തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 കോടി കള്ളപ്പണമിറക്കിയെന്ന് കുറ്റപത്രം
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി 12 കോടിയുടെ കള്ളപ്പണം സംസ്ഥാനത്ത് ഇറക്കിയെന്ന് കുറ്റപത്രം. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി 12 കോടി രൂപ കര്‍ണാടകയില്‍നിന്ന് എത്തിച്ചുവെന്നാണ് ധര്‍മരാജന്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊടകര കവര്‍ച്ച നടന്നയുടന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലെബീഷ് എന്നിവരെയും പ്രധാന നേതാക്കളെയും ധര്‍മരാജന്‍ വിളിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി രൂപ തൃശൂര്‍ ബി.ജെ.പി ഓഫിസില്‍ എത്തിച്ചു. കോഴിക്കോട്ടുനിന്ന് പിക്കപ്പ് ലോറിയില്‍ മൂന്ന് ചാക്കുകെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപയാണ് തൃശൂര്‍ ഓഫിസില്‍ നല്‍കിയത്. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചു.
മൂന്നുതവണയായി കര്‍ണാടകയില്‍ നിന്നാണ് ധര്‍മരാജന്‍ നേരിട്ട് പണം എത്തിച്ചത്. കര്‍ണാടകയിലെ കേന്ദ്രത്തിലെത്തി ടോക്കണ്‍ കാണിച്ചാല്‍ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങള്‍ ധര്‍മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫിസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ധര്‍മരാജന്‍ വഴി കേരളത്തിലിറക്കിയത് 40 കോടിയായിരുന്നു. ഈ പണം വിവിധ ജില്ലകളിലെ ബി.ജെ.പി നേതാക്കള്‍ക്ക് എത്തിച്ചു.
മാര്‍ച്ച് ആറിന് ബംഗളൂരുവില്‍നിന്ന് സേലംവഴി ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍ കൊണ്ടുവന്ന 4.40 കോടിയുടെ കുഴല്‍പ്പണം സേലത്തുവച്ച് കവര്‍ന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."