കിതക്കുന്ന രൂപയും തകരുന്ന സമ്പദ്‌വ്യവസ്ഥയും
പ്രൊഫ. റോണി കെ. ബേബി
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് തുടരുകയാണ്. വർധിച്ചുവരുന്ന വ്യാപാരക്കമ്മി, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, ഇന്ധന വിലവർധന തുടങ്ങിയവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. വൈകാതെ മൂല്യം 85 നിലവാരം പിന്നിടുമെന്നാണ് പ്രവചനങ്ങൾ. ഈ വർഷം മെയ് മുതൽ രൂപ തുടർച്ചയായി തകർച്ചയിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ സാമ്പത്തിക കെട്ടുറപ്പിനെക്കുറിച്ച് ആഗോള നിക്ഷേപകർക്ക് ആശങ്കയുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്നുമുള്ള പഠനങ്ങൾ പുറത്തുവരുന്നുണ്ട്. വിലയിടിവിന്റെ പ്രധാന ആഘാതം ഇറക്കുമതിച്ചെലവിലും അതുവഴി വിലക്കയറ്റത്തിലുമാണ് ഉണ്ടാകുന്നത്. ഇതുമൂലം ഒട്ടും ആഹ്ലാദകരമല്ല ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പ്രവണതകൾ. ഓഹരി വിപണിയിൽ തിരിച്ചടി, സാമ്പത്തിക മാന്ദ്യ ഭീഷണി, പണപ്പെരുപ്പം, പലിശനിരക്കു വർധന അങ്ങനെ നിരവധി വിഷയങ്ങൾ. ഓഹരിവിപണികൾ ഏറ്റവും താഴ്ന്നനിലയിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. സാമ്പത്തിക ആശങ്കകളും മാന്ദ്യഭീതിയുമാണ് ഇപ്പോൾ വിപണിയിൽ പിടിമുറുക്കുന്നത്. രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് പണപ്പെരുപ്പം വീണ്ടും ഉയരാനിടയാക്കും. അത് സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കും.
രാജ്യം മൻമോഹൻ സിങ്ങിനെ മറന്നു
1993ൽ നവ ലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കിയപ്പോൾ നമുക്ക് വളരെ കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു. 1980കളുടെ അവസാനം രാജ്യം വലിയ സാമ്പത്തിക തകർച്ചയെ നേരിട്ടപ്പോഴാണ് ഡോ. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധൻ ധനകാര്യമന്ത്രിയെന്ന നിലയിൽ പുത്തൻ സാമ്പത്തിക നയവുമായി കടന്നുവരുന്നത്. തന്ത്രപ്രധാനമായ മേഖലകൾ ഒഴികെ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയ്ക്കും വിദേശനിക്ഷേപത്തിനും തുറന്നുകൊടുത്തു. ഇതിൻ്റെ ഫലമായി അതിശയിപ്പിക്കുന്ന രീതിയിലുള്ള വിദേശ മൂലധന നിക്ഷേപമാണ് ഒഴുകിയെത്തിയത്. രാജ്യം വലിയ സാമ്പത്തിക പുരോഗതി കൈവരിക്കുകയുണ്ടായി. പക്ഷേ പുതിയ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയപ്പോഴും രണ്ടു കാര്യങ്ങളിൽ പ്രത്യേക താൽപര്യം മൻമോഹൻ സിങ് നൽകുകയുണ്ടായി. ഒന്നാമതായി ഒരു റെഗുലേറ്റർ എന്ന നിലയിൽ സകല സാമ്പത്തിക പ്രവർത്തനങ്ങളുടെയും മേൽനോട്ടം സർക്കാരിൻ്റെ കൈവശം നിലനിർത്തി. രാജ്യത്തെ സാമ്പത്തിക രംഗം സ്വകാര്യ മൂലധന നിക്ഷേപങ്ങൾക്ക് പൂർണമായും തുറന്നു കൊടുത്തില്ല എന്നർഥം.
മൻമോഹൻ സിങ് ശ്രദ്ധ പതിപ്പിച്ച മറ്റൊരു പ്രധാന മേഖല രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. ഇതിനുവേണ്ടി എം. നരസിംഹം കമ്മിഷനെ നിയമിക്കുകയും കമ്മിഷന്റെ രണ്ടു റിപ്പോർട്ടുകളും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്തു. ഈ പുനരുദ്ധാരണ നടപടികളാണ് 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ ഇന്ത്യയെ സഹായിച്ചത്. ശതകോടി നിക്ഷേപമുള്ള രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് കമ്പനികളും ലോകനിലവാരത്തിലുള്ള മത്സരത്തിൽ പിടിച്ചുനിന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇവയൊക്കെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കത്തിലാണ് മോദി സർക്കാർ.
ദിശാബോധം
നഷ്ടപ്പെട്ട നയങ്ങൾ
ശുഭപ്രതീക്ഷകളുടെ പുതിയ വഴിത്താരയിലൂടെ സാമ്പത്തികമായി മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് 2014 ൽ ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിൽ രാജ്യത്തുണ്ടായിരുന്ന വലിയ പ്രതീക്ഷയുടെ അന്തരീക്ഷം പതിയെ മന്ദീഭവിക്കാൻ ആരംഭിച്ചു. മോദി ഭരണകൂടത്തിന്റെ കീഴിൽ നടപ്പാക്കുന്ന തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് നിസ്സംശയം പറയേണ്ടതുണ്ട്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്തത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്ന ജി.ഡി.പി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. തങ്ങൾക്ക് അനുകൂലമായ രീതിയിൽ രാജ്യം സാമ്പത്തികമായി വളരുന്നു എന്ന തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ആറു പതിറ്റാണ്ടോളം സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ പ്ലാനിങ് കമ്മിഷന്റെ പേര് നീതി ആയോഗ് എന്ന് മാറ്റുക മാത്രമല്ല അതിനെ അപ്രസക്തമാക്കുക കൂടി ചെയ്യുകയുണ്ടായി.
