'കവര്‍ന്ന കള്ളപ്പണം ബി.ജെ.പിയുടേത് '
ബി.ജെ.പി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചോയെന്നും അന്വേഷണം
തൃശൂര്‍: കൊടകരയില്‍ കൊള്ളയടിച്ച മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെ. പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 625 പേജുള്ള കുറ്റപത്രത്തിലാണ് പണം ബി.ജെ.പിയുടേതാണെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് കള്ളപ്പണം കൊണ്ടുവന്നതെന്നും പറയുന്നത്.
പരാതിക്കാരനായ ധര്‍മരാജനെയാണ് പണം എത്തിക്കാന്‍ ബി.ജെ.പി നേതൃത്വം ഏല്‍പ്പിച്ചതെന്നും വ്യക്തമാക്കുന്ന കുറ്റപത്രത്തില്‍ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇ.ഡി അന്വേഷണം വേണമെന്നും നിര്‍ദേശിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം എങ്ങനെ ചെലവഴിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ബി.ജെ.പി ലംഘിച്ചോയെന്നും നഷ്ടപ്പെട്ട രണ്ടുകോടിക്കായുള്ള അന്വേഷണവും തുടരുകയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
22 പേര്‍ പ്രതികളായുള്ള കുറ്റപത്രത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കം 19 ബി.ജെ.പി നേതാക്കള്‍ സാക്ഷികളായുണ്ട്. 219 സാക്ഷികളില്‍ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സാക്ഷികളെ വിളിച്ചുവരുത്തുന്നത് കേസ് വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ താല്‍പര്യമനുസരിച്ചായിരിക്കും. മൊഴിയെടുക്കാന്‍ വിളിപ്പിച്ച എല്ലാവരും സാക്ഷികളായാണ് പട്ടികയിലുള്ളത്. ഇവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. പണമെത്തിയത് കര്‍ണാടകയില്‍ നിന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ പണം കവര്‍ന്നത്. മൂന്നരക്കോടി രൂപ കവര്‍ന്നുവെന്ന് പൊലിസ് പറഞ്ഞിരുന്നുവെങ്കിലും 25ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ധര്‍മരാജന്‍ ആദ്യം പരാതിയില്‍ പറഞ്ഞത്. പിന്നീട് പൊലിസ് കൂടുതല്‍ തുക കണ്ടെടുത്തു.
കോടതിയില്‍ നല്‍കിയ ഹരജിയില്‍ മൂന്നരക്കോടി രൂപയാണ് നഷ്ടമായതെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കാണ് തുക എത്തിച്ചതെന്നും ധര്‍മരാജന്‍ ഒടുവില്‍ സമ്മതിച്ചു. എന്നാല്‍, 1.45 കോടി രൂപയാണ് പൊലിസ് കണ്ടെടുത്തത്. ബാക്കി പണം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ തുക പ്രതികള്‍ ധൂര്‍ത്തടിച്ചു എന്നാണ് പൊലിസ് റിപ്പോര്‍ട്ടു നല്‍കിയത്. ഇതുകൂടി കണ്ടെടുത്താല്‍ കേസിനു കൂടുതല്‍ ബലമുണ്ടാകും. അതിനിടെ കവര്‍ച്ചാകേസ് മാത്രമായി കള്ളപ്പണമൊഴുക്കല്‍ ഒതുങ്ങി എന്നാണ് കുറ്റപത്രം തെളിയിക്കുന്നത്. കുഴല്‍പ്പണകേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലിസിന് അധികാരമില്ലെന്ന പേരില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് തലയൂരുകയും ചെയ്തിട്ടുണ്ട് കുറ്റപത്രത്തില്‍. അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ രാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രമുഖ അഭിഭാഷകന്‍ എന്‍.കെ.ഉണ്ണികൃഷ്ണനാണ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."