വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി
വിവരം ശേഖരിച്ചുവരുന്നു എന്നുമാത്രം മറുപടി
തിരുവനന്തപുരം: നിയമസഭയിലെ അക്രമ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇതിനെക്കുറിച്ച് പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ഒന്നുതന്നെ. വിവരം ശേഖരിച്ചുവരുന്നു.
കെ.എം മാണി 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ അക്രമ സംഭവത്തെക്കുറിച്ചുള്ള ആദ്യ ചോദ്യം നിയമോപദേശത്തെക്കുറിച്ചുള്ളതാണ്. നിലവിലെ രണ്ടു മന്ത്രിമാരും മുന്‍ സാമാജികരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും നിയമോപദേശം തേടിയിരുന്നോ എന്നായിരുന്നു ചോദ്യം.
കേസില്‍ ലഭിച്ച നിയമോപദേശം എന്തായിരുന്നു എന്നായിരുന്നു മറ്റൊരു ചോദ്യം. പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നതു തടയാന്‍ നിയമ നിര്‍മാണം നടത്തിയ സഭയിലെ അംഗങ്ങള്‍തന്നെ അതു ലംഘിക്കുന്നത് കുറ്റകരമാണോ എന്നും ചോദ്യമുണ്ടായി. കേസ് എഴുതിത്തള്ളുന്നത് അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നുണ്ടോ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സംരക്ഷിക്കാന്‍ പ്രമുഖ അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കുന്ന പ്രവണത സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമാണോ എന്ന ചോദ്യങ്ങളും വന്നു. ഇതിനെല്ലാം വിവരം ശേഖരിച്ചുവരുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വിവാദമായ കേസുകളില്‍ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടി വിവരം ശേഖരിച്ചുവരുന്നു എന്നു തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."