കണ്ണൂര്‍ കലക്ടറുടെ വിചിത്ര തീരുമാനം വിവാദത്തില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന കണ്ണൂര്‍ കലക്ടറുടെ വിചിത്ര ഉത്തരവ് വിവാദത്തില്‍. ഈമാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍വരികയെന്നു കലക്ടര്‍ ടി.വി സുഭാഷ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിനെതിരേ കണ്ണൂര്‍ മേയറും ഐ.എം.എയും രംഗത്തെത്തി.
സ്വകാര്യആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണു തീരുമാനമെന്നും ടി.പി.ആര്‍ കുറച്ചുകാണിക്കാനുള്ള തന്ത്രമാണെന്നും ആരോപണമുയര്‍ന്നു. തീരുമാനത്തിനെതിരേ കലക്ടറുടെ ഫേസ്ബുക്ക് പേജിലടക്കം വ്യാപക പ്രതിഷേധമുണ്ടായി.
ജില്ലയിലെ 50 ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ ബാക്കിനില്‍ക്കെയാണു ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ വിചിത്ര ഉത്തരവ്. കൊവിഡ് വാക്‌സിനെടുക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. പൊതുഗതാഗത മേഖലയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും രണ്ടു ഡോസ് വാക്‌സിനോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."