HOME
DETAILS

കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്ന ധനകാര്യനയം

  
backup
July 24 2021 | 20:07 PM

651313651-2021

പ്രൊഫ. കെ. അരവിന്ദാക്ഷന്‍


കൊവിഡ് രണ്ടാംതരംഗത്തിന്റെ കടന്നാക്രമണത്തോടൊപ്പം പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും തുടര്‍ച്ചയായ വേലിയേറ്റം കൂടിയായതോടെ രാജ്യമെമ്പാടുമുള്ള കുടുംബങ്ങള്‍ നിത്യജീവിതത്തിന്റെ രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കുമെന്ന് ചിന്തിച്ച് കടുത്ത നിരാശയിലാണ്. തൊഴിലവസര നഷ്ടവും വരുമാന നഷ്ടവും തൊഴിലില്ലായ്മയുടെ രൂക്ഷമായ വര്‍ധനവുംമൂലം ജനജീവിതം വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണിന്ന്. സ്വന്തം ജീവനും കുടുംബത്തിന്റെ ജീവിതവും എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ നട്ടംതിരിയുന്ന ജനത്തിന് പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അക്കാദമിക് ഡിബേറ്റില്‍ താല്‍പര്യമൊന്നുമില്ല. അവര്‍ക്കാവശ്യം താങ്ങാനാവുന്ന വിലക്ക് നിത്യോപയോഗ വസ്തുക്കള്‍ പരിമിതമായ തോതിലെങ്കിലും വിപണികളില്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കുക എന്നതു മാത്രമാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ സാധാരണ ജനങ്ങള്‍ക്കും ഇടത്തരം വരുമാന വിഭാഗക്കാര്‍ക്കും എന്തു സംഭവിക്കുന്നു എന്നതിനെപ്പറ്റി ഒട്ടുംതന്നെ ചിന്തിക്കുന്നതായി തോന്നുന്നില്ല. നിശ്ചിത വരുമാനക്കാരെ സംബന്ധിച്ചാണെങ്കില്‍ വരുമാനത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ കിട്ടുന്ന വരുമാനം എത്രനാള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന സ്ഥിതിയാണുള്ളത്. കൂലിപ്പണിക്കാരുടെ സ്ഥിതിയും സമാനമാണ്.


പരമ്പരാഗതമായ ധാരണയനുസരിച്ച് പണപ്പെരുപ്പമെന്ന പ്രതിഭാസം ഉടലെടുക്കുന്നത് കൂടുതല്‍ പണം, ലഭ്യതക്കുറവായ ചരക്കുകളുടെ മേല്‍ ഡിമാന്റിന്റേതായ അധിക സമ്മര്‍ദം ചെലുത്തുക അതിന്റെ ഫലമായിട്ടാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ സമിതി ഇതില്‍നിന്നു ഭിന്നമായ നിലയിലാണ്. ഇവിടെ, പൊതുചെലവുകള്‍ക്കായുള്ള പണം സമാഹരിക്കുന്നതിലേക്ക് നിരവധി തരം നികുതികള്‍ സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രത്യേക മേഖലയില്‍ മാത്രം കേന്ദ്രീകരിക്കുന്ന പ്രവണതയാണ് കാണപ്പെടുന്നത്, അതായത് ഉപഭോഗവസ്തുക്കളുടെ മേഖലയില്‍. അതുകൊണ്ടുതന്നെയാണ് സമൂഹത്തിലെ പാവപ്പെട്ടവരേയും സാധാരണക്കരേയും പണപ്പെരുപ്പം കൂടുതലായും ബാധിക്കുന്നതും. സമ്പന്നവര്‍ഗം നികുതിഭാരത്തിന്റെ ആഘാതത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതും. ഈ നിഗമനത്തിനാധാരമായി ഇന്ധനവില വര്‍ധന മാത്രം പരിഗണിച്ചാല്‍ മതിയാകും. പെട്രോളിയം ഉത്പന്നങ്ങളായ പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവക്കുമേല്‍ തീരുവ, എക്‌സൈസ് തീരുവ, സേവനനികുതി, മൂന്ന് തരം ജി.എസ്.ടി നിരക്കുകള്‍ എന്നിങ്ങനെയുള്ളവയുടെ ഒരു നീണ്ടനിരതന്നെയുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരോക്ഷ നികുതി വരുമാനത്തില്‍ സിംഹഭാഗവും കിട്ടുന്നത് ഇത്തരം നികുതിവഴിയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള പെട്രോളിയം ഉല്‍പാദനം അപര്യാപ്തമായതിനാല്‍ പ്രതിവര്‍ഷം നാം ഇറക്കുമതി ചെയ്യുന്നത് 110 ബില്യന്‍ ഡോളര്‍ അഥവാ, എട്ട് ലക്ഷം കോടിമൂല്യമുള്ള അസംസ്‌കൃത പെട്രോളിയമാണ്. പിന്നിട്ട 2020-21 വര്‍ഷക്കാലയളവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഇനത്തില്‍ 5.6 ലക്ഷം കോടി രൂപക്കുള്ള വരുമാനമാണ് നേടിയെടുത്തത്. അതായത് ഒരു മണിക്കൂറില്‍ 64 കോടി രൂപ നിരക്കില്‍ ഈ കണക്കുകളിലൂടെ മാത്രം നമ്മുടെ പൊതുധനകാര്യം സംബന്ധമായ വ്യക്തമായൊരു ചിത്രമായിരിക്കും ലഭിക്കുക.
നമുക്കിനി ഭരണരംഗത്തെ ചെലവുകളുടെ കാര്യമെടുക്കാം. 2009-10 ല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ ചെലവിനത്തില്‍ ആവശ്യമായി വന്നത് 18.52 ലക്ഷം കോടി രൂപയാണത്രെ. അതായത് ഓരോ മണിക്കൂറിലും 211 കോടി വീതം. 2019-20 ല്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ ഇന്ധനവില വരുത്തിവച്ച ചെലവ് 66.34 ലക്ഷം കോടി രൂപയായിരുന്നു. അതായത് ശരാശരി ഒരു മണിക്കൂറില്‍ 750 കോടി രൂപയിലേറെ. എന്നാല്‍ ഇതുകൊണ്ടു മാത്രം ചെലവിനാവശ്യമായ പണം മതിയാകില്ല.

