വിദ്യാഭ്യാസ രംഗത്ത് കേരളവും ഫിൻലൻഡും കൈകോർക്കും
തിരുവനന്തപുരം • പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാനുറച്ച് ഫിൻലൻഡ്. ഗവേഷണ സ്ഥാപനങ്ങൾ , അധ്യാപക പരിശീലന പരിപാടികളിലും സഹകരണം ഉണ്ടാകും. കുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും സയൻസ്, മാത്സ് പഠനത്തിലും മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിലുള്ള സഹകരണം.
കേരളത്തിൽനിന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലൻഡിലെ വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി ഡാൻ കോയ്‌വുലാസോയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഫിൻലൻഡിലെ വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്‌സന്റെ ക്ഷണമനുസരിച്ചാണ് കേരള സംഘം ഫിൻലൻഡിലെത്തി ചർച്ച നടത്തിയത്.ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടർ ചർച്ചകൾ നടത്തും. ഇതിനായി സമയബന്ധിത രൂപരേഖ തയാറാക്കും. കേരളത്തിന്റെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ആലോചനകളെക്കുറിച്ച് കേരളസംഘം വിശദീകരിച്ചു. ഫിൻലൻഡ് മോഡൽ വിദ്യാഭ്യാസത്തിന്റെ മികച്ച വശങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൽ മുഖ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നതായി ഡാൻ കോയ്‌വുലാസോ പറഞ്ഞു.
ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ സംസ്ഥാനത്തെ എസ്.സി.ഇ.ആർ.ടി, സീമാറ്റ്, എസ്.ഐ.ഇ.ടി പങ്കാളികളാകും. ഫിൻലൻഡിലെ വാസ്‌കൈല സർവകലാശാല ഏകോപിപ്പിക്കുന്ന ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ് വർക്ക് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ് (ജി.കെ.എൻ.ടി.എൽ) ആണ് നോഡൽ ഏജൻസി.
കുട്ടിക്കാലത്തു തന്നെ കുഞ്ഞുങ്ങളിൽ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതു സംബന്ധിച്ചും കേരളം ഫിൻലൻഡിൽനിന്നുള്ള മാതൃകകൾ സ്വീകരിക്കും.
കേരളത്തിൽ ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്റ്റുഡന്റ് ഐ.ടി.ക്ലബ് മാതൃക ഫിൻലൻഡിൽ നടപ്പാക്കുന്നതിനുള്ള പിന്തുണ കേരളം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."