തിരുനബി(സ്വ)സ്നേഹം, സമത്വം, സഹിഷ്ണുത
ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്
വീണ്ടുമൊരു തിരുനബി ജന്മമാസം സമാഗതമാവുകയാണ്. റബീഉൽ അവ്വൽ മാസത്തിന്റെ പിറവിയും ആഗമനവും ഏറെ ആഹ്ലാദത്തോടെയാണ് മുസ്‌ലിം ലോകം പരിഗണിക്കുന്നതും സ്വീകരിക്കുന്നതും. വസന്തമെന്നാണ് റബീഅ് എന്ന അറബി ശബ്ദത്തിന്റെ അർഥം. മാസത്തിന്റെ നാമകരണം പ്രാചീന അറബികളുടേതാണെങ്കിലും ഇസ്‌ലാമികാഗമനത്തിനുശേഷം തിരുജന്മം നടന്നതിലൂടെ അത് പൂർണമായി അന്വർഥമായി എന്നതാണ് വസ്തുത.
പ്രകീർത്തനങ്ങളും പ്രവാചകാധ്യാപനങ്ങളുടെ വിസ്തൃതവും ഗഹനവുമായ പഠനങ്ങളും അനുബന്ധ ഒട്ടേറെ സൽപ്രവൃത്തികളുമാണ് തിരുജന്മമാസത്തിൽ നടക്കുന്നത്. പാടിയും പറഞ്ഞും പ്രവാചകരെ പ്രകീർത്തിക്കുന്ന സദസുകളും തിരുനബിയുടെ ജന്മം, ജീവിതം, ദർശനം തുടങ്ങിയവ ചർച്ച ചെയ്യുന്ന ചെറുതും വലുതുമായ പ്രഭാഷണ സദസുകൾ, സെമിനാറുകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയെല്ലാം ഈ മാസത്തിൽ നടക്കും. ഒന്നിച്ച് ആഹരിച്ചും മധുരം നുണഞ്ഞും വിഭവങ്ങൾ പങ്കുവച്ചും ദാനധർമങ്ങൾ നടത്തിയും ഈ ആത്മീയാഹ്ലാദ മാസത്തെ മുസ്‌ലിം ലോകം അനിർവചനീയമാക്കും.
തിരുനബി(സ്വ); സ്നേഹം, സമത്വം, സഹിഷ്ണുത എന്നതാണ് ഈ വർഷത്തെ നബിദിന മാസത്തിൽ സമസ്തയും പോഷകഘടകങ്ങളും ചർച്ചക്കെടുത്ത പ്രമേയം. മുഹമ്മദ് നബി എന്ന ലോകത്തിന്റെ അന്ത്യ പ്രവാചകൻ നിസ്തുലനും ഗുണവിശേഷണങ്ങൾക്ക് അതീതനുമാണ്. മുഹമ്മദ് നബി സ്നേഹമായിരുന്നു. അനുയായികൾ, പ്രതിയോഗികൾ, കൂട്ടുകുടുംബങ്ങൾ, സഹകാരികൾ എന്നു മാത്രമല്ല, മുഴുവൻ സൃഷ്ടികൾക്കും കവചമൊരുക്കുന്നതായിരുന്നു തിരുനബിയുടെ സ്നേഹപ്രപഞ്ചം.
പ്രവാചകത്വ ലബ്ധിക്കുശേഷം മാത്രമല്ല മുമ്പും മുഹമ്മദ് നബിയുടെ സ്നേഹമനസ് നിർഭരമായി ഒഴികയതായിരുന്നു മക്ക ജീവിതത്തിലുടനീളം. ദുർബലനെ സഹായിക്കുക, വിശക്കുന്നവന് ഭക്ഷണം നൽകുക, രോഗികളെ പരിചരിക്കുക, അശരണർ, ആലംബഹീനർ, ആരോരുമില്ലാത്തവർ എന്നിവർക്ക് സംരക്ഷണവും കൈത്താങ്ങുമാകുക എന്നിവയെല്ലാം പ്രവാചകരുടെ പ്രകൃതമായിരുന്നുവെന്നതിന്, ദിവ്യബോധനലബ്ധിയുടെ പ്രഥമഘട്ടത്തിലെ സംഭവങ്ങളിൽ സഹധർമിണി ഖദീജ(റ)യുടെ പ്രതികരണം തന്നെയാണ് തെളിവ്.
