മേധാപട്ക്കര്‍ എത്തുന്നു: പ്ലാച്ചിമട രണ്ടാംഘട്ട സമരം ദേശീയതലത്തിലേക്ക്
വി.എം.ഷണ്‍മുഖദാസ്
പാലക്കാട് • പ്ലാച്ചിമടയിലെ ജനതക്ക് നഷ്ടപരിഹാരം നല്‍കാതെ മുങ്ങിയ കൊക്കകോളകമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവർക്കെതിരെ രണ്ടാംഘട്ടസമരം തുടങ്ങി അമ്പതു ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിനു മൗനം.
ഈ സാഹചര്യത്തില്‍ സമരം ദേശീയതലത്തിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി. ഇന്ന് മേധാപട്ക്കറും, ഖനി മാഫിയക്കെതിരേ സന്ധിയില്ലാസമരം നടത്തുന്ന പ്രഫുല്ല സാമന്തറായും പ്ലാച്ചിമടയില്‍ എത്തും. ആഗസ്റ്റ് പതിനഞ്ചിനാണ് രണ്ടാംഘട്ട സത്യഗ്രഹസമരം ആരംഭിച്ചത്. കുട്ടികളും,സ്ത്രീകളും ഉള്‍പ്പെടെ സത്യഗ്രഹം നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ സമരത്തെ തിരിഞ്ഞുനോക്കിയിട്ടില്ല.
പ്രകടനപത്രികയില്‍ ഇടതുമുന്നണി പ്ലാച്ചിമട ജനതക്കുണ്ടായ നഷ്ടപരിഹാരം കൊക്കോകോള കമ്പനിയിൽ നിന്നും ഈടാക്കാന്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ല് അവതരിപ്പിച്ചു നഷ്ടപരിഹാരം വാങ്ങിനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നിയമമന്ത്രിയായിരുന്ന എ.കെ.ബാലന്‍ മുന്‍കൈയെടുത്ത് സമരക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നുമാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാൽ ആറ് വര്‍ഷംകഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ട്രൈബ്യൂണല്‍ ബില്‍ സര്‍ക്കാര്‍ കോളകമ്പനിക്കുവേണ്ടി പൂഴ്ത്തിവച്ചിരിക്കുന്നതായി സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ആരോപിക്കുന്നു. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷമായിരിക്കുകയാണ്.പ്ലാച്ചിമട വില്ലേജിലും പെരുമാട്ടി പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിന്റെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഉണ്ടായ ദുരിതങ്ങള്‍ക്ക് ആശ്വാസം കൊടുക്കുന്നതിനുളള നിയമനിര്‍മാണത്തിനാണ് അനുമതി ലഭിക്കാത്തത്. വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷമാണ് നിയമനിര്‍മാണം നടത്തിയത്. ഇതിനായി നിയമിച്ച സമിതി കമ്പനിയുടെ പ്രവര്‍ത്തനം മൂലം ഉണ്ടായ നഷ്ടങ്ങളും ദുരിതങ്ങളും വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."