മഹാമാരിക്കാലത്തെ മഹാമേള
യു.എച്ച് സിദ്ദീഖ്
മഹാമാരിക്കാലത്തെ ലോക കായികമാമാങ്കത്തിന് ഇന്ന് കൊടിയേറുകയാണ്. 'വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ, ഒരുമിച്ച് ' എന്നതാണ് ഒളിംപിക്‌സിലെ പുതിയ മുദ്രാവാക്യം. കൊവിഡില്‍നിന്ന് ലോകത്തെ തിരിച്ചുകൊണ്ടുവരാന്‍ ഒരുമയുടെ അനിവാര്യത ഉയര്‍ത്തിയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) ഒളിംപിക്‌സ് സന്ദേശത്തില്‍ കാതലായ മാറ്റംവരുത്തിയത്. 1900ലെ രണ്ടാം പാരിസ് ഒളിംപിക്‌സിലാണ് 'സിറ്റിയസ് (വേഗത്തില്‍), ആള്‍ട്ടിയസ് (ഉയരത്തില്‍), ഫോര്‍ട്ടിയസ് (കരുത്തോടെ)' എന്ന മുദ്രാവാക്യം സ്വീകരിച്ചത്. ആധുനിക ഒളിംപിക്‌സിന്റെ പിതാവ് കുബര്‍ട്ടിന്‍ പ്രഭുവിന്റെ പരിചയക്കാരനായ ഫ്രഞ്ച് ഡോമിനിക്കന്‍ പാതിരിയില്‍നിന്ന് ലഭിച്ചതായിരുന്നു ഈ മൂന്ന് ലാറ്റിന്‍ വാക്കുകള്‍. ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. വിശ്വപോരില്‍ ഏറ്റവും മികച്ചവരായി വിജയസോപാനത്തില്‍ പതക്കങ്ങളുമായി കായികതാരങ്ങള്‍ നില്‍ക്കുമ്പോള്‍ ആരവങ്ങള്‍ ഉയരില്ല. ശൂന്യമായ ഗാലറിക്കു മുന്നിലാണ് കായികതാരങ്ങളുടെ പോരാട്ടം. കൊവിഡ് കാലത്ത് ഉയിര്‍പ്പിന്റെ സന്ദേശവുമായാണ് ഉദയസൂര്യന്റെ നാട്ടില്‍ 32ാമത് ഒളിംപിക്‌സ് അരങ്ങേറുന്നത്. ഉത്തര കൊറിയ ഒഴികെ 206 രാജ്യങ്ങളില്‍ നിന്നായി 11,000 കായികതാരങ്ങള്‍ 41 വേദികളില്‍ 33 ഇനങ്ങളിലായി 339 മത്സര വിഭാഗങ്ങളില്‍ ഏറ്റവും മികച്ചവരാകാന്‍ മത്സരിക്കുന്നു. കൊവിഡ് പശ്ചാത്തലം ഉയര്‍ത്തിയാണ് ഉത്തര കൊറിയയുടെ പിന്മാറ്റം.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ 2015ല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട റഷ്യ ഇത്തവണയും ഒളിംപിക്‌സിനു പുറത്താണ്. എങ്കിലും 27 റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് ന്യൂട്രല്‍ ഫ്‌ളാഗിന്റെ തണലില്‍ മത്സരിക്കാം. പലായനത്തിന്റെ നൊമ്പരങ്ങളുമായി 29 അംഗ അഭയാര്‍ഥി ടീമും പോരാട്ടത്തിനിറങ്ങുന്നുണ്ട്. ന്യൂസിലന്‍ഡിന്റെ ലൊറെല്‍ ഹുബ്ബാര്‍ഡ് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഒളിംപ്യനെന്ന നാമം ടോക്കിയോയില്‍ രേഖപ്പെടുത്തും. ഭാരോദ്വഹനത്തിലാണ് ഹുബ്ബാര്‍ഡ് മത്സരിക്കുക. കൊറോണ വൈറസിന്റെ കടന്നാക്രമണത്തില്‍ ലോകം ആടിയുലയുമ്പോള്‍ ആശങ്കകള്‍ക്കു നടുവില്‍ നിന്നാണ് അതിജീവനത്തിന്റെ സന്ദേശം ജപ്പാന്‍ ഒളിംപിക്‌സിലൂടെ നല്‍കുന്നത്.
