ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ: സ്വമേധയാ അന്വേഷണത്തിന് ഐ.എം.എ; സ്വകാര്യ ഭാഗങ്ങളിലെ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐ.എം.എ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളിയിലെ ഫഌറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.
അതേ സമയം അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."