സ്വഹീഹുൽ ബുഖാരി, മുസ്‌ലിം അടക്കമുള്ള ഹദീസ്ഗ്രന്ഥങ്ങളും മുഴുവൻ ഇസ്‌ലാമിക ചരിത്രകൃതികളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്(മുഴുവൻ) അനുഗ്രഹമായിട്ടല്ലാതെ നാം താങ്കളെ നിയോഗിച്ചിട്ടില്ലെന്ന ഖുർആനികവചനവും തീർച്ചയായും നിങ്ങളുടെ വിഷമം വിഷണ്ണനാക്കുന്ന, നിങ്ങളിൽ ആർത്തിപുലർത്തുന്ന, സത്യവിശ്വാസികളോട് കാരുണ്യവാനും കൃപാലുവുമായ ഒരു ദൂതൻ നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്കെത്തിയിരിക്കുന്നുവെന്ന സൂറ അത്തൗബയിലെ അവസാന വചനവും സ്നേഹം, കരുണ, ആർദ്രത, സഹാനുഭൂതി എന്നിവയെല്ലാം തിരുനബിയുടെ സഹചസ്വഭാവമാകണമെന്ന് തന്നെ ആവശ്യപ്പെടുന്നുണ്ട്. കാരണം, പ്രസ്താവന പ്രപഞ്ച സ്രഷ്ടാവിൻ്റേതാകയാൽ അതിന് നേരിയ തോതിലെങ്കിലും അപഭ്രംശം കണ്ടെത്തിയാലാണ് അത്ഭുതമുള്ളത്.
ക്രൂരനും ദയാദാക്ഷിണ്യമില്ലാത്തവനുമായി അന്ത്യപ്രവാചകനെ അവതരിപ്പിക്കുന്നവർക്ക്, നിഷ്പക്ഷ ബുദ്ധിക്ക് മുന്നിൽ അത് സമർഥിക്കാൻ യോഗ്യമായ ചെറിയ തെളിവുപോലും ഹാജറാക്കാനായിട്ടില്ല. മാത്രമല്ല, വളർത്തുമൃഗങ്ങൾ, കാട്ടുജീവികൾ, ഉറുമ്പുകൾ തുടങ്ങി സസ്യങ്ങളോടുപോലും സഹാനുഭൂതി പ്രകടിപ്പിച്ച് പെരുമാറിയ തിരുനബിയുടെ ചരിത്രം ഗ്രന്ഥങ്ങളിലുണ്ട്. ഈ ഇവ്വിധം സ്നേഹത്തിന്റെ മഹാലോകമൊരുക്കിയ പ്രവാചകരെ സർവതിനെക്കാൾ സ്നേഹിക്കേണ്ട ബാധ്യത അനുയായികൾക്കുണ്ട് എന്നൊരു മറുഭാഗംകൂടി ഇതിനകത്തുണ്ട്.
തിരുനബി സാധിപ്പിച്ചെടുത്ത മാനവികലോകം മാനുഷിക സമത്വത്തിന്റെ വിസ്മയമായിരുന്നു. യഥാർഥത്തിൽ, ഓ ജനങ്ങളേ നിശ്ചയം നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം വംശങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനാണ് എന്ന ഹുജുറാത്ത് സൂറയിലെ പ്രസ്താവനക്കും അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ തഖ് വ കൊണ്ടല്ലാതെ മഹത്വമില്ല. നിങ്ങളെല്ലാം ആദമിൽനിന്ന് ആദമോ മണ്ണിൽനിന്ന് എന്ന വിടവാങ്ങൽ പ്രസംഗത്തിലെ പ്രഖ്യാപനത്തിനും പ്രയോഗവൽക്കരിച്ചൊരു തുല്യത ലോകചരിത്രത്തിലുണ്ടോ?!
