കാലടി സര്‍വ്വകലാശാലയില്‍ പേപ്പറുകള്‍ കാണാതായിട്ട് പത്ത് ദിവസം; പരിഹാരം കണ്ടെത്താതെ അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി.ജി സംസ്‌കൃത സാഹിത്യത്തിലെ പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിന് തടസമാകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പരീക്ഷ പേപ്പര്‍ കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായിരിക്കുന്നത്.
62 വിദ്യാര്‍ത്ഥികളുടെ പേപ്പറുകളാണ് ഇങ്ങനെ കാണാതായിരിക്കുന്നത്. ഈ പേപ്പറുകളുടെ മാര്‍ക്കുകള്‍ കൂട്ടിയിട്ട് വേണം അവസാന വര്‍ഷ റിസല്‍റ്റ് പ്രഖ്യാപിക്കുവാന്‍.
ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെ വൈസ് ചാന്‍സിലറുടെ മുറിയിലേക്ക് കയറ്റി വിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിഷയത്തില്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പരീക്ഷാ മൂല്യനിര്‍ണയ ചെയര്‍മാന്‍ ഡോ. കെ എ സംഗമേശനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തക്കുറിച്ചന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം പൊലിസ് അന്വേഷണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."