നിലവില്‍ ടോക്കിയോയില്‍ അടിയന്തിരാവസ്ഥയാണ്. ഒരുവര്‍ഷം മുന്‍പ് നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് 2021ല്‍ യാഥാര്‍ഥ്യമാകുമ്പോഴും 'ടോക്കിയോ 2020' എന്ന പേര് മാറുന്നില്ല. ശക്തമായ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് ഒളിംപിക്‌സ് വില്ലേജിലും കൊവിഡ് കടന്നാക്രമണം നടത്തിക്കഴിഞ്ഞു. ഏതു പ്രതികൂല സ്ഥിതിയെയും നേരിട്ട് ഒളിംപിക്‌സ് പൂര്‍ത്തിയാക്കുമെന്ന ദൃഢനിശ്ചയത്തില്‍ തന്നെയാണ് ജപ്പാന്‍. പിന്തുണയുമായി ഐ.ഒ.സിയും കൂടെയുണ്ട്. അണുബോംബുകളുടെയും സുനാമിയുടെയും ഭൂകമ്പങ്ങളുടെയും സംഹാരതാണ്ഡവങ്ങള്‍ക്കു മീതെ അതിജീവനത്തിന്റെ ചരിത്രമെഴുതിയ ജപ്പാന്‍ കൊവിഡിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും വിശ്വമഹോത്സവത്തിനു തിരിതെളിയിക്കുകയാണ്. 1964ലെ ഒളിംപിക്‌സിനു വേദിയൊരുക്കിയ നഗരമായിരുന്നു ടോക്കിയോ. 56 വര്‍ഷത്തിനു ശേഷം വീണ്ടുമൊരിക്കല്‍ മഹാമാരിയുടെ കടന്നാക്രമണത്തിനുമപ്പുറം വിശ്വമഹോത്സവത്തെ യാഥാര്‍ഥ്യമാക്കുന്നു. നീലയും വെള്ളയും കലര്‍ന്ന 'മിറതോവ'യാണ് ഭാഗ്യചിഹ്നം. ഭാവി അനശ്വരം എന്ന രണ്ടു ജാപ്പനീസ് വാക്കുകളായ 'മിറ, തോവ' എന്നിവയുടെ സംയോജനം.
ഇന്ത്യയുടെ 100 വര്‍ഷങ്ങള്‍
വിശ്വമഹോത്സവത്തിന്റെ അഞ്ച് വളയങ്ങളെ ഇന്ത്യ ചേര്‍ത്തുപിടിച്ചിട്ട് ശതാബ്ദി പിന്നിട്ടു. ആന്‍വെര്‍പ് (ബെല്‍ജിയം) ആതിഥ്യമേകിയ 1920ലെ ഒളിംപിക്‌സിലാണ് ഇന്ത്യ ആദ്യമായി ആധുനിക ഒളിംപിക്‌സിന്റെ ഭാഗമാകുന്നത്. രാജ്യത്ത് ഒളിംപിക്‌സ് അസോസിയേഷന്‍ ഇല്ലാതിരുന്നിട്ടും ദൊറാബ്ജി ജംഷഡ്ജി ടാറ്റയോടുള്ള ബഹുമാന സൂചകമായി ഐ.ഒ.സി പങ്കാളിത്തം നല്‍കി. സ്വന്തം ചെലവില്‍ മൂന്ന് അത്‌ലറ്റുകളും രണ്ട് ഗുസ്തിക്കാരും ഉള്‍പ്പെടെ അഞ്ചു താരങ്ങളെയാണ് ജംഷഡ്ജി ടാറ്റ ബെല്‍ജിയത്തിലേക്ക് അയച്ചത്. 2020ല്‍ ഇന്ത്യ ശതാബ്ദിയില്‍ എത്തി. 136 കോടി ജനതയുടെ പ്രതീകങ്ങളായി ടോക്കിയോയിലേക്ക് 125 താരങ്ങളാണ് ടീം ഇനങ്ങളില്‍ ഉള്‍പ്പെടെ യോഗ്യത നേടിയത്. ഗ്ലാമര്‍ പോരാട്ടമായ അത്‌ലറ്റിക്‌സില്‍ 26 അംഗ സംഘം. അത്‌ലറ്റിക്‌സിലെ ഒരു മെഡല്‍ നേട്ടമെന്നത് നൂറ്റാണ്ട് കഴിയുമ്പോഴും സ്വപ്നം മാത്രമാണ്. ഷൂട്ടിങ്ങിലും ഗുസ്തിയിലും ബോക്‌സിങ്ങിലും ബാഡ്മിന്റണിലും ഹോക്കിയിലുമാണ് ഇത്തവണ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. പതക്കങ്ങളിലേക്ക് ലക്ഷ്യംതെറ്റാതെ നിറയൊഴിക്കാന്‍ കരുത്തുള്ള ഏറ്റവും മികച്ച താരനിരയാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍. പ്രചോദനവുമായി ഒളിംപിക്‌സില്‍ രാജ്യത്തിന്റെ ഏക വ്യക്തിഗത സുവര്‍ണ ജേതാവ് അഭിനവ് ബൃന്ദ കൂടെയുണ്ട്. അഞ്ജും മാദ്ഗില്‍, അപൂര്‍വി ചന്ദേല, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, മനു ഭാക്കര്‍, സൗരഭ് ചൗധരി, തേജസ്വിനി സാവന്ത് ഉള്‍പ്പെട്ട യുവനിര കരുത്തരാണ്. ഗുസ്തിയില്‍ ബജ്‌റങ് പൂനിയ, വിനേഷ് ഫോഗട്ട്, സോനമാലിക് എന്നിവരും.
