നീറ്റ് പരീക്ഷ; എണ്ണൂറോളം വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, സഊദിയിലും സെന്റർ അനുവദിക്കണമെന്ന് കെഎംസിസി
റിയാദ്: നീറ്റ് സെന്റർ സഊദിയിലും നിർബന്ധമായും അനുവദിക്കണമെന്ന് കെഎംസിസി. എണ്ണൂറോളം കുട്ടികൾ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനിവദിച്ചത് പോലെ സഊദിയിലും പരീക്ഷ സെന്റർ അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് കേന്ദ്ര കേരള സർക്കാരുകൾക്കും എംപിമാർക്കും സഊദിയിലെ ഇന്ത്യൻ അംബാസഡർക്കും അടിയന്തര സന്ദേശം അയച്ചതായി കെഎംസിസി നേതാക്കൾ അറിയിച്ചു. 2013ൽ സഊദിയിൽ നീറ്റ് സെന്റർ അനുവദിച്ചിരുന്നത് ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടി.
യാത്ര പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾ റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് കൊവിഡ് പ്രതിസന്ധിയിൽ യാത്രാ സൗകര്യം പ്രതികൂലമായതിനാൽ സഊദിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷക്ക് ഹാജരാകാൻ നാട്ടിലെ സെന്ററുകളിൽ എത്തുക അസാധ്യമാണ്. നാട്ടിലേക്ക് പോയാൽ തന്നെ തിരിച്ചു വരാൻ യാത്രാവിലക്ക് മൂലം കഴിയില്ല . പരീക്ഷ എഴുതുന്ന കുട്ടികളിൽ അധികവും 18 വയസിന് താഴെയുള്ളവരായതിനാൽ കോവിഡ് കാലയളയവിൽ ഒറ്റക്കുള്ള യാത്ര അപ്രായോഗികവും മടങ്ങി വരാൻ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കിൽ 18 വയസ്സ് പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് മടക്ക യാത്ര അസാധ്യമായതിനാൽ തന്നെ സഊദിയിൽ സെന്റർ സ്ഥാപിക്കുന്നതിൽ ബന്ധപ്പെട്ടവർ ഗൗരവ പൂർവം പരിഗണിക്കണമെന്ന് കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, സി പി മുസ്‌തഫ എന്നിവർ ബന്ധപെട്ടവർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളെക്കാളും യാത്ര പ്രതിസന്ധി നേരിടുന്നത് സഊദിയിലാണ് . കുവൈറ്റിനും യു എ ഇ ക്കും അനുവദിച്ച സാഹചര്യത്തിൽ സഊദിയെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു . ഈ രാജ്യങ്ങളിലേക്കും യാത്ര വിലക്ക് നിലനിൽക്കുന്നതിനാൽ അവടെ പോയി പരീക്ഷക്കിരിക്കാനും സാധിക്കില്ല. ജീ പരീക്ഷ വിജയകരമായി നടക്കുന്നതിനാൽ നീറ്റ് പരീക്ഷക്കും മറ്റു തടസ്സങ്ങളൊന്നും സഊദിയിൽ നിലവിലില്ല. മത്സര പരീക്ഷകൾ നടത്താൻ സജ്‌ജമായ അനവധി സ്ഥാപങ്ങൾ രാജ്യത്ത് ലഭ്യമാണ്. സഊദിയിലെ ഇന്ത്യൻ മിഷൻ വഴി ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും ചോദ്യപേപ്പർ എത്തിക്കുവാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സഊദിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടി പങ്കെടുക്കാവുന്ന് വിധം പരീക്ഷ സെന്റർ തലസ്ഥാന നഗരിയായ റിയാദിനെ ഉൾപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."