കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റ്: യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് തരൂർ
ന്യൂഡൽഹി • കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് ശശി തരൂർ.
മുതിർന്ന നേതാക്കൾ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്നവരാണെങ്കിലും 9000ത്തിലധികം വരുന്ന വോട്ടർമാരിലെ വലിയൊരുവിഭാഗം വരുന്ന യുവാക്കൾ രഹസ്യമായി തന്നെ പിന്തുണയ്ക്കുമെന്നാണ് തരൂർ കരുതുന്നത്. പലരും ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനംചെയ്തതായി തരൂരുമായി അടുപ്പമുള്ളവർ പറയുന്നു. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ്. അതിനാൽ തനിക്ക് വോട്ടുകൾ രഹസ്യമായി വരുമെന്നാണ് തരൂരിന്റെ കണക്കുകൂട്ടൽ.
80കാരനായ മല്ലികാർജുർ ഖാർഗെ മികച്ച നേതാവാണെങ്കിലും അദ്ദേഹത്തെ തെരഞ്ഞെടുത്താൽ പാർട്ടിക്കുള്ളിലെ നിലവിലെ സാഹചര്യത്തിൽ മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞാണ് തരൂർ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്.
പാർട്ടിയുടെ നിലവിലെ പോക്കിൽ അസംതൃപ്തരായ നിരവധി യുവനേതാക്കളുണ്ട്. ഈ യുവാക്കൾ തനിക്ക് വോട്ടുചെയ്യുമെന്നാണ് തരൂർ കരുതുന്നത്. പക്ഷേ, 2009ൽ മാത്രം പാർട്ടിയിലെത്തിയ തരൂരിന് പാർട്ടിയുടെ ഉയർന്ന നേതാക്കൾക്കിടയിൽ സുഹൃത്തുക്കളില്ല. മുതിർന്ന നേതാക്കൾ ഖാർഗെയ്ക്കൊപ്പമാണ്.
1969ൽ കോൺഗ്രസിലെത്തിയ കർണാടകയിൽ നിന്നുള്ള കരുത്തുറ്റ നേതാവാണ് ഖാർഗെ. പാർട്ടിയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും അധികാരമോഹമില്ലാത്ത നേതാവെന്ന ഇമേജുണ്ട്. 37 വർഷം എം.എൽ.എയായിട്ടും മുഖ്യമന്ത്രിയായിട്ടില്ല. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ പറ്റിയ നേതാവാണ്. ഖാർഗെ ജയിച്ചാൽ ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ശക്തമായി പാർട്ടിയിലുണ്ടാകും.
ഖാർഗെയെ മറികടക്കുക കടുപ്പമാണെങ്കിലും മാറ്റത്തിന്റെ സമയമായെന്ന് കരുതുന്ന നേതാക്കൾ പിന്തുണച്ചാൽ 66കാരനായ തരൂരിന് അട്ടിമറി വിജയം നേടാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."