നഷ്ടപ്പെട്ട പ്രതിച്ഛായ ഇന്ത്യ വീണ്ടെടുക്കണം
മനുഷ്യാവകാശ പ്രവർത്തകരെയും പരിസ്ഥിതി പ്രവർത്തകരെയും അർബൻ നക്‌സലുകൾ എന്ന മുദ്രകുത്തി ജയിലിലടക്കുന്നത് രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, 1969) ചുമത്തപ്പെട്ട് ഇവരിൽ പലരും ജാമ്യം പോലുമില്ലാതെ ജയിലറകളിൽ നരകിച്ചു കൊണ്ടിരിക്കുന്നു. കടലും കരയും കോർപറേറ്റുകൾക്ക് വിൽക്കപ്പെടുമ്പോൾ ആവാസവ്യവസ്ഥ താളം തെറ്റുകയാണ്. ആദിവാസി ഭൂമിയും വനഭൂമിയും കോർപറേറ്റുകൾ കൈയേറുകയും ആദിവാസികളെ ആട്ടിപ്പായിക്കുകയും ചെയ്യുന്നു. വനമേഖലയിൽ വൻതോതിൽ ഖനനം നടത്താനാണ് കോർപറേറ്റുകൾ ആദിവാസി ഭൂമി തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ പ്രതിരോധം തീർക്കുന്ന പരിസ്ഥിതി പ്രവർത്തകരെ അർബൻ നക്‌സൽ എന്ന മുദ്രകുത്തി ജയിലിലടക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുപിടിക്കാനുള്ള ഉപായമാണ് അർബൻ നക്‌സൽ എന്ന മുദ്ര ചാർത്തൽ.
തടവിലാക്കപ്പെടുന്നവരിൽ ഏറെ പേരും വിചാരണയില്ലാതെ വർഷങ്ങളാണ് ജയിലറകളിൽ കഴിയുന്നത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ, പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ എന്നിവയുടെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം തടവുകാരിൽ 7.1 ശതമാനം പേരും വിചാരണയില്ലാതെ ജയിലുകളിൽ കഴിയുന്നവരാണ്. യു.എ. പി.എ ചുമത്തപ്പെട്ടവരിൽ 22.2 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാരിൽ 38 ശതമാനത്തിലധികം പേരും ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് മറ്റൊരു വിവരം. 2021 അവസാനത്തിലെ കണക്കു പ്രകാരം പത്തു വർഷം കൊണ്ട് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ഒ.ബി.സി വിഭാഗക്കാരുടെ എണ്ണം പത്തു ശതമാനത്തോളം വർധിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ യു.എ.പി.എ ചുമത്തപ്പെട്ട കേസുകൾ ഇരുനൂറിനടുത്ത് വരും. വിചാരണ കൂടാതെ തടവിലിടാമെന്ന സൗകര്യം വിയോജിക്കുന്നവർക്കെതിരേ ഭരണകൂടം ദുരുപയോഗം ചെയ്യുന്നു. കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി, അല്ലെങ്കിൽ സംശയമുള്ള ഏതൊരാളെയും തെളിവുകൾ പോലുമില്ലാതെ അറസ്റ്റ് ചെയ്യാമെന്നതാണ് യു.എ.പി.എയുടെ ഒരു ക്രൂരവശം. 2008ലെയും 2019ലെയും ഭേദഗതിയിലൂടെ വ്യക്തികളെ പോലും ഭീകരവാദികളായികണ്ട് അറസ്റ്റ് ചെയ്യാമെന്നത് ഈ നിയമത്തിന്റെ മറ്റൊരു ബീഭൽസമുഖമാണ്.
ഇന്ത്യയിൽ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളത്തിന്റെ സ്ഥാനം. യു.പി.എ ഭരണകാലത്ത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, ഒരുവർഷം 13 യു.എ.പി.എ കേസുകളാണ് ചുമത്തിയിരുന്നതെങ്കിൽ എൻ.ഡി.എ അധികാരത്തിൽ വന്നതിനെ തുടർന്ന് പ്രതിവർഷം യു.എ.പി.എ ചുമത്തപ്പെടുന്നവരുടെ എണ്ണം 34 ആയി വർധിച്ചു. ഇതിൽ 41 ശതമാനം കേസുകളും എൻ.ഐ.എ സ്വമേധയാ എടുത്ത കേസുകളാണെന്ന് എൻ.ഐ.എയുടെ വെബ്‌സെറ്റിൽ തന്നെ പറയുന്നുണ്ട്.
