സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച സ്വന്തം നാട്ടിൽ; വൻസ്വീകരണത്തിന് തയ്യാറെടുത്ത് യുഎഇ
സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച സ്വന്തം നാട്ടിൽ; വൻസ്വീകരണത്തിന് തയ്യാറെടുത്ത് യുഎഇ
അബുദാബി: ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ യുഎഇയുടെ അഭിമാനമായ സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച രാജ്യത്ത് തിരിച്ചെത്തും. ചരിത്രത്തിൽ രേഖപ്പെടുത്തിയ ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷം ഈ മാസം നാലിനാണ് അദ്ദേഹം ഭൂമിയിൽ തിരിച്ചിറങ്ങിയത്. നിലവിൽ അമേരിക്കയിലെ ടെക്സസിലെ ഹൂസ്റ്റണിൽ റിക്കവറി പരിപാടികളിൽ പങ്കെടുക്കുകയാണ് നെയാദി. യുഎഇയിൽ എത്തുന്ന അദ്ദേഹത്തിനായി രാജ്യം വൻവരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യമാണ് സുൽത്താൻ അൽ നെയാദി പൂർത്തിയാക്കിയത്. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരനാണ് നെയാദി. ഏറ്റവും കൂടുതൽ സമയം ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ആദ്യ എമറാത്തിയെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തം.
സെപ്റ്റംബർ നാലിന് യുഎഇ സമയം രാവിലെ 8.17ന് ഫ്‌ലോറിഡ ജാക്‌സണ്‍വില്ലെ തീരത്ത് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. മാര്‍ച്ച് മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പുറപ്പെട്ടത്. ദീര്‍ഘകാല ഗവേഷണങ്ങള്‍ക്കായി പുറപ്പെട്ട സംഘം ആറ് മാസക്കാലത്തിനിടെ 200ലധികം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. ആകെ 186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നിയാദിയും സംഘവും മടങ്ങിയത്.
നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്‌യേവ് എന്നിവരാണ് സുൽത്താൻ അൽ നെയാദിക്കൊപ്പം ഫ്‌ലോറിഡ ജാക്‌സണ്‍വില്ലെ തീരത്ത് തിരിച്ചിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."