വരുമാനവും ചെലവും തമ്മിലുള്ള വിടവ് നികത്താന്‍ കടം വാങ്ങുകയും ചെയ്തു. ഇത്തരം കടബാധ്യത ഓരോ വര്‍ഷവും പെരുകിവരുകയുമാണ്. അതിനാല്‍ 2021-22 ധനകാര്യ വര്‍ഷത്തില്‍ വായ്പാ പലിശ ഇനത്തില്‍ മാത്രമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ മണിക്കൂറിലും 92 കോടി രൂപ വേണ്ടിവരും. ഇതിന്റെ അര്‍ഥം പലിശ ബാധ്യതമാത്രം നികുതി വരുമാനത്തിന്റെ 50 ശതമാനത്തോളവും ചെലവിന്റെ 25 ശതമാനവും വരുമത്രെ.
നികുതി വരുമാനത്തിനു പുറമെ കടം വാങ്ങിയും കോടികള്‍ ചെലവിട്ടതിനുശേഷവും സാധാരണ ജനങ്ങള്‍ പൊതുസേവനങ്ങളുടെ ലഭ്യതക്കുറവുമൂലം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. പാന്‍ഡമിക് അനാവരണം ചെയ്തിരിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും സാമൂഹ്യവ്യസ്ഥയേയും അസ്ഥിരപ്പെടുത്തിയിട്ടുള്ളത് ആരോഗ്യ- വിദ്യാഭ്യാസ മേഖകളിലെയും നിക്ഷേപത്തിലുണ്ടായിരിക്കുന്ന അപര്യപ്തതമൂലമാണെന്നാണ്. ആരോഗ്യമേഖലയ്ക്കായി ജി.ഡി.പിയുടെ 1.25 ശതമാനമെന്ന തോതിലുള്ള ചെലവ് ഇരട്ടിയെങ്കിലുമാക്കണമെന്നതാണ് വിദഗ്ധാഭിപ്രായം. 1966 ല്‍ ഡി.എസ് കോത്താരി അധ്യക്ഷനായ കമ്മിഷന്‍ നിര്‍ദേശിച്ച വിദ്യാഭ്യാസ മേഖലയുടെ ചെലവായ ജി.ഡി.പിയുടെ ആറ് ശതമാനമെന്നത് ഏതുകാലത്താണ് യാഥാര്‍ഥ്യമാവുക എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. വിദ്യാഭ്യാസമേഖലയ്ക്കായി ഇപ്പോള്‍ ചെലവിടുന്നത് ജി.ഡി.പിയുടെ 2.5 ശതമാനം മാത്രമാണെന്നോര്‍ക്കുക.


