കൊവിഡ് ചികിത്സയ്ക്ക് കേന്ദ്രം നല്‍കിയ വിലയേറിയ മരുന്ന് ഉപയോഗിക്കാതെ കേരളം
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വിലകൂടിയ മരുന്ന് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാതെ കേരളം. ഒരുഡോസിന് 65,000 രൂപ വിലയുള്ള മരുന്നിന്റെ കാലാവധി അടുത്ത മാസം 31-ഓടെ അവസാനിക്കും. ഇതോടെ രോഗികള്‍ക്ക് ഉപകാരപ്പെടാതെ മരുന്ന് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍നിന്ന് തിരിച്ചെടുക്കേണ്ട അവസ്ഥയാണ് ഉണ്ടാകുക.
കഴിഞ്ഞ മെയ് മാസത്തിലാണ് കേന്ദ്രം കേരളത്തിന് കാസിരിവിമാബ് എംഡിവിമാബ് എന്ന ആര്‍ട്ടിഫിഷ്യല്‍ ആന്റിബോഡി കോക്ടെയില്‍ മരുന്ന് കൈമാറിയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകാന്‍ സാധ്യതയുള്ള പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍ എന്നിവരില്‍ വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ മരുന്ന് ഉപയോഗിക്കാം. ഒരു ഡോസ് കുത്തിവയ്പ്പിന് സ്വകാര്യ മേഖലയില്‍ 65,000 രൂപയാണ് വില.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഈ മരുന്ന് ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തിനാകെ 2,355 എണ്ണം മരുന്നാണ് അനുവദിച്ചത്. ഒരു കുപ്പി മരുന്നില്‍നിന്ന് രണ്ടുപേര്‍ക്ക് നല്‍കാനാകും. അങ്ങനെയെങ്കില്‍ 4,710 പേര്‍ക്ക് ഇതിനോടകം മരുന്ന് നല്‍കാമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഈ മരുന്ന് ഇതുവരെ നല്‍കിയത് 800 പേര്‍ക്ക് മാത്രമാണ്.
അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതെന്നും അത്തരം രോഗികള്‍ക്ക് മരുന്ന് നല്‍കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. രോഗികള്‍ക്ക് ഉപയോഗിക്കാനാകാതെ കാലാവധി കഴിഞ്ഞുപോകുന്ന മരുന്നുകള്‍ക്ക് ഓഡിറ്റിങ് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ മരുന്ന് ഉപയോഗം കൂട്ടാന്‍ ആശുപത്രി അധികൃതര്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ ഈ മരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."