നിയമങ്ങൾ പഴുതുകളൊരുക്കുമ്പോൾ
ഹകീം പെരുമ്പിലാവ്
സുപ്രിംകോടതിയിൽനിന്ന് രണ്ടു വിധികൾ വന്നിരിക്കുന്നു. സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗം എന്നതാണ് ഒന്നാമത്തേത്. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമെന്നതാണ് മറ്റൊന്ന്. ഇരുവിധികളും സ്ത്രീകൾക്കു കൂടുതൽ സുരക്ഷയും മുന്തിയ സ്വാതന്ത്ര്യവും നൽകാൻ ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ പരമോന്നത കോടതിയെ പൂർണമായി ബഹുമാനിക്കുന്നതോടൊപ്പം ഇരുവിധികളും ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നവയാണെന്ന് പറയേണ്ടിവരുന്നു. സ്ത്രീക്ക് സ്വാതന്ത്ര്യം നൽകുക എന്നത് രാജ്യത്തെ കൂടുതൽ ലിബറലാക്കണം എന്നു കരുതുന്നിടത്ത് വലിയ അപകടങ്ങളുണ്ട്. കുടുംബസംസ്‌കാരം നിലനിൽക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഭർത്താവിനു ഭാര്യയും ഭാര്യയ്ക്ക് ഭർത്താവും നൽകുന്ന സുരക്ഷിതബോധമുണ്ട്. ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ പൊലിസ് സ്റ്റേഷനിലേക്കും തെരുവിലേക്കും ആരും വലിച്ചിഴക്കാറില്ല. ഇത്തരം പ്രശ്‌നങ്ങൾ നിരന്തരം കോടതിയിലെത്തിയാൽ നമ്മുടെ നാട്ടിലെ കോടതികൾക്ക് മറ്റു ജോലികളെല്ലാം ഒഴിവാക്കി കുടുംബപ്രശ്‌നങ്ങളിൽ മാത്രം സമയം ചെലവഴിക്കണ്ടിവരും.
നമ്മുടെ രാജ്യത്ത് ഭാര്യയും ഭർത്താവും തമ്മിലുള്ള വിവാഹക്കരാർ അലിഖിത പരസ്പരാശ്രിത വ്യവസ്ഥകൂടിയാണ്. ഇരുവരുടെയും ആരോഗ്യവും അനാരോഗ്യവും ഒരുപരിധിവരെ അവർക്കിടയിൽ പരിഹരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും ആകെത്തുകയാണ് കുടുംബജീവിതം. കിടപ്പറയിലുണ്ടാകുന്ന തർക്കങ്ങളൊക്കെയും പരസ്പരം പറഞ്ഞ് തീർക്കുന്നതും പുലർകാലങ്ങളിൽ ദമ്പതികൾ വീണ്ടും ഒന്നായി മാറുന്നതുമാണ് നടപ്പുരീതി. കുടുംബജീവിതം എന്നത് സെക്‌സ് മാത്രമായി കരുതുമ്പോഴാണ് കൂടുതൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. കേരളീയ പശ്ചാത്തലത്തിൽ കുടുംബപ്രശ്‌നങ്ങൾ താരതമ്യേനെ കുറയാൻ കാരണം ഭദ്രമായ കുടുംബ ബന്ധങ്ങളായിരുന്നു. എന്നാൽ ഇന്ന് കുടുംബവഴക്കുകളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.
വിവാഹവും കുടുംബവും
മനുഷ്യന്റെ സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബജീവിതവും സ്ത്രീ-പുരുഷ ബന്ധവും പ്രകൃതിതാൽപര്യമാണ്. പ്രകൃതിവിരുദ്ധത എന്നു പലപ്പോഴും പറയുന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വ്യവസ്ഥയുടെ പുറത്തായതുകൊണ്ടാണ്. കേരളീയ പശ്ചാത്തലത്തിൽ അവിഹിത വേഴ്ചകളും തുറന്ന ലൈംഗികതയും ഒരു മറക്കു പിന്നിലായത് നാം പുലർത്തിപ്പോരുന്ന കുടുംബവ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും കൂടി ഫലമാണ്. മതത്തിന്റെയും ധാർമികതയുടെയും അതിർവരമ്പുകളാണ് മനുഷ്യനെ നന്മയുടെ മാർഗത്തിലൂടെ നയിക്കുന്നത്.