ഇതിന്റെ അര്‍ഥം സാമ്പത്തിക ആന്തരഘടനാമേഖലകളില്‍ സര്‍ക്കാര്‍ വക നിക്ഷേപം കുറക്കണമെന്നല്ല. തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാന്‍ വ്യാവസായിക- ആന്തരഘടന- സേവന മേഖലകളില്‍ നിക്ഷേപം തുടര്‍ച്ചയായി ഉയര്‍ത്താതെ നിര്‍വാഹമില്ല. എന്നാല്‍, ഈ ഘട്ടത്തില്‍ ന്യായമായും ഉയരുന്ന ഒരു ചോദ്യം, നിര്‍ദിഷ്ടമായ തോതില്‍ നിക്ഷേപം ഉയര്‍ത്തണമെങ്കില്‍ അതിനാവശ്യമായ ധനകാര്യ വിഭവങ്ങള്‍ എങ്ങനെ സമാഹരിക്കാന്‍ കഴിയുമെന്നാണ്. ധാര്‍മികതയുടെ പേരില്‍ മാത്രമല്ല, ധനശാസ്ത്രത്തിന്റെ മൗലികനിയമങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കണം ഇതിനുപരിഹാരവും കാണേണ്ടത്. അധിക നികുതിഭാരം താങ്ങാന്‍ കഴിവുള്ളവരില്‍നിന്ന് അത് ഈടാക്കുക എന്നതു മാത്രമാണ് പരിഹാര മാര്‍ഗം. ഇന്ത്യയില്‍ തന്നെ മഹാമാരി കാലയളവില്‍പോലും ബില്യനറായവര്‍ വന്‍തോതിലാണ് അധിക വരുമാനവും ആസ്തിയും വാരിക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഓഹരി വിപണികളിലെ ഊര്‍ജസസ്വലതയിലൂടെ ദൃശ്യമാകുന്നത്. ഈ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതാണെങ്കില്‍ കൂടി എന്തേ കോര്‍പറേഷന്‍ നികുതി വരുമാനത്തില്‍ പ്രതീക്ഷച്ചതോതില്‍ വര്‍ധനവുണ്ടാകുന്നില്ല?


നിലനില്‍ക്കുന്ന വികസനമാണ് നാം കാംക്ഷിക്കുന്നതെങ്കില്‍ അതിനാവശ്യമായ പശ്ചാത്തലം സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാവുകതന്നെ വേണം. ഇതിനാവശ്യം വേണ്ടത് ഉപഭോഗത്തിലും സ്വകാര്യനിക്ഷേപത്തിലും പൊതുനിക്ഷേപത്തിലും മാത്രമല്ല, കയറ്റുമതിയിലും തുടര്‍ച്ചയായ വര്‍ധനവാണ്. ഉപഭോഗമാണ്, നിക്ഷേപ പ്രോത്സാഹനത്തിന്റെ ചാലകശക്തി. ഈ ശക്തി ക്ഷയിക്കാനിടയായാല്‍ നിക്ഷേപത്തിന്റെ ചലനം നടക്കാതെവരും. അതോടെ, ഉല്‍പാദനം ഇടിയും. പണപ്പെരുപ്പത്തിന്റെ തോതും ഗതിവേഗവും വര്‍ധിക്കും. ജനജീവിതം ദുസ്സഹമാകും. സാമ്പത്തിക മേഖലയാകെ തന്നെ തളര്‍ച്ചയിലാവുകയും ചെയ്യും. കോര്‍പറേറ്റ് നികുതി ഇളവുകളും പലിശനിരക്കില്‍ വരുത്തുന്ന കുറവും വികസിത പ്രശ്‌നത്തിനുള്ള ഭാഗികമായ പരിഹാരം മാത്രമേ ആകുന്നുള്ളൂ.
ധനകാര്യ വിഭവസമാഹരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് മറ്റൊരു വശംകൂടിയുണ്ട്. നികുതി വര്‍ധനത്തിനപ്പുറമുള്ള ഒന്നാണിത്. ഉദാരവല്‍കരണം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടതിനുശേഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് നിരവധി സ്ഥാപനങ്ങളുടെ ഉടമകളായി തുടരുന്നത്. ഇവയില്‍ പലതും വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തനം നടത്തിവരുന്നതും. ഈ സ്ഥിതിയില്‍ സമൂലമാറ്റം കൂടിയേതീരൂ. വിഭവ ദൗര്‍ലഭ്യം രൂക്ഷമായി തുടരുന്നൊരു സമ്പദ്‌വ്യവസ്ഥയില്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അലങ്കരമല്ല, ബാധ്യതയാണ്, അപമാനമാണ്. ഈ മേഖലയിലും അടിമുടി പുനപ്പരിശോധന നടത്തണം. നരേന്ദ്ര മോദി സര്‍ക്കാരിന് ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് കരുതാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago