'ഞങ്ങളാരാണെന്ന് ജനങ്ങള്‍ക്കറിയില്ലേ?'; നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍
'ഞങ്ങളാരാണെന്ന് ജനങ്ങള്‍ക്കറിയില്ലേ?'; നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന ടി.ജെ നന്ദകുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നന്ദകുമാറിന് താന്‍ മറുപടി പറയണോ? ഞങ്ങളാരാണെന്ന് ജനങ്ങള്‍ക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. ഇനിയും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കട്ടെ. ഈ വിഷയം കത്തിനില്‍ക്കണമെന്ന് ഭരണപക്ഷമാണ് ആഗ്രഹിക്കുന്നത്. ഏത് രൂപത്തിലാണ് നന്ദകുമാര്‍ പറയുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് പറയുമ്പോള്‍ പറഞ്ഞതായിരിക്കാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശത്രുക്കള്‍ക്ക് ആയുധമുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറല്ല. സ്‌കൂള്‍ കാലം മുതല്‍ മരിക്കുന്നതുവരെ ഉമ്മന്‍ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാന്‍. സെക്രട്ടറിയേറ്റ് വളഞ്ഞ അന്ന് രാവിലെ ഉമ്മന്‍ചാണ്ടി എന്നെ വിളിക്കുകയും ഞങ്ങള്‍ ഒരുമിച്ച് സെക്രട്ടറിയേറ്റിലേക്ക് പോകുകയും ചെയ്തവരാണ് അത് ആത്മബന്ധമാണ്. അതിന് ചെറിയ വീഴ്ച്ച പോലും വരുത്താന്‍ ഇടവരുത്തിയിട്ടില്ല.
മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാവണമെന്ന് ചെന്നിത്തല ആഗ്രഹിക്കും എന്ന് വിശ്വാസമില്ല. ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ല. കെസി ജോസഫിനുള്ള മറുപടി പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടപടി അനിശ്ചിതമായി നീളുന്നെങ്കില്‍ അപ്പോള്‍ പ്രതികരിക്കാം. കെസി ജോസഫ് പറഞ്ഞതിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."