പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിച്ചു ; അധ്യക്ഷ പദവികളിൽനിന്ന് പ്രതിപക്ഷം പുറത്ത്
ഒഴിവാക്കപ്പെട്ടവരിൽ തരൂരും മനു അഭിഷേക് സിങ്‌വിയും
ന്യൂഡൽഹി • സുപ്രധാന പാർലമെന്ററി സ്ഥിരം സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ ഒഴിവാക്കി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യം, ആരോഗ്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയത്. ഇവ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും കൈയിലായി. ഐ.ടികാര്യ സമിതി അധ്യക്ഷൻ ശശി തരൂരിനെ മാറ്റി പകരം ശിവസേന ഷിൻഡെ വിഭാഗം അംഗം പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു. ആഭ്യന്തരകാര്യ സമിതി അധ്യക്ഷൻ കോൺഗ്രസ് എം.പി മനു അഭിഷേക് സിങ് വിയെ മാറ്റി ബി.ജെ.പി അംഗവും റിട്ട. ഐ.പി.എസ് ഓഫിസറുമായ ബ്രിജ് ലാലിന് നൽകി. സിങ് വിക്ക് മുമ്പ് കോൺഗ്രസിലെ ആനന്ദ് ശർമയായിരുന്നു അധ്യക്ഷൻ.
ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ സമിതി അധ്യക്ഷ സ്ഥാനം തൃണമൂൽ അംഗം സുദീപ് ബന്ദോപാധ്യായയിൽ നിന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജിക്ക് നൽകി. ആരോഗ്യകാര്യ സമിതി അധ്യക്ഷൻ എസ്.പി അംഗം രാം ഗോപാൽ വർമയെ മാറ്റി ബി.ജെ.പിയുടെ ഭുവനേശ്വർ കലിതയെ ഏൽപിച്ചു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, വനം പരിസ്ഥിതി സമിതി അധ്യക്ഷനായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് തുടരും. പുനഃസംഘടനയിൽ ഈ അധ്യക്ഷ പദം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
തൃണമൂലിന് അധ്യക്ഷ പദവികളൊന്നും ലഭിച്ചില്ല. പുതിയ വ്യവസായ സമിതി അധ്യക്ഷൻ ഡി.എം.കെ അംഗം തിരുച്ചി ശിവയാണ്. നേരത്തെ വാണിജ്യ സമിതി അധ്യക്ഷ സ്ഥാനം ഉണ്ടായിരുന്ന വൈ.എസ്.ആർ കോൺഗ്രസിന് ഗതാഗതം, ടൂറിസം, ഏവിയേഷൻ അധ്യക്ഷ സ്ഥാനം നൽകി. ബി.ജെ.പി എം.പി വിവേക് താക്കൂർ (വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം), ബി.ജെ.പി അംഗം ജഗദാംബിക പാൽ (ഊർജ കാര്യം), ജെ.ഡി.യു അംഗം ലല്ലൻ സിങ് (നഗരവികസനം) എന്നിങ്ങനെയാണ് മറ്റ് അധ്യക്ഷ പദവികൾ. ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് പുനഃസംഘടനയെ പ്രതിപക്ഷം വിമർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."