മനഃശാസ്ത്ര വിശാരദന്മാരും കൗൺസലിങ് വിദഗ്ധരും പറയുന്നതനുസരിച്ച് സോഷ്യൽമീഡിയ പോലുള്ള പുതിയ കാലത്തെ സങ്കേതങ്ങളാണ് ബന്ധങ്ങളിലെ പ്രധാന പ്രശ്‌നം. കുടുംബങ്ങളിൽ ഇടപഴകുന്നതിലെ പോരായ്മകളും അണുകുടുംബങ്ങളിൽ നിന്നുള്ള വരവുമൊക്കെയാണ് ശിഥിലമാകുന്ന ബന്ധങ്ങളുടെ മൂലകാരണം. സാമ്പത്തിക അസന്തുലനവും പുതിയ തലമുറയിലെ കുട്ടികളിലുണ്ടാകുന്ന അമിത പ്രതീക്ഷയും ഇത്തരം കാരണങ്ങളിൽ പെടുന്നു. സെക്‌സും അതിലെ സമ്മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുലോം തുച്ഛവുമാണ്. ഇതാണ് വസ്തുത എന്നിരിക്കെ ഇഷ്ടങ്ങളെ വീട്ടിൽ വയ്ക്കണമെന്നും ഇഷ്ടക്കേടുകളെ കോടതി കയറ്റണമെന്നും പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. സമ്മതമില്ലാത്ത ലൈംഗികത ഒട്ടും ആസ്വാദ്യകരമല്ലെന്നും ഇണയുടെ അതൃപ്തിക്ക് കാരണമാകുമെന്നും ഇരുവരും മനസിലാക്കുന്നതിൽ തീരാവുന്ന പ്രശ്‌നങ്ങൾ കോടതിവരെ എത്തിക്കേണ്ടതുമില്ല.
നിയമവ്യവസ്ഥ നടപ്പാക്കേണ്ടത് മനുഷ്യനിലാണ്. അതു മനുഷ്യനു നൽകേണ്ടത് ബലവത്തായ സുരക്ഷിതത്വമാണ്. അതിലെ പഴുതുകൾ അടക്കേണ്ടതും ദുരുപയോഗ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തേണ്ടതും നിയമനിർമാണം നടത്തുന്നവരാണ്. ഇതിന്റെ അഭാവത്തിൽ കെട്ടുറപ്പുള്ള പല നിയമങ്ങളും ചോദ്യംചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിപ്പെടുന്നു. ഇന്ത്യയിലെ വ്യക്തിനിയമങ്ങൾ മതങ്ങളുടെ അധ്യാപനങ്ങൾക്കനുസരിച്ച് നിർമിക്കപ്പെട്ടവയാണെന്നതിനാൽ മതനിലപാടുകൾ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇന്ത്യയിൽ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ മതങ്ങളുടെ ആചാരങ്ങൾക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ടവയാണെന്നതിനാൽ അതതു മതാധ്യാപനങ്ങൾ കുടുംബ ജീവിതത്തിലും പ്രതിഫലിക്കാറുണ്ട്. ദുരുപയോഗ സാധ്യതകൾ പുരുഷനെതിരേ പ്രയോഗിക്കാൻ പറ്റിയ ഏറ്റവും മൂർച്ചയുള്ള വാളാണ്. സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമാണെന്ന വിധി സമ്മതമുണ്ടായിരുന്നിട്ടും സമ്മതമില്ലാതെയായിരുന്നുവെന്ന് സ്ത്രീകൾ കോടതിയിൽ പറഞ്ഞാൽ തെളിയിക്കാൻ അഭിഭാഷകർ നാളെ കോടതിക്കൂട്ടിൽ കയറ്റിനിർത്തി ചോദിക്കുന്നവ സമൂഹം പുലർത്തിപ്പോരുന്ന എല്ലാ സീമകളും ലംഘിക്കുന്നവയാകുമെന്നതിൽ സംശയമേതുമില്ലല്ലോ.
