മോദി, അമിത് ഷാ വിമര്‍ശനം: പുരോഹിതന് അറസ്റ്റില്‍
മധുര: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും വിമര്‍ശിച്ചതിന് വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് മധുരയിലെ കല്ലിക്കുടിയിയിലെ കത്തോലിക്ക പുരോഹിതനെ അറസ്റ്റ് ചെയ്തു. പനാവിലായി ഇടവകയിലെ പുരോഹിതന് ഫാദര്‍ ജോര്‍ജ് പൊന്നയ്യയാണ് വെള്ളിയാഴ്ച കന്യാകുമാരിയില്‍ അറസ്റ്റിലായത്.
ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരേയും അമിത്ഷായ്ക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
1982ല്‍ തമിഴ്നാട്ടിലെ മണ്ഡയ്ക്കാട്ട് ഏഴുപേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപത്തിനുത്തരവാദി ഇപ്പോഴത്തെ ബി.ജെ.പി എം.എല്‍.എ എം. ആര് ഗാന്ധിയാണെന്നും മോദിയുടെയും അമിത്ഷായുടെയും പേരു പറയാന്‍ ബി.ജെ.പിക്കാര്‍ക്കും ആര്.എസ്.എസുകാര്‍ക്കും പോലും നാണമാകുന്നുവെന്നുമായിരുന്നു പരാമര്‍ശം.
ഇരുവരുടെയും പേര് സ്വന്തം മക്കള്‍ക്കിടാന്‍ അവരുടെ അനുയായികള്‍ക്കു പോലും മടിയാണെന്നും പുരോഹിതന് പറഞ്ഞിരുന്നു. അതോടൊപ്പം ചില ഡി.എം.കെ മന്ത്രിമാരെയും വിമര്‍ശിച്ചിരുന്നു.
മന്ത്രിമാരായ ശേഖര്‍ ബാബുവിനും മനോ തങ്കരാജിനും ഹിന്ദുക്കള്‍ വോട്ടു ചെയ്തില്ലെന്നും അവരെ ജയിപ്പിച്ചുവിട്ടത് മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു പരാമര്‍ശം. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ പുരോഹിതനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
28ന് വലിയ പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."