വംശ-ദേശങ്ങളുടെയും വർഗ-ഗോത്രങ്ങളുടെയും അടിമ-ഉടമ വ്യവസ്ഥയുടെയും പേരിൽ കൊടുമ്പിരികൊണ്ട ഉച്ചനിചത്വവും അവഗണനകളും നിന്ദ്യമായ അവകാശ നിഷേധങ്ങളും സാമൂഹിക ജീവിതത്തിന്റെ ഭാഗമായൊരു തലമുറയെ സമ്പൂർണ മാനവിക സാഹോദര്യത്തിന്റെ മുത്തുമാലയിൽ കോർത്തിണക്കിയ തിരുനബി ആ രംഗത്ത് വിജയകരമായ വിപ്ലവം സൃഷ്ടിച്ച ലോകത്തെ ആദ്യ നേതാവാണ്. മക്കാവിജയത്തിലെ ഇതിഹാസ സമാന നിമിഷത്തിൽ, വിശുദ്ധ കഅ്ബാലയത്തിന് മുകളിൽ കയറി ബാങ്കൊലി മുഴക്കാൻ ഹസ്രത്ത് ബിലാൽ(റ) എന്ന തന്റെ നീഗ്രോശിഷ്യന് നൽകിയ നിർദേശത്തോളം ചാരുതയുള്ളൊരു ചിത്രം ഈ രംഗത്ത് ചരിത്രം കോറിയിട്ടുണ്ടോ?! ഇതേ ബിലാലിനെ, കറുത്തവളുടെ പുത്രാ എന്ന് വിളിച്ച ഗിഫാർ ഗോത്രത്തിന്റെ നായകനും തന്റെ അനുയായിയുമായ പ്രമുഖന്റെ മുഖത്ത് നോക്കി, താങ്കളിൽ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നുവോ എന്ന് ക്ഷോഭിച്ചതും മനുഷ്യചരിത്രത്തിലെ വജ്രരേഖയാണ്.
സനാതന ധർമം പകർച്ചവ്യാധിപോലെ നിഷ്കാസനം ചെയ്യപ്പെടേണ്ടതാണെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ ഇതിവൃത്തം വർണാശ്രമവ്യവസ്ഥയും ജാതീയവിവേചനങ്ങളും ആധുനിക ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരേയുള്ള പ്രതികരണമാണെന്ന രാഷ്ട്രീയ-സാമൂഹിക വിശകലനങ്ങളും ജാതീയതയുടെ പേരിൽ അയിത്തവും അവഗണനയും ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളും ഇതിനോട് ചേർത്തുവായിക്കണം.
തിരുനബിയുടെ സവിശേഷതകളിലെ പ്രകാശരേഖയായ സഹിഷ്ണുതയാണ് മറ്റൊരു ചിന്താവിഷയം. പ്രവാചക കാലത്ത് നടന്ന യുദ്ധങ്ങളുടെ കണക്ക് നിരത്തി മുഹമ്മദ് നബി യുദ്ധക്കൊതിയനും ക്രൂരനുമാണെന്ന പ്രചാരണം നടത്തുന്നവരുണ്ട്.
പഴയ കാലത്തെ പുളിച്ച വീഞ്ഞ് പുതിയ ലേബലൊട്ടിച്ച് വിപണിയിലിറക്കാൻ ആവത്ശ്രമം തുടരുന്നുമുണ്ട്. ശത്രുക്കളോടും പ്രതിയോഗികളോടുമുണ്ടായിരുന്ന സമീപനം വിലയിരുത്തിയാണ് സത്യത്തിൽ ഇത് മനസ്സിലാക്കേണ്ടത്.
കരുണയും കൃപയും അന്തർലീനമായൊരു വ്യക്തിത്വത്തിൽനിന്ന് അസഹിഷ്ണുത പ്രകടമാകുന്നതുതന്നെ വൈരുധ്യമാണെന്നതാണ് ഇതിലെ പ്രഥമ കാര്യം. ഇസ്‌ലാമിന്റെയും മുഹമ്മദ് നബിയുടെയും ബദ്ധവൈരികകളായിരുന്ന ജൂതന്മാരോടും മക്കയിലെ തന്നെ ശത്രുക്കളോടും തിരുനബി പുലർത്തിയ സാമീപ്യങ്ങൾ ചരിത്രത്തിലെ വ്യതിരിക്ത ഏടുകളാണ്.