നിലവിൽ സമ്മതമെന്നത് ഇരുവരും മനസുകൊണ്ട് അംഗീകരിക്കുന്ന പരസ്പരസ്‌നേഹത്തിന്റെ അംഗീകാരം മാത്രമാണ്. ഈ അംഗീകാരത്തെ ഏതു രീതിയിലും വ്യാഖ്യാനിക്കാൻ കോടതിക്കു കഴിയുമെന്നിരിക്കെ നിരപരാധികളെ ശിക്ഷിക്കാൻ ഇതു കാരണമാകും. കോടതികയറിയ കുടുംബം വീണ്ടും ഒന്നിച്ചു കഴിയണമെന്നില്ല. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ഛിദ്രത വരുത്താനും ദുരുപയോഗം ചെയ്യാനും ഈ നിയമം വഴിയൊരുക്കിയേക്കാം. ലൈംഗികത എന്നത് സ്ത്രീകളൂടെ സമ്മതത്തിൽനിന്ന് മാത്രമുണ്ടാകേണ്ട പ്രക്രിയയല്ല എന്നിരിക്കെ ഒരു പക്ഷത്തിന്റെ മാത്രം സമ്മതം പ്രധാനമാകുന്നത് നീതീകരണമല്ല. സ്ത്രീകൾ ആവശ്യക്കാരാവുകയും അക്കാരണത്താൽ പുരുഷന്മാർ നിരന്തരമായി പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പുരുഷനും നീതി വേണ്ടതില്ലേ. നിലവിലുള്ള ഭർതൃപീഡനങ്ങളും സ്ത്രീകൾക്കെതിരേ ഭർത്താക്കന്മാർ നടത്തുന്ന മർദനങ്ങളും ലൈംഗികമായ സമ്മതത്തിന്റെ പരിധിയിൽ വരുന്നതല്ല. മറ്റുള്ള പീഡനങ്ങൾക്കു നിയമങ്ങൾ നിലവിലുണ്ട്. അത് പ്രയോഗക്ഷമമാക്കുന്നതിനു പകരം തികച്ചും അപ്രായോഗികമാണ് പുതിയ കണ്ടെത്തലുകൾ.
ഗർഭഛിദ്രം അവകാശമാകുമ്പോൾ
ഗർഭഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്ന് യു.എസ് സുപ്രിംകോടതി ഈയിടെ വിധിച്ചിരുന്നു. 1973ലെ വിഖ്യാതമായ റോ വേഴ്‌സസ് വേഡ് കേസിലെ, ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന വിധിയാണ് അമേരിക്കൻ പരമോന്നത കോടതി തിരുത്തിയത്. എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രത്തിനു അവകാശം നൽകുന്ന സുപ്രിംകോടതി വിധി ഏറെ വിചിത്രമായി തോന്നുന്നു. അവിവാഹിതർക്കുപോലും നൽകുന്ന ഈ അവകാശം വ്യഭിചാരവും വേശ്യാവൃത്തിയും വർധിപ്പിക്കാൻ കാരണമാകും. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായയെ കൊല്ലാൻ അവകാശമില്ലാത്ത നാട്ടിലാണ് കുഞ്ഞുങ്ങളെ അവർ ജനിക്കുംമുമ്പ് കൊല്ലാൻ അനുമതി നൽകിയുള്ള വിധി വരുന്നത്. ഗർഭഛിദ്രമെന്നത് ക്രിമിനൽ കുറ്റമായ ഒട്ടേറെ നാടുകൾ നമുക്കു ചുറ്റുമുണ്ടെന്നിരിക്കെ എല്ലാവർക്കും പരക്കെ നൽകുന്ന അവകാശവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരേ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്കു നാലാം സ്ഥാനമാണ്. രാജ്യ പുരോഗതിക്ക് പുരുഷന്റേതുപോലെ സ്ത്രീകളുടെ പങ്കും നിർണായകമാണെന്നും സമൂഹത്തിനു കളങ്കമായ പെൺഭ്രൂണഹത്യ പുരോഗതിക്ക് തുരങ്കമാകുമെന്നും മനസിലാക്കേണ്ട ആധുനിക സമൂഹത്തിലാണ് ഇത്തരം വിധികൾ.
