സംഘ്പരിവാർ ചിഹ്നങ്ങൾ ഒളിച്ചുകടത്തൽ അനുവദിക്കരുത്
പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും ജീവനക്കാർക്ക് പുതിയ യൂനിഫോം വരികയാണ്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ മുദ്രയുള്ള ഷർട്ടും കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റും നെഹ്‌റു ജാക്കറ്റുമാണ് പുതിയ യൂനിഫോം. വനിതാ ജീവനക്കാർക്ക് പ്രത്യേകം തയാറാക്കിയ സാരിയാവും. മണിപ്പൂരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്സഭയിലെയും മാർഷൽമാരുടെ യൂനിഫോമിന്റെ ഭാഗമാകും.
കൊളോണിയൽ കാലത്തെ വേഷത്തിന് പകരം ഇന്ത്യൻ ശൈലിയിലുള്ള യൂനിഫോം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഇന്ത്യൻവത്കരണത്തിന്റെ പേരിൽ സംഘ്പരിവാർ ചിഹ്നങ്ങളെ ഒന്നൊന്നായി ഒളിച്ചുകടത്തുകയാണ് ബി.ജെ.പി. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലുമെത്തിയിരിക്കുന്നു.
പുതിയ പാർലമെന്റിൽ രാജ്യസഭയിലെ കാർപെറ്റിലും താമരയുടെ മുദ്രയുണ്ട്. സമാന മുദ്രയാവും യൂനിഫോമിലും ഉണ്ടാവുക. ദേശീയ പുഷ്പമാണ് താമരയെങ്കിലും അത് ബി.ജെ.പിയുടെ ചിഹ്നംകൂടിയാണ്. സെപ്റ്റംബർ 19ന് ഗണേശ ചതുർഥി ദിനത്തിലാകും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്നതുസംബന്ധിച്ച അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അന്നേ ദിവസം പൂജകളുമുണ്ടാകും. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയുള്ള പ്രഖ്യാപനവുമുണ്ടായേക്കും. രാജ്യത്തിന്റെ സംസ്‌കാരമെന്നാൽ ഹിന്ദുത്വ സംസ്‌കാരമാണെന്നാണ് ബി.ജെ.പിയുടെ വയ്പ്പ്. എന്നാൽ, എല്ലാ മതങ്ങളും ഒരുപോലെ പരിപോഷിപ്പിക്കപ്പെട്ട മണ്ണാണ് ഇന്ത്യ. എല്ലാവരുടെയും സംസ്‌കാരങ്ങൾ കൂടിച്ചേർന്നതാണ് ഇന്ത്യൻ സംസ്‌കാരം. പാർലമെന്റ് എല്ലാവരെയും ഉൾക്കൊള്ളേണ്ടതുമാണ്.
മോദിസർക്കാർ അധികാരത്തിലേറുന്നതുവരെ രാജ്യം അത് പാലിച്ചുപോരുകയും ചെയ്തതാണ്. എന്നാൽ അതിനെയെല്ലാം ബി.ജെ.പി പടിയിറക്കിവിട്ടിരിക്കുന്നു. ഹിന്ദുത്വവും ആക്രമികതയുമാണ് എവിടെയും മുഴച്ചുനിൽക്കുന്നത്. പാർലമെന്റിലെ സുരക്ഷാ ജീവനക്കാർക്ക് കമാൻഡോ പരിശീലനം നൽകുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാന യൂനിഫോം ഏർപ്പെടുത്തുകയും ചെയ്യുകയാണത്രെ. കമാൻഡോ പരിശീലനം നൽകുന്നതിൽ അപാകതയില്ല. എന്നാൽ പാർലമെന്റിനുള്ളിൽ സൈനികവേഷധാരികൾ കാവൽ നിൽക്കുന്നത് ജനാധിപത്യത്തിന്റെ അടയാളമല്ല. തുറന്ന ചർച്ചകളുടെയും സംവാദത്തിന്റെയും ഇടമാണ് പാർലമെന്റ്. അവിടെ സൈനിക വേഷധാരികൾക്ക് സ്ഥാനമില്ല. പാർലമെന്റ് വളപ്പിലെ സൈനിക വേഷധാരികളുടെ സാന്നിധ്യം ലോക്‌സഭാംഗങ്ങൾക്ക് സുരക്ഷാബോധമുണ്ടാക്കുകയല്ല, മറിച്ച് കണ്ണുരുട്ടിക്കാട്ടലാണ്. സൈന്യത്തിന്റെ സ്ഥാനം പാർലമെന്റിന്റെ മതിൽക്കെട്ടുകൾക്ക് പുറത്താണ്.
