പെഗാസസ് എ.കെ ശശീന്ദ്രനെ കണ്ടിട്ടുണ്ടാവില്ല
സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് തന്റെ ഭാഗം വിശദീകരിക്കുകയുണ്ടായി. ജാഗ്രത പാലിക്കണമെന്നായിരുന്നുവത്രേ മുഖ്യമന്ത്രി ശശീന്ദ്രനെ ഉപദേശിച്ചത്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും എ.കെ ശശീന്ദ്രനോട് ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം ഗതാഗത മന്ത്രിയായിരുന്നപ്പോഴും ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയായിരിക്കുമ്പോഴും വകുപ്പുകളില്‍ കാണിച്ച ജാഗ്രതയേക്കാള്‍ സ്ത്രീപീഡന വിഷയങ്ങളില്‍ ജാഗ്രത കാണിച്ചതാണ്. അതുകൊണ്ടാണല്ലോ രണ്ടാം തവണയും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴുണ്ടായ സ്ത്രീപീഡന വിഷയത്തില്‍ മറ്റൊരു അധ്യായം എഴുതിത്തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.
ജാഗ്രത പാലിക്കുന്നതില്‍ മന്ത്രി ശശീന്ദ്രന്‍ മുന്‍നിരയില്‍ തന്നെയാണെന്ന്, സി.പി.എം നേതൃത്വം മനസിലാക്കിയതുകൊണ്ടായിരിക്കും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ടാകുക. ഇങ്ങനെ സ്ത്രീവിഷയങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മന്ത്രിയെക്കുറിച്ചും അയാളുടെ ഫോണ്‍ വിളികളെക്കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധരായ പെഗാസസ് അറിയാതെപോയത് അത്ഭുതകരം തന്നെ. അറിഞ്ഞിരുന്നുവെങ്കില്‍ മന്ത്രിയുടെ എത്രയെത്ര പൂച്ചക്കഥകള്‍ കേന്ദ്രസര്‍ക്കാരിനു കിട്ടുമായിരുന്നു.
മൂന്നാംതവണയും ഇടതുമുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീപീഡന വിഷയത്തില്‍ എ.കെ ശശീന്ദ്രന്‍ മൂന്നാംഅധ്യായം എഴുതിച്ചേര്‍ക്കുന്നത് പെഗാസസ് അറിയുമായിരിക്കും. അന്ന് അറിയപ്പെടാത്ത ഫോണ്‍ വിളികളുടെ വിശദവിവരങ്ങള്‍ ലഭിക്കുമായിരിക്കും. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച തണുത്തവെള്ളം കണ്ടാലും ഓടിപ്പോകുമെന്ന പഴഞ്ചൊല്ല് എ.കെ ശശീന്ദ്രന്‍ മന്ത്രി തിരുത്തിയിരിക്കുകയാണ്. ചൂടുവെള്ളമല്ല, തിളയ്ക്കുന്ന വെള്ളം കണ്ടാലും എ.കെ ശശീന്ദ്രനുള്ളിലെ പൂച്ച ഇനിയും ചാടും. പൂച്ചകളോട് അദ്ദേഹത്തിന് അപാര സ്‌നേഹമാണെന്ന് 2017ലെ ഇടതു മന്ത്രിസഭയില്‍ അംഗമായിരിക്കെ പുറംലോകം അറിഞ്ഞതാണ്. അതുപോലെ, കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്ന പഴഞ്ചൊല്ലും മന്ത്രി ശശീന്ദ്രന്‍ തിരുത്തി. കണ്ടാലും കൊണ്ടാലും അറിയാത്തവനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ് കുണ്ടറ സംഭവത്തിലൂടെ.