ആദ്യത്തെ ഇസ്‌ലാമിക് സ്റ്റേറ്റായ മദീനയിൽ നിവസിച്ചിരുന്ന ജൂതന്മാരുമായി ഉണ്ടാക്കിയ കരാർ മദീന പാക്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. പരമത സൗഹാർദത്തിന്റെ എക്കാലത്തെയും വിസ്മയ രേഖയാണത്. ബദ്റടക്കമുള്ള യുദ്ധങ്ങളിൽ ബന്ധികളാക്കപ്പെട്ട ശത്രുക്കളോട് പുലർത്തിയ സമീപനവും മക്കാ വിജയനാളിൽ നടത്തിയ വിമോചന പ്രഖ്യാപനവും മാനവ ചരിത്രത്തിലെ ഏത് സംഭവുമായിട്ടാണ് സാമ്യത പുലർത്തുന്നത്? ഒന്നു പോലുമില്ലെന്ന് ചുരുക്കം.
രണാങ്കണത്തിൽപോലും പ്രവാചകർ സഹിഷ്ണുതവാനായിരുന്നു എന്നാണ് ചരിത്രം! തന്റെ സാന്നിധ്യമില്ലാതെ നടക്കുന്ന യുദ്ധങ്ങളിൽ അനുയായികളിൽനിന്ന് അപക്വത പ്രകടമാകുമോ എന്ന് ആശങ്കപ്പെട്ട തിരുനബി, സൈനികർക്ക് പ്രത്യേകം നിർദേശം നൽകുമായിരുന്നു. വൃദ്ധരെയും കുട്ടികളെയും സ്ത്രീകളെയും അക്രമിക്കരുത്. മഠങ്ങളിൽ സന്യസിക്കുന്നരെ ഉപദ്രവിക്കരുത്. കൃഷി നശിപ്പിക്കരുത്.
മരം മുറിക്കരുത് എന്നിങ്ങനെ നീളുന്നവയായിരുന്നു ആ ഉപദേശങ്ങൾ! പിൽക്കാലത്ത്, സ്വലാഹുദ്ധീൻ അയ്യൂബിയെപ്പോലുള്ള സൈനിക നേതാക്കൾ പ്രകടിപ്പിച്ച യുദ്ധക്കളങ്ങളിലെ മഹാസഹിഷ്ണുത ഇവയിൽ നിന്നെല്ലാം ലഭിച്ച പാഠങ്ങളായിരുന്നു. സർ വില്ല്യം മൂറിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം. 'ലോകത്തിന് മുമ്പൊരിക്കലും പരിചയമില്ലാത്ത മതസഹിഷ്ണുതയാണ് പ്രവാചകൻ പ്രചരിപ്പിച്ചത്. മതത്തിൽ സഹിഷ്ണുത ഒരാവശ്യമാണെങ്കിൽ ആദർശ പ്രവാചകനെന്ന പദവിക്കുള്ള മുഹമ്മദിന്റെ അവകാശത്തിന് ഇത് ശക്തമായൊരു നീതീകരണമാണ്'.
ശ്രദ്ധേയമായ പദ്ധതികളുമായി ഈ വർഷവും എസ്.വൈ.എസ് റബീഅ് കാംപയിൻ ആചരിക്കുകയാണ്. നാളെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന വിളംബര റാലിയും വരുംനാളുകളിലെ കൾച്ചറൽ ഡയലോഗുകളും മണ്ഡല തലങ്ങളിൽ മൈത്രി മിലൻ സദസുകളും ശാഖാതലത്തിൽ മെഹ്ഫിലെ മൻസിൽ, തദ്കീറു മീലാദ്, റബീഅ് ഗുൽഷൻ, നാട്ടുമൗലിദ് പരിപാടികളും നടക്കാനുണ്ട്.
(എസ്.വൈ.എസ് റബീഅ് കാംപയിൻ സമിതി കൺവീനറാണ് ലേഖകൻ)
Content Highlights:Today's Article in sep 14 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."