അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ലഹരി മാഫിയ മറയാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ടൂറിസ്റ്റ് ബസുകൾ
സ്വന്തം ലേഖകൻ
കൊച്ചി • അസമിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ മാരകമയക്കുമരുന്ന് നിർബാധം ഒഴുകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി അസമിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വഴിയാണ് തൊഴിലാളികൾക്കൊപ്പം മയക്കുമരുന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.
മാരക രാസലഹരികളായ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ചെറിയ പാക്കുകളിലായി ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കൽ ഏൽപ്പിക്കുകയാണ് മാഫിയാ സംഘങ്ങൾ ചെയ്യുന്നത്. കേരളത്തിൽ എത്തുന്നതോടെ ഇത് ഒരുമിച്ചാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റും. മൂന്നര ദിവസം എടുത്താണ് അസമിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റ് ബസുകൾ ഓടിയെത്തുന്നത്. ഒരാൾക്ക് 1,800 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ മയക്കുമരുന്ന് കാരിയർമാർക്ക് യാത്ര സൗജന്യമാണ്. പരിശോധന പോയിന്റുകളിൽ കേരളത്തിലെയും അസമിലെയും ലഹരി മാഫിയാ സംഘങ്ങൾക്ക് സ്വാധീനവും ഉണ്ട്. എവിടെയെങ്കിലും വച്ച് പൊലിസ് പിടിച്ചാൽ പണവും സ്വാധീനവും ഉപയോഗിച്ച് പെറ്റികേസാക്കി തലയൂരുകയാണ് ഇത്തരക്കാർ ചെയ്തു വരുന്നത്. കോടികളുടെ മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ വൻശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിൻ്റെ വിവധ ഭാഗങ്ങളിലേക്ക് ലഹരി ഒഴുകുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അസം. ദിവസവും പൊലിസ് വലയിൽ കുടുങ്ങുന്ന കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് അധികൃതർ തന്നെ നശിപ്പിച്ചു കളയുന്നുണ്ടെന്ന് അവിടെ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
എറണാകുളം ജില്ലയിൽ നിന്ന് മാത്രമായി ദിനേന നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകളാണ് അസമിലേക്ക് തിരിക്കുന്നത്. നേരത്തേ ട്രെയിനുകൾ വഴിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. എന്നാൽ ആർ.പി.എഫിന്റെയും പൊലിസിന്റെ കർശന പരിശോധനമൂലം ടൂറിസ്റ്റ് ബസുകളിലേക്ക് ഇത്തരം സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അസമിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെടുന്ന പല ബസുകളും പൊലിസ് നിരീക്ഷണത്തിലാണ്. ലഹരിക്കടത്തു സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും സംഘട്ടങ്ങളുമൊക്കെ അസമിൽ പതിവാണെന്നും പൊലിസ് പറയുന്നു. അസമിലെ ലഹരിക്കടത്ത് സംഘങ്ങളുടെ കുടിപ്പക മൂലം കേരളത്തിൽ നിന്നെത്തിയ ബസുകൾ അവിടെ വച്ച് തകർത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."