സഊദിയിൽ നിയമ ലംഘകർക്കെതിരെ തിരച്ചിൽ ശക്തം, ഒരാഴ്ചയ്ക്കിടെ പിടിയിലായത് 14,600 ഓളം വിദേശികൾ
റിയാദ്: സഊദിയിൽ അനധികൃത താമസക്കാർക്കെതിരെയുള്ള തിരച്ചിൽ ശക്തമാക്കി. താമസ, തൊഴിൽ നിയമ, അതിർത്തി ലംഘകരെയാണ് വ്യാപകമായി പിടികൂടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പെട്ട നിയമ ലംഘകരായ 14,600 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. ജൂലൈ 15 മുതൽ 21 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷ ഫോഴ്‌സും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായവരിൽ 4,500 പേർ താമസ നിയമ ലംഘകരും 9,000 പേർ അതിർത്തി സുരക്ഷാ ലംഘകരും ആയിരത്തോളം പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 270 പേരിൽ 46 ശതമാനം യെമൻ പൗരന്മാരും 44 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റ് രാഷ്ട്രക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 127 പേരെയും നിയമലംഘകർക്ക് അഭയം നൽകിയ അഞ്ച് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ശിക്ഷാ നടപടികൾക്ക് വിധേയരായ നിയമലംഘകരുടെ എണ്ണം 60,000 ത്തിലധികം വരുമെന്നാണ് അധികൃതർ പുറത്തിറക്കിയ കണക്കുകളിൽ വ്യക്തമാകുന്നത്. ഇവരിൽ 50,000 പുരുഷന്മാരും 9,600 സ്ത്രീകളുമാണുള്ളത്. 44,000 നിയമ ലംഘകരെ നാടുകടത്തലിനായി യാത്രാ രേഖകൾ ശരിയാക്കുന്നതിനായി എംബസികൾക്ക് കൈമാറിയിട്ടുണ്ട്. ഇവരെ പ്രവേശന വിലക്കോടെയായിരിക്കും സഊദിയിൽ നിന്ന് കയറ്റി അയക്കുക.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആരെയെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുകയോ ഗതാഗത, താമസ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്താൽ 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഗതാഗത, താമസ കേന്ദ്രങ്ങൾ കണ്ടു കെട്ടുമെന്നും പേരു വിവരങ്ങൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."