വോട്ടെടുപ്പ് നിഷ്പക്ഷമെന്ന് വിശ്വസിക്കുന്നു, കേരളത്തില്‍ നിന്ന് നല്ല വോട്ട് കിട്ടും; യുവാക്കളില്‍ പ്രതീക്ഷയെന്നും ശശി തരൂര്‍
തിരുവനന്തപുരം: വോട്ടെടുപ്പ് നിഷ്പക്ഷമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ശശി തരൂര്‍. കേരളത്തില്‍ നിന്ന് തനിക്ക് നല്ല വോട്ട് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കെ അവരെ എങ്ങനെയാണ് അവിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. പരസ്യമായി പിന്തുണ നല്‍കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നും തനിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചവരെ നേരില്‍ കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ തനിക്ക് നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ കേരളത്തില്‍ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും തന്നെ അറിയാമെന്നും എല്ലായിടത്തു നിന്നും നല്ല സ്വീകാര്യത കിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി സ്വന്തം തറവാടാണെന്നും പറഞ്ഞു.
പാര്‍ലമെന്റിലെ ഐ.ടി സമിതിയില്‍ നിന്ന് മാറ്റിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തന്റെ ചോദ്യങ്ങള്‍ ഭരണപക്ഷത്തിനെ അലോസരപ്പെടുത്തി കാണുമെന്നായിരുന്നു പ്രതികരണം.
66കാരനായ തരൂര്‍ കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എതിരാളി. ഒക്‌ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബര്‍ 19ന് ഫലം പുറത്തുവരും.
സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കൊപ്പമില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് വിവേചനമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്കും പരസ്യ പിന്തുണ നല്‍കരുതെന്ന എഐസിസി മാര്‍ഗനിര്‍ദേശം തള്ളി ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കിയ കെപിസിസിയുടെ നടപടിയില്‍ തരൂരിന് അതൃപ്തിയുണ്ട്. എന്നാല്‍ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാല്‍ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കള്‍ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."