കൊല്ലം കുണ്ടറയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട പരാതിയിലാണ് മന്ത്രി ഇത്തവണ ഇടപെട്ടത്. എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജി. പത്മാകരന്‍ തന്റെ ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും കൈയില്‍ കടന്നുപിടിക്കുകയും ചെയ്ത കേസിലാണ് മന്ത്രി ശശീന്ദ്രന്‍ സ്വതസിദ്ധമായ താല്‍പര്യത്തോടെ ഇടപെട്ടത്. എന്‍.സി.പി പ്രാദേശിക നേതാവായ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചുകൊണ്ടാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. മന്ത്രിയുടെ പാര്‍ട്ടിയിലെ പ്രാദേശിക നേതാവിന്റെ മകളുടെ കൈയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ ജി. പത്മാകരന്‍ കയറിപ്പിടിച്ചത് നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി പറഞ്ഞത്. തന്റെ മകളുടെ കൈയില്‍ കയറിപ്പിടിച്ചു നടത്തിയ പീഡനശ്രമം നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്നതിന്റെ അര്‍ഥം തനിക്കു മനസിലാകുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നുണ്ട്. ഇതു പാര്‍ട്ടി വിഷയമാണെന്നായിരുന്നു മന്ത്രി ശശീന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ഈ ഗണത്തില്‍പെടുന്നതാണ് എന്‍.സി.പിയുടെ പാര്‍ട്ടി വിഷയങ്ങളെങ്കില്‍, പാര്‍ട്ടി പ്രവര്‍ത്തനമെങ്കില്‍ രണ്ട് എം.എല്‍.എമാരില്‍നിന്നും ഉയരാനുള്ള എല്ലാ സാധ്യതയും പാര്‍ട്ടിക്കുണ്ട്.
പീഡന പരാതിയില്‍നിന്നു പിന്മാറാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനോട് പച്ചയ്ക്കു പറഞ്ഞ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട്. ഇതിന്റെ തൊട്ടുമുന്‍പത്തെ ദിവസമാണ് പിങ്ക് പൊലിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും മുഖ്യമന്ത്രി ഘോരഘോരം പ്രസംഗിച്ചത് എന്നു മറക്കരുത്. എന്നിട്ടാണിപ്പോള്‍ രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിയുടെ വിഴുപ്പുഭാണ്ഡത്തെ മുഖ്യമന്ത്രി ചുമക്കുന്നത്. കളയരുതോ ഈ വിഴുപ്പുഭാണ്ഡത്തെ ഇടതുസര്‍ക്കാരിന്. ഒരു മിസ്ഡ് കോളില്‍ സ്ത്രീപീഡന പരാതിയെക്കുറിച്ച് പൊലിസ് കേസെടുത്തിരിക്കുമെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ്. മിസ്ഡ് കോള്‍ അല്ലാതെ നേരിട്ടുചെന്ന് ജൂണ്‍ 28നു കുണ്ടറ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ പരിഹസിച്ച് തിരിച്ചയക്കുകയല്ലാതെ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് കേസെടുത്തില്ല. പരാതിക്കാരിയുടെ മൊഴി എടുത്തില്ല. ജില്ലാ പൊലിസ് മേധാവിയോട് പരാതിപ്പെട്ടിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തപ്പോള്‍ മാത്രമാണ് കഴിഞ്ഞ ചൊവ്വാഴ്ച പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീസുരക്ഷയും ശാക്തീകരണവും മുദ്രാവാക്യമായി എടുത്ത സര്‍ക്കാരിനു കീഴില്‍ തുടരുന്ന എ.കെ ശശീന്ദ്രന്‍ എന്തുകൊണ്ടാണ് ഈ സര്‍ക്കാരിന് അപമാനമായിത്തീരാത്തത്. പക്ഷേ, കേരളീയ പൊതുസമൂഹത്തിന് അപമാനമാണ് ഈ മന്ത്രി. തനിക്കൊപ്പം യുവതി കാറില്‍ സഞ്ചരിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനവും തുടര്‍ന്ന് പാര്‍ട്ടിയും ത്യജിച്ചയാളായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി ചാക്കോ. മന്ത്രിയുടെ കാറില്‍ യുവതിയുടെ അച്ഛനും ഡ്രൈവറും ഉണ്ടായിരുന്നുവെന്ന സത്യം തമസ്‌കരിക്കപ്പെട്ടു. അതൊരു ചതിയായിരുന്നിട്ടുപോലും രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച നേതാവായിരുന്നു പി.ടി ചാക്കോ. സദാചാര നിഷ്ഠയും ധാര്‍മികമൂല്യങ്ങളും മുറുകെപ്പിടിച്ച രാഷ്ട്രീയ നേതാക്കളായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇതിനാല്‍തന്നെ ബോധപൂര്‍വം അഴിച്ചുവിട്ട അപവാദങ്ങളെത്തുടര്‍ന്ന് എത്രയോ സമുന്നതരായ രാഷ്ടീയനേതാക്കള്‍ക്ക് രാഷ്ട്രീയ വനവാസത്തിലേക്കു പോകേണ്ടിവന്നിട്ടുണ്ട്. അത്തരം രാഷ്ട്രീയനേതാക്കളുടെ കാലം കഴിഞ്ഞുപോയി എന്നാണ് ശശീന്ദ്രന്‍ സംഭവം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. തെളിവുകള്‍ ഉണ്ടായാല്‍ പോലും പുറത്താക്കാതെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രിമാരാണ് ഇന്നുള്ളത്. മന്ത്രിസഭാ സാരഥിയുടെ ജാഗ്രതാ ഉപദേശത്തില്‍ ഒതുങ്ങുന്നു ഈ കാലത്തെ ശശിമാരുടെ വിളയാട്ടങ്ങള്‍.
