അപൂർവരോഗത്തെ നെഞ്ചുറപ്പോടെ നേരിട്ട പ്രഭുലാൽ ഓർമയായി
ഹരിപ്പാട്(ആലപ്പുഴ) • അപൂർവരോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ (25) മരണത്തിന് കീഴടങ്ങി. പല്ലന കൊച്ചുതറ തെക്കേതിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകനാണ്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ജനിച്ചപ്പോൾ മുതൽ മുഖത്തിന്റെ ഒരു ഭാഗത്ത് അസാധാരണമായ മറുകുണ്ടായിരുന്നു. വലിയ മറുക് പ്രഭുലാലിനൊപ്പം വളർന്നപ്പോൾ മുഖത്തിന്റെ പാതിയും കവർന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലുമായി പടർന്നു.
ഒട്ടേറെ ചികിത്സകൾ നടത്തി. പലപ്രാവശ്യം ശസ്ത്രക്രിയകളും. മാതാവ് ബിന്ദു പ്രഭു ലാലിന് ആത്മവിശ്വാസവും പിന്തുണയും നൽകി. നിശ്ചയദാർഢ്യത്തോടെ മറ്റു കുട്ടികളോടൊപ്പം പഠിച്ച് എം.കോം ബിരുദം നേടി. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഒരു സിനിമയിലും അഭിനയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന പ്രഭുലാലിന് പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. പി.എസ്.സി വഴി ഹരിപ്പാട് നഗരസഭയിലെ ഓഫിസ് അറ്റൻഡറായി നിയമനം ലഭിച്ചിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ.രോഗം തളർത്തിയതോടെ ഏതാനും മാസങ്ങൾ മാത്രമാണ് ജോലി ചെയ്യാൻ കഴിഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് മുഴ പഴുത്തതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."