യു.എ.പി.എയ്ക്ക് സി.പി.എം ദേശീയതലത്തിൽ എതിരാണെന്നത് അവരുടെ പ്രഖ്യാപിത നയമാണ്. എന്നാൽ രൂപേഷ് എന്ന മാവോയിസ്റ്റ് നേതാവിനെതിരേയും വിദ്യാർഥികളായ അലൻ ശുഹൈബിനെതിരേയും ത്വാഹ ഫസലിനെതിരേയും യു.എ.പി.എ കുറ്റം ചുമത്തി ജയിലിലടച്ചത് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി സർക്കാരാണ്. യു.എ.പി.എയ്ക്കെതിരേ കേരളത്തിൽ ചൂടേറിയ ചർച്ച നടക്കുമ്പോഴും ഇരകളുടെ കാര്യത്തിൽ കടുത്ത വിവേചനം നടക്കുന്നുവെന്നത് കാണാതിരുന്നുകൂടാ.
ഗാന്ധിജയന്തി ദിനത്തിൽ ന്യൂയോർക്ക് ടൈംസിൽ തുറന്ന കത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്ത ആഗോള ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. 2002നു ശേഷം ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ കക്ഷികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷത്തിനു നേരെ ആക്രമണം വർധിച്ചു വരികയാണെന്നാണ് അമേരിക്കയിലെ വിവിധ സംഘടനകൾ സംയുക്തമായി എഴുതിയ ഈ കത്തിൽ പറയുന്നത്. ഇന്ത്യയിൽ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദലിതർ എന്നീ വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നു. അവരുടെ വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തകർക്കപ്പെടുകയും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുകയും സർക്കാർ നിയമവിരുദ്ധമായി ന്യൂനപക്ഷങ്ങളുടെ വീടുകളും മറ്റും കൈവശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തുറന്ന കത്തിൽ വിശദമായി പറയുന്നുണ്ട്.
ഇതോടൊപ്പം തന്നെ മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. 1993 സെപ്റ്റംബർ 28നാണ് ഇന്ത്യൻ പാർലമെന്റ് മനുഷ്യാവകാശനിയമം പാസാക്കിയത്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് നിയമം വന്നതിനു ശേഷവും ഒരു കുറവുമുണ്ടായില്ല. പൗരാവകാശ സംഘടനയായ പി.യു.സി.എൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് ഭരണകൂട ഭീകരതയ്ക്കിരയായി ജയിലുകളിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ദുരിത ജീവിതത്തിന്റെ നേർപകർപ്പും കൂടിയാണ്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ 8,371 പേർ യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായി വിചാരണയില്ലാതെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അമേരിക്ക സന്ദർശിക്കവെ, അവരെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുറന്നടിച്ചത്. ഇന്ത്യയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ യു.എസ് നിരീക്ഷിച്ചു വരികയാണെന്ന് രണ്ട് കേന്ദ്രമന്ത്രിമാരെയും ബ്ലിങ്കൻ ഓർമിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ സംഘ്പരിവാർ മുസ്‌ലിം വിഭാഗത്തെ വേട്ടയാടുകയാണെന്ന വികാരം ഡെമോക്രാറ്റിക് അംഗങ്ങളിൽ ശക്തമാണ്. ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഇൽഹാൻ ഒമർ ഈ വികാരം പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി അമേരിക്കയുടെ നിലപാട് രണ്ടു കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തിയത്.
ഇപ്പോഴിതാ യു.എസിലെ വിവിധ സംഘടനകൾ സംയുക്തമായി ഇന്ത്യയിലെ വിവേചനത്തിനെതിരേ ന്യൂയോർക്ക് ടൈംസിൽ തുറന്ന കത്തെഴുതി പ്രതിഷേധിച്ചിരിക്കുന്നു. ഈ തുറന്ന കത്ത് കാലത്തിന്റെ ചുവരെഴുത്താണെന്ന് മനസിലാക്കി ഇന്ത്യയിൽ ഭരണകൂടങ്ങളുടെ പിന്തുണയോടെ സംഘ്പരിവാർ ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും ഭരണകൂടങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വിവേചനവും അവസാനിപ്പിക്കുന്നതായിരിക്കും ഇന്ത്യയുടെ പുരോഗതിക്ക് അനുഗുണമായിത്തീരുക. അതിലൂടെ മാത്രമേ ലോകരാഷ്ട്രങ്ങൾക്കിടയിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."