പാർലമെന്റിന്റെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട സംവിധാനം മാത്രമാണ് സൈന്യം. പാർലമെന്റിനുള്ളിലേക്ക് അത് വളരുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. ഹിന്ദുത്വവത്കരണവും പാർലമെന്റിന് അപരിചിതമായ സൈനികവത്കരണവുമെല്ലാം രാജ്യം അതിവേഗം ഫാസിസ്റ്റുവത്കരണത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണംതന്നെയാണ്. പാർലമെന്റ് മാത്രമല്ല, ജി20യുടെ ഭാഗമായുള്ള നവീകരണത്തിന്റെ മറവിൽ ഡൽഹിയിലെ തെരുവുകളിൽ ഹിന്ദുത്വത്തിന്റെ ചിഹ്നങ്ങൾ നിറച്ചിട്ടുണ്ട്. സമ്മേളനം നടന്ന ഭാരത് മണ്ഡപം കൺവൻഷൻ സെന്ററിലെ ഏറ്റവും വലിയ അലങ്കാരം വലിയൊരു നടരാജ വിഗ്രഹമാണ്.
തെരുവുകളിലെ ഫൗണ്ടയ്‌നുകൾക്ക് ശിവലിംഗത്തിന്റെ രൂപമാണ്. താമരക്കുമ്പിളിലിരിക്കുന്ന ലോകമാണ് ജി20 ഡൽഹി ഉച്ചകോടിയുടെ ലോഗോ. രാജ്യത്തിന്റെ വൈവിധ്യത്തെ തുറന്നുകാട്ടുന്നതൊന്നും ഉച്ചകോടിയിലുണ്ടായിരുന്നില്ല. ഇന്ത്യാവത്കരണത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളുടെ സംസ്‌കാരത്തെ രാജ്യത്തിന്റെ ചിഹ്നങ്ങളിൽനിന്ന് മായ്ച്ചുകളയാനുള്ള നീക്കത്തെ അംഗീകരിക്കാൻ പറ്റില്ല.
പുരോഗമന കാഴ്ചപ്പാടുകളാണ് രാജ്യത്തെ നയിക്കേണ്ടത്. ഇന്ത്യയെ ലോകം ബഹുമാനിക്കുന്നത് വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള അതിന്റെ തുറവി കണ്ടിട്ടാണ്. ഹിന്ദുത്വത്തിന്റെ ചിഹ്നങ്ങൾക്കും തീവ്രദേശീയതയ്ക്കും അതിൽ സ്ഥാനമില്ല. 70ഓളം ലോകരാജ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ പ്രതിമയുണ്ട്. ഗാന്ധിജിയെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്ന ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ വരെ 2015ൽ ഗാന്ധിജിയുടെ പ്രതിമ ഇടം പിടിച്ചു. അഹിംസയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഗാന്ധിജിയുടെ നിലപാടുകളുമാണ് ലോകത്തിന് അദ്ദേഹത്തെ പ്രിയങ്കരൻ ആക്കിയത്. ഗാന്ധിയൊരിക്കലും തീവ്രദേശീയതയെയോ ഹിന്ദുത്വത്തിന്റെ ചിഹ്നങ്ങളെയോ അംഗീകരിച്ചിരുന്നില്ല. ഗാന്ധിയുടെ നാടെന്ന നിലയിലാണ് ഇന്ത്യ അവർക്ക് പ്രിയപ്പെട്ടതാകുന്നത്.
ഭരണഘടന രൂപവത്കരിക്കുമ്പോൾ ഇന്ത്യയുടെ ദേശീയ സ്വത്വം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ വിശദ ചർച്ച നടന്നിരുന്നു. രാജ്യത്തിന്റെ അതുല്യ വൈവിധ്യവും മതേതരത്വവുമായിരിക്കണം അതിന്റെ സ്വത്വമെന്ന് തീരുമാനിച്ചത് ഭരണഘടനാ ശിൽപികളാണ്. അന്നുതന്നെ ഈ ആശയങ്ങളോട് ഏറ്റുമുട്ടാൻ സംഘ്പരിവാർ ശ്രമിച്ചിരുന്നു. രാജ്യം ഭരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പരമ്പരാഗതമായി മതേതര ദേശീയതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് തീവ്ര ദേശീയതയെ മുൻനിരയിലേക്ക് കൊണ്ടുവന്നത്. അത് മതേതര തത്വങ്ങളെ അടിസ്ഥാനമാക്കിയായിരുന്നില്ല, ഇന്ത്യൻ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണെന്ന ആശയത്തിലാണ്.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുമ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ഒരിക്കൽ ജവഹർലാൽ നെഹ്‌റുവിനോട് ചോദിച്ചു.
നീതിയായ മാർഗത്തിലൂടെ നീതിന്യായ രാഷ്ട്രം സ്ഥാപിക്കുക, മതങ്ങൾ നിറഞ്ഞൊരു രാജ്യത്ത് ഒരു മതേതരരാഷ്ട്രം സ്ഥാപിക്കുക എന്നീ രണ്ടു മറുപടികളായിരുന്നു നെഹ്‌റുവിൻ്റേത്. ഈ രണ്ടു കാര്യങ്ങളിലും ആ വലിയ മനുഷ്യൻ വിജയിക്കുകയും ചെയ്തു. ഈ നേട്ടത്തെയാണ് മോദി സർക്കാർ കാറ്റിൽപ്പറത്താൻ നോക്കുന്നത്. മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണിത്.
Content Highlights:editorial in 14 sep 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."