ജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?.. വാട്ടര്‍ അതോറിറ്റിയെ അറിയിച്ചാല്‍ പാരിതോഷികമായി 5,000 രൂപ വരെ കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം
വാട്ടര്‍ അതോറിറ്റിയെ അറിയിച്ചാല്‍ പാരിതോഷികമായി 5,000 രൂപ
കൊടും വേനലാണ് വരാനിരിക്കുന്നത്. ജലം എത്രതന്നെ ഉണ്ടായിരുന്നാലും മതിയാകാതെ വരും. ഇത്തരം സാഹചര്യങ്ങളില്‍ ജലം കരുതലോടെ വേണം ഉപയോഗിക്കാന്‍. വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം നല്‍കാനാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം തുക (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ജല ദുരുപയോഗവും ജലമോഷണവും സംബന്ധിച്ചുള്ള വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916ല്‍ വിളിച്ച് അറിയിക്കാവുന്നതാണ്. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നല്‍കുന്ന പാരിതോഷികങ്ങള്‍ ഉപാധികള്‍ക്ക് അധിഷ്ഠിതമായിരിക്കും കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര താത്കാലിക (കുടുംബശ്രീ, എച്ച്.ആര്‍ ഉള്‍പ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അര്‍ഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളു.
വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയരുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്‌ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916ല്‍ കിട്ടുന്ന പരാതികള്‍ ഉടന്‍ തന്നെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കു കൈമാറും. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങള്‍ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയില്‍ മുഖേന അറിയിക്കണം.
ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."