ മൃഗങ്ങളും പക്ഷികളും വെള്ളം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ചേക്കേറി. തുടർന്നാണ് മലേഷ്യയിലെ പന്നിഫാമുകളെ അജ്ഞാതരോഗം ബാധിച്ചത്. അന്നു നൂറിലേറെ പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗാണു ശരീരത്തിലെത്തിയാൽ അഞ്ചുദിവസം മുതൽ രണ്ടാഴ്ച വരെ ലക്ഷണങ്ങൾ ഉണ്ടാകും.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിലെ ആന്തരികാവയവങ്ങളെ താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ രോഗി പെട്ടെന്ന് കോമ അവസ്ഥയിലെത്തുന്നു. മസ്തിഷ്‌കത്തെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാകാനും സാധ്യത കൂടുതലാണ്.
കേരളത്തിൽ രോഗ പരിശോധനയ്ക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. നിലവിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ ശാക്തീകരിക്കാനും ആവശ്യമുയർന്നു. ഇപ്പോഴും മിക്ക പരിശോധനയ്ക്കും പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
രോഗം വരാതെ നോക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് പൊതുജനാരോഗ്യ വകുപ്പാണ്. പബ്ലിക് ഹെൽത്ത് ഡിപാർട്‌മെന്റ് എന്ന അർഥത്തിൽ ശരിയായ വകുപ്പ് നമുക്കില്ല. കുടുംബക്ഷേമ ആരോഗ്യവകുപ്പാണുള്ളത്. ആരോഗ്യവകുപ്പിന് പകരം പൊതുജനാരോഗ്യ വകുപ്പ് വേണമെന്ന ആവശ്യം ഐ.സി.എം.ആർ വൈറോളജി ഗവേഷണ കേന്ദ്രം മുൻ ഡയരക്ടർ ഡോ. ജേക്കബ് ജോൺ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, ധനമന്ത്രി കെ.എം മാണി ഇതിനായി 11 കോടി രൂപ അനുവദിച്ചിരുന്നു. തുടർനടപടികൾ ഇല്ലാത്തതുകൊണ്ട് പണം ലാപ്‌സായി.
രോഗം വന്നതിനു ശേഷമുള്ള ചികിത്സയ്ക്കാണ് നമ്മുടെ ആരോഗ്യ വകുപ്പ് ഊന്നൽ നൽകുക. വിദേശ രാജ്യങ്ങൾ ഊന്നൽ നൽകുന്നത് രോഗം വരാതെ നോക്കാനാണ്. ആരോഗ്യവകുപ്പിന് പൊതുജനാരോഗ്യമെന്ന് വിളിപ്പേരിട്ടതുകൊണ്ടോ ആരോഗ്യസ്ഥാപനങ്ങളെ പൊതുജനാരോഗ്യ കേന്ദ്രം എന്നു വിളിച്ചതുകൊണ്ടോ യഥാർഥ പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവർത്തനം നടക്കുമോ. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇനിയെങ്കിലും മാറ്റം വരേണ്ടതുണ്ട്. കുടുംബക്ഷേമവും ആരോഗ്യവും പൊതുജനാരോഗ്യവും വെവ്വേറെ പ്രവർത്തിക്കുന്ന സ്വപ്നകാലത്ത് ഇനിയും എന്നാണ് നമ്മൾ എത്തിച്ചേരുക.
Content Highlightseditorial about nippah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."