പെഗാസസ് വിടാതെ പ്രതിപക്ഷം; സഭ നിര്‍ത്തിവച്ചു
തൃണമൂല്‍ അംഗത്തെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ ചില കേന്ദ്രമന്ത്രിമാര്‍, രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്റാഈലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭയും ലോക്സഭയും ഇന്നലെ ഉച്ചയോടെ നിര്‍ത്തിവച്ചു. ഇനി രണ്ടു ദിവസത്തെ അവധികൂടി കഴിഞ്ഞ് 26നാണ് സഭ വീണ്ടും സമ്മേളിക്കുക.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നലെ രാജ്യസഭ നിരവധി തവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം ഐ.ടി മന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂല്‍ എം.പി ശാന്തനു സെന്നിനെ മണ്‍സൂണ്‍ സെഷന് തീരുന്നതുവരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവാണ് നടപടിയെടുത്തത്. ഇതിനു പിന്നാലെ രാജ്യസഭയില്‍ പ്രതിപക്ഷം വലിയ തോതില്‍ പ്രതിഷേധിച്ചതോടെ സഭ തടസപ്പെടുകയും പിന്നീട് നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
ലോക്സഭയിലും കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
ഏക സിവില്‍കോഡ് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരേ സി.പി.എം നേതാവ് എളമരം കരീം അടക്കമുള്ളവര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം, കശ്മിരിലെ 25 നേതാക്കളുടെ ഫോണ്‍ വിവരങ്ങളും പെഗാസസ് ചോര്‍ത്തിയെന്ന വിവരം ഇന്നലെ പുറത്തുവന്നിട്ടുണ്ട്. മെഹ്ബൂബ മുഫ്തിയുടെ ബന്ധുക്കള്‍ അടക്കമുള്ളവരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."