കോടിയേരിക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം
വി.കെ പ്രദീപ്
കണ്ണൂർ• ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. മട്ടന്നൂർ വിമാനത്താവളം മുതൽ തലശേരി ടൗൺഹാൾ വരെ പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ റോഡരികിൽ തിങ്ങിക്കൂടിയത് ആയിരങ്ങൾ. വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ താൻ പാർട്ടി വളർത്താൻ നടന്നുനീങ്ങിയ വഴികളിൽ തിങ്ങിക്കൂടിയ ആയിരങ്ങളും, പ്രവർത്തകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങളും സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കോടിയേരി എത്രമാത്രം പ്രിയങ്കരനായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.
കോടിയേരിയെന്ന വ്യക്തി, കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളെ എത്രമേൽ സ്വാധീനിച്ചിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വിലാപയാത്രയും തലശേരി ടൗൺഹാളിലെ പൊതുദർശനവും. രാഷ്ട്രീയ വിഷയങ്ങൾ കത്തിനിൽക്കുന്ന കാലത്തും ഒരു വിഷയത്തിലും ആർക്കെതിരേയും വ്യക്തിപരമായി നിലപാടോ അഭിപ്രായമോ കോടിയേരി പ്രകടിപ്പിച്ചിരുന്നില്ല. അതുതന്നെയാണ് രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവർക്കുപോലും കോടിയേരിയെ പ്രിയങ്കരനാക്കിയത്.
മനുഷ്യത്വത്തിന്റെ പേരിൽ മാത്രം അറിയപ്പെടേണ്ട കമ്മ്യൂണിസ്റ്റാണ് കോടിയേരിയെന്ന എം. സ്വരാജിന്റെ അനുസ്മരണം തിങ്ങിനിരഞ്ഞ ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു.ഒരു വിഷയത്തെയും കോടിയേരി വ്യക്തിപരമായി സമീപിച്ചിരുന്നില്ല. രാഷ്ട്രീയമായി എതിരാളികളോട് ശക്തമായ എതിർപ്പുണ്ടായാലും അഭിപ്രായം പറഞ്ഞാലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്കും നിലപാടിലേക്കും കോടിയേരി ഒരു രാഷ്ട്രീയവിഷയത്തേയും വഴിതിരിച്ചുവിട്ടിരുന്നില്ല.
അതുകൊണ്ടു തന്നെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് മനുഷ്യത്വത്തിന്റെ മുഖമാണെന്ന് രാഷ്ട്രീയ എതിരാളികൾ പോലും അടയാളപ്പെടുത്തുന്നത്. വ്യക്തിപരമായി മറ്റുള്ളവരെ നേരിടാൻ ഒരിക്കലും കൂട്ടാക്കാത്ത കോടിയേരിക്കെതിരേ ചിലഘട്ടങ്ങളിൽ വ്യക്തിപരമായി വലിയ വിമർശനം ഉയർന്നുവന്നിരുന്നു. എന്നാൽ ചാഞ്ചല്യമില്ലാതെ ഏത് വിമർശനത്തേയും കോടിയേരി നേരിട്ടിരുന്നുവെന്നതാണ് യാഥാർഥ്യം. വ്യക്തിപരമായി തനിക്കുനേരേ വന്ന വിമർശനങ്ങളെ കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞത്. ' ഈ രീതിയിൽ വിമർശിക്കുന്നവർ വിമർശിക്കട്ടെ, പക്ഷെ, അതുപോലെ തിരിച്ചുപറഞ്ഞാൽ അത് നിങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്നാണ് ' . അഗാധമായ ചരിത്രബോധമുള്ള കോടിയേരി രാഷ്ട്രീയ വിഷയങ്ങളെ സമീപിച്ചിരുന്നതും ഈ ചരിത്രബോധത്തോടെയാണ്. ഏത് വിഷയമായാലും ജനങ്ങളെ പറഞ്ഞ് മനസിലാക്കാൻ കോടിയേരിക്ക് അനിതരസാധാരണമായ കഴിവ് തന്നെയുണ്ടായിരുന്നു. സമകാലിക വിഷയങ്ങളെ പോലും ചരിത്രവുമായി കോർത്തിണക്കി സാധാരണക്കാരന് മനസിലാകുന്ന നിലയിൽ പ്രസംഗങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."