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിച്ചത്. അപ്പോഴൊക്കെ കുണ്ടറയിലെ പെണ്‍കുട്ടിയുടെ പീഡന പരാതിക്കുമേല്‍ അടയിരിക്കുകയായിരുന്നു കുണ്ടറ പൊലിസ്.
കഴിഞ്ഞ ഇടതു ഭരണകാലത്ത് മന്ത്രി എ.കെ ശശീന്ദ്രന്‍ പൂച്ചക്കുട്ടീ എന്നു വിളിച്ച് യുവതിയെ നിരന്തരം ശല്യം ചെയ്തപ്പോഴാണ് അവര്‍ പരാതി നല്‍കിയത്. അതൊരു ഫോണ്‍ കെണിയായിരുന്നുവെന്ന വ്യാഖ്യാനത്തെത്തുടര്‍ന്ന് രാജിവച്ചൊഴിഞ്ഞിരുന്ന മന്ത്രി ശശീന്ദ്രന്‍ വൈകാതെ മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. ഫോണ്‍ കെണിയാണോ അല്ലയോ എന്നതായിരുന്നില്ല പ്രശ്‌നം. മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്ത് നിലവിട്ട് ഒരു പെണ്‍കുട്ടിയോട് പെരുമാറിയോ എന്നതായിരുന്നു കാതലായ ചോദ്യം. ഒരു സ്ത്രീയെ പതിനാല് സെക്കന്‍ഡിലധികം നോക്കിയാല്‍ അതു പീഡനക്കുറ്റമാകുന്ന നിയമമുള്ള നാട്ടില്‍ മന്ത്രി ശശീന്ദ്രന് അന്നത് ബാധകമായില്ല. അന്ന് മന്ത്രി എ.കെ ശശീന്ദ്രനെ തിരിച്ചെടുത്തില്ലായിരുന്നെങ്കില്‍ വീണ്ടും ഈ വിഴുപ്പ് ഇടതുസര്‍ക്കാരിന് ചുമക്കേണ്ടിവരില്ലായിരുന്നു. ഒരു ഭരണാധികാരി ഒരു പ്രജയോട് പാലിക്കേണ്ട മര്യാദയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ അന്ന് ഒരു യുവതിയോട് ലംഘിച്ചതെന്ന് ഭരണകൂടം ഓര്‍ക്കാതെ പോയി.
ഒരുവശത്ത് സ്ത്രീസുരക്ഷയ്ക്കായി പലവിധ പദ്ധതികള്‍ ഒരുക്കുന്ന സര്‍ക്കാര്‍. അപരാജിത വെബ്‌സൈറ്റ്, പിങ്ക് പൊലിസ് എന്നീ സന്നാഹങ്ങള്‍ അവയില്‍ ചിലതു മാത്രം. ഇപ്പുറത്താകട്ടെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് എല്ലാം തച്ചുടക്കാന്‍ കാത്തുനില്‍ക്കുന്ന മന്ത്രിമാരും. അവര്‍ക്ക് ജാഗ്രതാ സാരോപദേശം നല്‍കുന്ന ഭരണത്തലവന്മാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."