പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും രണ്ടുനിയമം പറ്റില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: പണക്കാര്‍ക്കും ശക്തരായവര്‍ക്കും ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമെന്ന സംവിധാനം സാധ്യമല്ലെന്ന് സുപ്രിംകോടതി. സമാന്തര നിയമസംവിധാനങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയെ തകര്‍ക്കുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതക കേസിലെ പ്രതി ഗോവിന്ദ് സിങ് പരിഹാറിന്റെ ജാമ്യം റദ്ദാക്കിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ബി.എസ്.പി എം.എല്‍.യുടെ ഭര്‍ത്താവായ ഗോവിന്ദ് സിങിനെ സംരക്ഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരും പൊലിസും ശ്രമിക്കുന്നതായും കോടതി വ്യക്തമാക്കി.
ഭയാനകമായ സാഹചര്യങ്ങളിലാണ് പലപ്പോഴും ജില്ലാ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ചൗരസ്യയുടെ കൊലപാതകക്കേസില്‍ വാദം കേട്ട അഡിഷണല്‍ സെഷന്‍സ് ജഡ്ജി, തനിക്ക് ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുപോലും കണക്കിലെടുക്കാതെയാണ് മധ്യപ്രദേശ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി. കീഴ്‌ക്കോടതികളോടുള്ള കൊളോണിയല്‍ മനോഭാവം മാറണം. ജില്ലാ കോടതികള്‍ മുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രമം ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. കൊലക്കേസ് അന്വേഷിക്കുന്നതില്‍ പൊലിസ് നിന്ദ്യമായി പരാജയപ്പെട്ടു. അറസ്റ്റ് വാറന്‍ഡുണ്ടായിട്ടും മേല്‍ക്കോടതി ഇടപെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
പ്രതിയുടെ ഭര്‍ത്താവ് എം.എല്‍.എ ആണെന്ന ഒറ്റക്കാരണത്താലാണിത്. ഗോവിന്ദ് സിങിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഭീഷണി സംബന്ധിച്ചുള്ള വിചാരണക്കോടതി ജഡ്ജിയുടെ പരാതി പരിശോധിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."