അഞ്ചു പുരുഷന്മാരും നാലു വനിതളും ഉള്‍പ്പെടുന്ന ബോക്‌സിങ് കരുത്തരില്‍ മെഡല്‍ പ്രതീക്ഷകള്‍ മേരി കോമും വികാസ് കൃഷ്ണനുമാണ്. ലോകചാംപ്യന്‍ പി.വി സിന്ധുവിലാണ് ബാഡ്മിന്റണിലെ സുവര്‍ണ പ്രതീക്ഷ. ഇന്ത്യന്‍ ഹോക്കിയുടെ ഉയിര്‍പ്പും ടോക്കിയോയില്‍ പ്രതീക്ഷിക്കുന്നു. 1980നു ശേഷം ഒളിംപിക്‌സ് മെഡല്‍ ഇന്ത്യന്‍ ഹോക്കിയുടെ സ്വപ്നങ്ങള്‍ മാത്രമാണ്. എട്ടു തവണ ഒളിംപിക്‌സ് സ്വര്‍ണം നേടിയ ചരിത്രത്തിനു മീതെ ഇത്തവണ പതക്കം കൊണ്ടൊരു അടയാളപ്പെടുത്തല്‍ ഇന്ത്യയുടെ അതിയായ ആഗ്രഹമാണ്. കാഠിന്യമേറിയ ഗ്രൂപ്പ് ഘട്ടത്തെ തരണംചെയ്യാന്‍ പുരുഷ-വനിതാ ടീമുകള്‍ക്കു കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഉയരത്തിലേക്ക് പറക്കാം. അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയുടെ കുന്തമുനയിലാണ് പ്രതീക്ഷ. ജാവലിനില്‍ നീരജ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു തന്നെ വിശ്വസിക്കാം.
ഭാരോദ്വഹനത്തില്‍ മീര ബായ് ചാനുവും മെഡല്‍ നേടുമെന്ന് ആശിക്കാം. ലോക റെക്കോര്‍ഡ് തിരുത്തിയ ചരിത്രവുമായാണ് മീര ടോക്കിയോയില്‍ ഭാരം ഉയര്‍ത്തുക. ദീപിക കുമാരി ഉള്‍പ്പെട്ട ഇന്ത്യന്‍ അമ്പെയ്ത്ത് സംഘത്തിലും പ്രതീക്ഷയുണ്ട്. ലോക ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ ലക്ഷ്യത്തിലേക്കു തറച്ച അസ്ത്രത്തിന്റെ കരുത്തുമായാണ് അമ്പെയ്ത്ത് സംഘം ടോക്കിയോയില്‍ എത്തിയിരിക്കുന്നത്.
മലയാളിപ്പെരുമ
1924ല്‍ പാരിസില്‍ തുടക്കമിട്ടതാണ് ഒളിംപിക്‌സിലെ മലയാളിപ്പെരുമ. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച സി.കെ ലക്ഷ്മണനായിരുന്നു ചരിത്രത്തിലെ ആദ്യമലയാളി. ഹോക്കിയിലെ വെങ്കല നേട്ടത്തിലൂടെ മാനുവല്‍ ഫെഡ്രിക് 1972ല്‍ മ്യൂണിക്കില്‍ ചരിത്രം സൃഷ്ടിച്ചു. 28 അത്‌ലറ്റിക്‌സ് താരങ്ങള്‍ അടക്കം റിയോ ഒളിംപിക്‌സ് വരെ പങ്കെടുത്ത ആകെ മലയാളികളുടെ സംഖ്യ 45.
2016 റിയോയില്‍ ഒളിംപ്യന്മാരാവാന്‍ എത്തിയത് പത്തു പേര്‍. ടോക്കിയോയില്‍ എത്തുമ്പോള്‍ ഒന്‍പതായി ചുരുങ്ങി. ഇവരില്‍ ഒരാള്‍ ഡല്‍ഹി മലയാളിയും. ഇത്തവണ ഒരു മലയാളി വനിതയും കേരളത്തില്‍നിന്ന് പങ്കെടുക്കുന്നില്ല. 1980ല്‍ പി.ടി ഉഷയിലൂടെ ഒളിംപിക്‌സില്‍ സാന്നിധ്യം അറിയിച്ചുതുടങ്ങിയതാണ് നമ്മുടെ വനിതകള്‍. നാല് ഒളിംപിക്‌സില്‍ പങ്കെടുത്ത ഷൈനി വിത്സന്‍ അടക്കം ഇതുവരെ 18 വനിതകള്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ കേരളത്തിന്റെ അഭിമാന താരകങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."