നേട്ടം കോർപറേറ്റുകൾക്ക്
തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഒരു ഉപാധിയും ഇല്ലാതെ രാജ്യത്തിൻ്റെ സമസ്ത സാമ്പത്തിക മേഖലകളും സ്വകാര്യ മൂലധന നിക്ഷേപകർക്ക് വേണ്ടി തുറന്നുകൊടുത്തു. സർക്കാരിൻ്റെ ആനുകൂല്യങ്ങളുടെ ഗുണഫലം മുഴുവൻ ലഭിച്ചത് അദാനിയെ പോലെയുള്ള കോർപറേറ്റുകൾക്കാണ്. ഇതിനിടയിലാണ് സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആഘാതമായി കറൻസി പിൻവലിക്കൽ എന്ന തീർത്തും അപ്രതീക്ഷിതമായ നടപടിയുണ്ടാകുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ജീൻ ഡ്രസ്സേ അഭിപ്രായപ്പെട്ടത് 'അതിവേഗം മുൻപോട്ടുകുതിച്ചുകൊണ്ടിരുന്ന കാറിൻ്റെ മുൻചക്രത്തിന് നേരെ തോക്കിൽ നിന്ന് ഉതിർത്ത വെടിയാണ് കറൻസി പിൻവലിക്കൽ' എന്നാണ്. അതിവേഗം മുൻപോട്ട് നീങ്ങിയ കാറെന്ന് ഇവിടെ വിവക്ഷിക്കുന്നത് കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയാണ്.
പാളുന്ന റിസർവ് ബാങ്ക് നടപടികൾ
രൂപയുടെ വിലത്തകർച്ച പിടിച്ചുനിർത്താൻ അസാധാരണ നടപടികളുമായിട്ടാണ് റിസർവ് ബാങ്ക് മുന്നോട്ടുപോകുന്നത്. ഇതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി റിപ്പോ നിരക്കും ബാങ്ക് നിരക്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഫലമായി പലിശ നിരക്കുകളും ഉയരുന്നു. എല്ലാതരത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. ജനങ്ങളുടെ കൈയിലുള്ള പണലഭ്യതയെ കുറച്ചുകൊണ്ടുവരുന്നതിനാണ് പലിശ നിരക്കുകൾ ഉയർത്തുന്നത്. പക്ഷേ തുടർച്ചയായി പലിശ നിരക്കുകൾ ഉയർത്തിയിട്ടും വിലക്കയറ്റം തുടരുന്നത് തീർച്ചയായും ആശങ്കാജനകമാണ്. വിലക്കയറ്റം ഒരു പരിധി വിട്ടുപോകുമ്പോൾ ജനങ്ങളുടെ ക്രയശേഷിയെ അത് ഗുരുതരമായി ബാധിക്കും. കമ്പോളത്തിൽ ആവശ്യമായ സാധനങ്ങളുണ്ട്. പക്ഷേ ജനങ്ങൾക്ക് അത് വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലാത്ത അവസ്ഥ. ഇത് എത്തിക്കുന്നത് രൂക്ഷമായ പട്ടിണിയിലേക്കായിരിക്കും.
പെരുകുന്ന അസമത്വം
രാജ്യത്ത് ഇപ്പോൾ കണ്ടുവരുന്ന പ്രവണത സമ്പന്നർ അതിസമ്പന്നരാവുകയും ദരിദ്രർ അതിദരിദ്രരാവുകയും ചെയ്യുന്നു എന്നതാണ്. സമ്പത്ത് വിരലിലെണ്ണാവുന്ന ആളുകളിലേക്ക് കുന്നുകൂടുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് അവരുടെ നിത്യച്ചെലവുകൾക്ക് പോലും വകയില്ലാതാവുകയും ചെയ്യുന്നു. വർഗീയതയ്‌ക്കൊപ്പം ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ഒന്ന് വർധിച്ചുവരുന്ന ഈ സാമ്പത്തിക അസമത്വമാണെന്ന് പറയേണ്ടിയിരിക്കുന്നു. നോബൽ സമ്മാന ജേതാവായ തോമസ് പിക്കറ്റി തന്റെ 'ക്യാപ്പിറ്റൽ' എന്ന പുസ്തകത്തിൽ പറയുന്നത് ഇന്ത്യയിൽ വരുമാന നികുതി കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സാമ്പത്തിക അസമത്വത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോകുന്നത് എന്നതാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ മുമ്പിലുള്ളത് വളരെ ഗുരുതര സ്ഥിതിവിശേഷമാണെന്നാണ്. പക്ഷേ യാഥാർഥ്യബോധമില്ലാത്ത നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതാണ് ഏറ്റവും ദുഃഖകരം. വസ്തുതകളെ മറച്ചുവച്ചുകൊണ്ട് എല്ലാം ഭംഗിയാണ്, രാജ്യം അഭിവൃദ്ധിയുടെ പാതയിലൂടെയാണ്, സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുകയാണ് എന്ന ചിത്രം അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള പെടാപ്പാടിലാണ് ഭരണകൂടം. യാഥാർഥ്യങ്ങളെ പരിശോധിച്ചുകൊണ്ട് ആവശ്യമായ തിരുത്തൽനടപടികൾ സ്വീകരിക്കുന്നതിന് പകരം ആസൂത്രിതമായ കള്ളക്കഥകളിലൂടെ രാജ്യം കുതിക്കുകയാണെന്ന കുപ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."