നിയമങ്ങൾ
പരസ്പര വിരുദ്ധമാകും
ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കാനായിട്ടല്ലാതെ നടത്തുന്ന ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനു രണ്ടു വർഷത്തോളം വരുന്ന കാലത്തേക്കുള്ള തടവുശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗർഭിണി ചലിക്കുന്ന ഗർഭസ്ഥ ശിശുവോട് കൂടിയുള്ളതാണെങ്കിൽ ശിക്ഷ ഏഴു വർഷത്തോളമായിരിക്കും. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഈ വകുപ്പിൽ ഉൾപ്പെടുന്നു. ഇത്തരം നിയമങ്ങൾ നിലനിൽക്കെ പുതിയ നിയമം ഏത് അളവിലാണു സ്വീകരിക്കപ്പെടുന്നത്. ഒന്നുകിൽ പരസ്പര വിരുദ്ധമായ രണ്ടു നിയമങ്ങൾ ഉണ്ടാവുകുന്നു എന്നതിൽ കൃത്യത വേണം അല്ലെങ്കിൽ മുമ്പുണ്ടായിരുന്ന നിയമങ്ങൾക്ക് ഭേദഗതി വരുത്തിയതായുള്ള അറിയിപ്പുണ്ടാകണം. 'ഗർഭം ധരിക്കണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. അതുകൊണ്ട് ഗർഭഛിദ്രത്തിനും വിവാഹിതയ്‌ക്കൊപ്പം തന്നെ അവിവാഹിതയ്ക്കും അവകാശമുണ്ട്. അത് പൂർണമായും സ്ത്രീയുടെ തീരുമാനമാണ്' എന്ന് കോടതി പറയുമ്പോൾ ലിംഗനിർണയത്തിലെ നിരോധം ഇപ്പോഴും നിലനിൽക്കുന്നു എന്നും ഓർമിക്കണം.
'നമ്മൾ നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുമ്പ് തന്നെ ദൈവം നമ്മെ അറിയുന്നു' എന്ന് യിെരമ്യാവ് 1: 5 വചനത്തിൽ പറയുമ്പോൾ ക്രിസ്തുമതം ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. 'സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവർക്ക് അന്നം നൽകുന്നത് നാമാകുന്നു; നിങ്ങൾക്കും. അവരെ കൊന്നുകളയുന്നത് തീർച്ചയായും മഹാപാപമാകുന്നു' എന്ന ഖുർആനിക (അൽ ഇസ്റാഅ് 31) വചനം ഇസ്‌ലാമിലെ ത്ദ്‌വിഷയകമായുള്ള നിലപാടും പങ്കുവയ്ക്കുന്നുണ്ട്. തുറന്ന ലൈംഗീകത പെരുകിയ കാലത്ത് സ്‌കൂളുകളിൽ പോലും ലൈംഗിക ബന്ധങ്ങൾ വ്യാപകമാകുന്നത് തടയിടുകയാണു വേണ്ടത് എന്നിരിക്കെ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളുണ്ടാകുന്നത് സമൂഹ പുരോഗതിക്ക് ഒട്ടും ഭൂഷണമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."