സി.പി.എം തിടമ്പുനൃത്തം: പ്രതിഷേധം വ്യാപകം
തളിപ്പറമ്പ്: ബക്കളത്ത് സി. പി.എം സാംസ്‌കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പുനൃത്തം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. പ്രശസ്തമായ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശ്വാസ പ്രകാരം ഏറെ ആചാരാനുഷ്ഠാനത്തോടെ നടത്തുന്ന തിടമ്പുനൃത്തം കേവലം കലാരൂപമായി തെരുവില്‍ അവതരിപ്പിച്ചതിനെതിരെ വിശ്വാസികള്‍ രംഗത്തെത്തി. ടി.ടി.കെ ദേവസ്വം ബോര്‍ഡ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സംഭവത്തെ അപലപിച്ചു. തിടമ്പുനൃത്തത്തെ വികലമായ രീതിയില്‍ അവതരിപ്പിച്ച നടപടി ക്ഷേത്രത്തെയും വിശ്വാസികളെയും ഏറെ വേദനിപ്പിച്ചെന്നു യോഗം വിലയിരുത്തി. ഇതിനെതിരെ നിയമ നടപടി ആലോചിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നടപടി പ്രതിഷേധാര്‍ഹമെന്ന് പെരുംചെല്ലൂര്‍ പെരുംതൃക്കോവിലപ്പന്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബില്‍ സൊസൈറ്റി പറഞ്ഞു. പ്രശ്‌നത്തില്‍ ക്ഷേത്ര വിശ്വാസികളോട് സി.പി.എം മാപ്പ് പറയണമെന്ന് തൃച്ചംബരം പൂന്താനം ഹാളില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സി.പി.എം നടപടി ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള അവഹേളനമാമെന്ന് അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. അചാരാനുഷ്ഠാനങ്ങള്‍ക്ക് നേര്‍ക്കുള്ള ഇത്തരം വെല്ലുവിളികള്‍ തീര്‍ത്തും അപലപനീയമാണെന്ന് കണ്ണൂര്‍ തന്ത്രിസമാജം ആസ്ഥാനത്ത് ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തളിപ്പറമ്പ് താലൂക്ക് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി പി മോഹന കൃഷ്ണന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് പൊലിസിന് ലഭിച്ച നിയമോപദേശമെന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."