രാജ്യാന്തരീയത: ക്ഷണക്കത്തുകളിലെ ഗുണകാംക്ഷ
ഹനീഫ് റഹ്മാനി
പനങ്ങാങ്ങര
മുഹമ്മദ് നബി (സ) പരിമിതമായ വർഷങ്ങൾ കൊണ്ട് എങ്ങനെയാണ് ലോകവ്യാപകമായി സത്യസന്ദേശമെത്തിക്കുന്നതിന് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തതെന്നത് കൗതുകകരവും ഏറെ വിസ്മയകരവുമായ പഠനമാണ്. സ്രഷ്ടാവ് പ്രപഞ്ചത്തിലേക്ക് അയച്ച അവസാന ദൂതനാണ് വിശുദ്ധ പ്രവാചകർ (സ). സർവലോകത്തിനും അനുഗ്രഹമായിട്ടായിരുന്നു തങ്ങളുടെ നിയോഗം. എല്ലാ സമൂഹങ്ങളിലേക്കും സ്രഷ്ടാവിന്റെ സന്ദേശം എത്തണമെന്നത് ദൈവിക താൽപര്യമാണ്. സന്ദേശം എത്തിക്കുക എന്നതിൽ കവിഞ്ഞ് ജനങ്ങളിലേക്ക് അടിച്ചേൽപിക്കുക പോലുള്ള ഒരു നിർബന്ധവും നബി (സ)യുടെ ഉത്തരവാദിത്തത്തിൽ പെടുന്നില്ല. വിശുദ്ധ ഖുർആൻ ഉണർത്തി. 'വ്യക്തമായ നിലയിൽ എത്തിച്ചുനൽകുകയല്ലാതെ നമുക്ക് ബാധ്യതയില്ല.' (യാസീൻ 17).
'റസൂൽ' എന്ന പദംതന്നെ അർഥമാക്കുന്നത് ദൂതൻ എന്നാണ്. സ്രഷ്ടാവിനും സൃഷ്ടികൾക്കുമിടയിൽ വിനീത ദാസനായ ഒരു സന്ദേശവാഹകന്റെ റോൾ മനോഹരമായി നബി (സ) തങ്ങൾ നിർവഹിച്ചു. മദീനയിൽ പലായനം ചെയ്‌തെത്തിയ ശേഷമുള്ള പ്രവാചക ചരിത്രത്തിലെ എണ്ണപ്പെട്ട വർഷങ്ങൾ വളരെ നിർണായകമായിരുന്നു. താൻ ഏറ്റെടുത്ത ദൗത്യം ലോകാവസാനം വരെ വരാനിരിക്കുന്ന മാനുഷ്യകത്തിന് എത്തിച്ചുകൊടുക്കാനുതകുന്നതെല്ലാം ആ ഒരു ദശാബ്ദക്കാലം കൊണ്ട് ചെയ്തുതീർത്തു.
ഇസ്‌ലാമിന്റെ സന്ദേശം പ്രവാചകരിൽ നിന്നു നേരിട്ടു കേൾക്കാൻ അവസരമുണ്ടായ പ്രദേശമാണ് മക്ക. നബി(സ)യെ പരിചയപ്പെടാനായപ്പോൾ ഉൾകൊള്ളാനും സ്വീകരിക്കാനും സർവാത്മനാ സഹകരിക്കാനും സന്നദ്ധമായി മദീന. പരിസരങ്ങളിലെ ഗോത്രങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പലപ്പോഴായി സത്യസന്ദേശവുമായി പ്രബോധന സംഘങ്ങളെ തിരുദൂതർ അയച്ചു. മദീനയിൽ സമാധാനം സ്ഥാപിതമായപ്പോൾ ഇതര നാടുകളിലേക്കും ദൗത്യസംഘങ്ങളെ അയച്ചു.
പേർഷ്യയിലെ കിസ്‌റാ, റോമിലെ ഖൈസർ, ഈജിപ്ത്തിലെ മുഖൗഖിസ്, എത്യോപ്യയിലെ നജ്ജാശി, യമാമയിലെ ഹൗസ എന്നീ ഭരണാധിപന്മാരിലേക്ക് ദൂതന്മാരെ അയച്ചു. ഈ നയതന്ത്ര യാത്രകളെല്ലാം ഹിജ്‌റ ഏഴാം വർഷം മുഹർറമിലായിരുന്നു. ഹിജ്‌റ എട്ടാം വർഷം ബഹ്‌റൈനിലേക്കും ഒമാനിലേക്കും ദൂതന്മാർ അയക്കപ്പെട്ടു. ചില രാജാക്കന്മാർ കത്ത് ലഭിക്കാതെയും ഇസ് ലാം സ്വീകരിച്ചതായി തിരുദൂതർ (സ)ക്ക് വിവരമറിയിച്ചു.
കൊടുത്തയക്കപ്പെടുന്ന കത്തുകൾക്ക് ആധികാരികതയും ഔദ്യോഗികതയും ഉറപ്പുവരുത്തുന്നതിനായി 'അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ്' എന്നർഥം വരുന്ന 'മുഹമ്മദ് റസൂലുല്ലാഹ്' മുദ്രണം ചെയ്ത മോതിരം കൊണ്ട് സീൽ പതിച്ച കത്തുകളായിരുന്നു കൊടുത്തുവിട്ടത്. ഇതര രാജ്യങ്ങളിലെ ഭരണാധികാരികളോടുള്ള പ്രവാചകന്റെ നിലപാടുകളും സമീപനങ്ങളും മാന്യവും മാതൃകാപരവുമായിരുന്നു. പദവികളെ ബഹുമാനിക്കുകയും അഭിസംബോധനയിലും ഉള്ളടക്കങ്ങളിലും സൗമ്യവും ഹൃദ്യവുമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു.
പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളും അവരുടെ മേൽക്കോയ്മയിലുള്ള പ്രദേശങ്ങളുമാണ് അന്ന് പൊതുവെ ഉണ്ടായിരുന്നത്. സാമ്രാജ്യത്വശക്തികൾ പരസ്പരം ഏറ്റുമുട്ടി ജയപരാജയങ്ങൾ പങ്കിടുന്നതിനിടെയാണ് സമാധാനസന്ദേശവുമായി ദൂതന്മാർ കടന്നുചെല്ലുന്നത്. അവരോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്.
വലിയ സൈനികബലവും എന്തിനും തയാറുള്ള അനുയായി വൃന്ദവും സൈനികനീക്കങ്ങളിൽ തുടരെയുള്ള വിജയങ്ങളും നേടിയിട്ടും കടന്നാക്രമണം നടത്തിയോ ഭീഷണിയുടെ ഭാഷ ഉപയോഗിച്ചോ അന്യനാടുകളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കാതെ തികച്ചും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കാൻ പരമാവധി വിട്ടുവീഴ്ച ചെയ്തും പ്രബോധന ദൗത്യവുമായി മുന്നേറാൻ ശ്രമിച്ചതുകൊണ്ടാണ് ഇസ്‌ലാമിന് ഇത്രയേറെ സ്വീകാര്യത ജനമനസ്സുകളിൽ നേടിക്കൊടുത്തത്. പിന്നീട് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഈ പ്രദേശങ്ങളെല്ലാം ഇസ്‌ലാമിക നാടുകളായി മാറിക്കഴിഞ്ഞുവെന്നാണ് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."