പഴവർഗ ഇറക്കുമതിയുടെ മറവിൽ 1476 കോടിയുടെ ലഹരിക്കടത്ത് ഒരു മലയാളി അറസ്റ്റിൽ; ഒരാളെ പൊലിസ് തിരയുന്നു
മുംബൈ • പഴവർഗ ഇറക്കുമതിയുടെ മറവിൽ 1,476 കോടിയുടെ ലഹരിമരുന്ന് കടത്തിയ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസ് ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്‌സ്‌പോർട്‌സ് ഉടമ തച്ചാപറമ്പൻ മൻസൂറിനായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച വാശിയിലെ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. പഴവർഗങ്ങൾ കൊണ്ടുപോയ ട്രക്കിൽ നിന്ന് 198 കിലോ മെത്താഫെറ്റമിനും 9 കിലോ കൊകെയ്‌നുമാണ് കണ്ടെത്തിയത്. വിജിനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്ത് വെളിപ്പെട്ടത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ്. 70 ശതമാനം ലാഭവിഹിതം വിജിനും 30 ശതമാനം മൻസൂറിനുമായിരുന്നുന്നെന്ന് ഡി.ആർ.ഐ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.
കൊവിഡ് കാലത്ത് മൻസൂർ മുഖേന വിജിൻ ദുബൈയിലേക്ക് മാസ്‌ക് കയറ്റി അയച്ചിരുന്നു. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് പണമുണ്ടാക്കിയതോടെയാണ് പരസ്പര ധാരണയിൽ ലഹരിക്കടത്തിലേക്ക് കടന്നത്.
അതേസമയം, ലഹരിക്കടത്തുമായി തനിക്കും വിജിനും ബന്ധമില്ലെന്ന് മോർ ഫ്രഷ് എക്‌സ്‌പോർട്‌സ് ഉടമ തച്ചാപറമ്പൻ മൻസൂർ പറഞ്ഞു. ഗുജറാത്ത് സ്വദേശിയായ അമൃത് പട്ടേൽ തന്റെ കണ്ടെയ്‌നറിൽ അയച്ച പാഴ്‌സലിലായിരുന്നു ലഹരി. ദക്ഷിണാഫ്രിക്കൻ പൊലിസിനോട് പട്ടേൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. വിജിന് ഇതുമായി ബന്ധമില്ലെന്നും മൻസൂർ സ്വകാര്യ ചാനലിനോട് പറഞ്ഞു. വിജിൻ അടുത്ത സുഹൃത്താണ്. ഇയാളെ ചോദ്യം ചെയ്താൽ തന്റെ പേരു മാത്രമേ പറയൂ. മറ്റൊന്നും വിജിന് അറിയില്ലെന്നും മൻസൂർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."