അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി
കൊച്ചി • അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു നല്‍കുന്ന നിയമോപദേശം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഇതു വെളിപ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി. സര്‍ക്കാരിന് എ.ജി നല്‍കുന്ന നിയമോപദേശങ്ങള്‍ രഹസ്യമായിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.
ലാവ്‌ലിന്‍ കേസിലും പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസിലും എ.ജി നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുകള്‍ റദ്ദാക്കിയാണ് ഹൈക്കോടതി ഇതു പറഞ്ഞത്.
ലാവ്‌ലിന്‍ കേസില്‍ എ.ജി സംസ്ഥാന സര്‍ക്കാരിനു നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പു തേടി ഇടുക്കിയിലെ ജനശക്തിയുടെ ജനറല്‍ സെക്രട്ടറി അഗസ്തി എം.എല്‍.എയും പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ എ.ജി നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പ് തേടി തലശേരി സ്വദേശിയായ പി. ഷറഫുദ്ദീന്‍ നല്‍കിയ അപേക്ഷയും വിവരാവകാശ നിയമപ്രകാരം നല്‍കേണ്ട രേഖയല്ലെന്നു ചൂണ്ടിക്കാട്ടി എ.ജി ഓഫിസ് നിരസിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലുകളും തള്ളി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ച് ഇവര്‍ അനുകൂല ഉത്തരവു വാങ്ങി. ഇതിനെതിരെയാണ് എ.ജിയുടെ സെക്രട്ടറിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലധിഷ്ഠിതമാണെന്നും ഇവരുടെ ആശയവിനിമയം രഹസ്യസ്വഭാവമുള്ളതായതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എ.ജി സര്‍ക്കാരിന്റെ ഉപദേശകനാണ്.
പ്രശ്‌ന സാധ്യതയുള്ള വിഷയങ്ങളടക്കം സര്‍ക്കാരിന് എ.ജിയുടെ ഉപദേശം തേടേണ്ടതായി വരും. ഇതൊക്കെ രഹസ്യ സ്വഭാവത്തിലുള്ളതാണ്. ഇവയൊക്കെ വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുകളോടു യോജിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."