സെപ്തംബറോട് കൂടി കുട്ടികള്‍ക്കും കൊവിഡ് വാക്സിന് നല്കി തുടങ്ങാം: എയിംസ് മേധാവി
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്സിന് നല്കാന് കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍.ഡി ടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിന് പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസര്‍ വാക്സിന് ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ നമ്മള് കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കണം. ഇത് വ്യാപനത്തെ വലിയ തോതില്‍ തടയും', ഡോ. ഗുലേറിയ പറഞ്ഞു.
ഇന്ത്യ ഇതുവരെ 42 കോടി ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്, ഈ വര്‍ഷം അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിനേഷന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്കും വാക്സിന് എത്രയും വേഗം നല്‍കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കൊപ്പം ജീവിക്കുന്നത് വയോധികര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതല്‍ 30 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. അതിനല് തന്നെ കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് വ്യാപനത്തെ വലിയ തോതില്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മോഡേണയുടെ വാക്സിന് ഉപയോഗിക്കാന്‍ യൂറോപ്യന്‍ മരുന്നുകളുടെ വാച്ച്ഡോഗ് വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി മെയ് മാസത്തില്‍ അമേരിക്ക ഫിസര്‍ബയോ എന്‍ടെക് കൊവിഡ് 19 വാക്സിന് അംഗീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."