കോണ്‍ഗ്രസ് പുനഃസംഘടന: ഹൈക്കമാന്‍ഡ് സംഘത്തിന്റെ വരവ് അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയില്‍ ഹൈക്കമാന്‍ഡ് ഇടപെടലിനെതിരേ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചതോടെ ഭാരവാഹികളെ കണ്ടെത്താന്‍ എ.ഐ.സി.സിയുടെ മൂന്ന് നേതാക്കള്‍ വരുന്ന കാര്യം അനിശ്ചിതത്വത്തില്‍. മുമ്പ് ഡി.സി.സി പുന:സംഘടന ഉണ്ടായപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഹൈക്കമാന്‍ഡ് എന്ന പേരില്‍ കെ.സി വേണുഗോപാല്‍ തന്റെ താല്‍പര്യങ്ങള്‍ നടപ്പാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.
ഈ പുന:സംഘടനയിലും അങ്ങനെയുണ്ടാകുമെന്നാണ് അവരുടെ വാദം. ഇതിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനില്‍നിന്നും അനുകൂല പ്രതികരണമുണ്ടായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇതോടെ എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പി.വി മോഹനന്‍ എന്നിവര്‍ സംസ്ഥാനത്തെത്തി ജില്ലകളില്‍ പര്യടനം നടത്തി നേതൃസ്ഥാനത്തേക്കുള്ളവരെ കണ്ടെത്താനുള്ള നീക്കമാണ് തടസപ്പെട്ടത്.
ഇവിടെത്തന്നെ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഇതിനെതിരേ ഹൈക്കമാന്‍ഡ് നിലപാടെടുത്താല്‍ മാത്രമേ മറ്റൊരു തീരുമാനമുണ്ടാകൂ. ഓഗസ്റ്റ് ആദ്യം കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ നിയമനം നടത്താനാണ് ശ്രമം. ഇതിനു മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് ജില്ലകളില്‍ പര്യടനം നടത്തും. എന്നാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകുന്നപക്ഷം കോണ്‍ഗ്രസിലെ പുന:സംഘടന ഇനിയും അനിശ്ചിതമായി നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."