ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചു, ലോക്ക്ഡൗണില്‍ മുടങ്ങിയവര്‍ക്ക് മുന്‍ഗണനയില്ലാത്തത് പ്രതിസന്ധി
ടി.മുംതാസ്
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തേതുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചപ്പോള്‍ നേരത്തെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ടെസ്റ്റ് മുടങ്ങിയവര്‍ക്കു മുന്‍ഗണന ലഭിക്കാത്തത് പ്രതിസന്ധിക്കിടയാക്കും. ജൂണ്‍ മാസം വരെ തീയതി കിട്ടി ടെസ്റ്റിന് തയാറായി കാത്തിരുന്നവരാണ് ടെസ്റ്റ് പുനരാരംഭിച്ചിട്ടും പുതിയ തീയതി കിട്ടാതെ പ്രയാസപ്പെടുന്നത്. പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി എടുക്കുന്നത്. ഇങ്ങനെ തീയതി എടുക്കുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ടെസ്റ്റ് മുടങ്ങിപ്പോയവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നില്ല. അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞവര്‍ക്ക് തീയതി ലഭിക്കുന്നുമുണ്ട്.
ലോക്ക്ഡൗണ്‍ കാലയളവില്‍ ടെസ്റ്റ് മുടങ്ങിയവര്‍ക്ക് സെപ്റ്റംബര്‍ 30 വരെയാണ് തീയതി നീട്ടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെ ടെസ്റ്റ് നടത്തുമ്പോള്‍ രണ്ടുമാസം കൊണ്ട് ഇത്രയധികം പേര്‍ക്ക് തീയതി കിട്ടി ടെസ്റ്റിന് ഹജരാവാന്‍ കഴിയില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആദ്യത്തെ രണ്ടുമാസം ഇവര്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമായിരുന്നു. രജിസ്‌ട്രേഷന്‍ പരിവാഹന്‍ സൈറ്റ് വഴിയായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ജില്ലാ ആര്‍.ടി.ഓഫിസില്‍ നിന്നു ലഭിക്കുന്ന മറുപടി. സെപ്റ്റംബര്‍ 30നകം ഹാജരാവാന്‍ കഴിയാതെ വരുന്നവര്‍ക്ക് വീണ്ടും 300 രൂപ ഫീസ് അടച്ച് ലേണിങ് ടെസ്റ്റ് നടത്തേണ്ടിവരും. ഇത് ആയിരക്കണക്കിന് പഠിതാക്കളെ ദുരിതത്തിലാക്കുമെന്ന് ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഒന്നാം ലോക്ക്ഡൗണ്‍ സമയത്ത് ലേണിങ് എടുത്തവര്‍ക്കുപോലും പൂര്‍ണമായും ടെസ്റ്റ് നടത്തി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് യാതൊരു മുന്‍ഗണനാക്രമങ്ങളും പാലിക്കാതെ ഇപ്പോള്‍ തീയതി നല്‍കുന്നത്. അതിനാല്‍ കാലാവധി നീട്ടിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 23നാണ് സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ വീണ്ടും അടച്ചിട്ടത്. മൂന്നു മാസത്തിനുശേഷമാണ് ടെസ്റ്റ് പുനരാരംഭിച്ചത്. 20,15 പേര്‍ ഉള്‍ക്കൊള്ളുന്ന രണ്ട് ബാച്ചുകളിലായി 35 പേര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. ഡി കാറ്റഗറി പ്രദേശങ്ങളില്‍ ടെസ്റ്റിന് അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."