അമ്പലപ്പുഴ: സി.പി.എം കമ്മിഷന് തെളിവെടുപ്പ് ആരംഭിച്ചു
ജി. സുധാകരന് ആദ്യമെത്തി മൊഴിനല്‍കി
സ്വന്തം ലേഖകന്‍
ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകള്‍ പരിശോധിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷന് അറിയിച്ചതിലും നേരത്തെ ആലപ്പുഴയില്‍ എത്തി തെളിവെടുപ്പ് ആരംഭിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ് എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍. കമ്മിഷന് ഇന്ന് എത്തുമെന്നാണ് നേരത്തെ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് അറിയിച്ചിരുന്നത്.
ആരോപണവിധേയനായ ജി. സുധാകരനാണ് ആദ്യമെത്തി മൊഴിനല്‍കിയത്. തനിക്ക് പറയാനുള്ളത് സുധാകരന് എഴുതി നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച തെളിവെടുപ്പില്‍ പരാതി ഉന്നയിച്ച അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം, എ.എം ആരിഫ് എം.പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. ജില്ലാ സെക്രട്ടറി ആര്. നാസറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നടപടികള്‍ ആരംഭിച്ചത്.
സി.പി.എമ്മിന്റെ അമ്പലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഇന്ന് കമ്മിഷന് കാണും.
കൂടാതെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സമ്പൂര്‍ണ യോഗം കമ്മിഷന്റെ സാന്നിധ്യത്തില്‍ ചേരുകയും ചെയ്യും.
അമ്പലപ്പുഴയില്‍ വോട്ട് കുറഞ്ഞതും ജി.സുധാകരന് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നുമുള്ള ആരോപണങ്ങളാണ് കമ്മിഷന് അന്വേഷിക്കുന്നത്. തനിക്കെതിരേ പോസ്റ്റര്‍ പ്രചാരണം നടത്തി, മണ്ഡലത്തില്‍ വികസനരേഖ പ്രസിദ്ധീകരിച്ചില്ല, സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയില്ലെന്ന സന്ദേശം പ്രവര്‍ത്തകരില്‍ നല്കി തുടങ്ങിയ പരാതികളാണ് എച്ച്. സലാം ഉന്നയിച്ചത്.
ഇതിനേതുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് അവലോകനരേഖ ചര്‍ച്ചചെയ്ത സംസ്ഥാന കമ്മിറ്റിയിലും സുധാകരനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."