സ്വതന്ത്രൻ ജയിച്ചശേഷം രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അയോഗ്യൻ: ഹൈക്കോടതി
കൊച്ചി• തദ്ദേശ സ്ഥാപനത്തിലേയ്ക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുമെന്ന് ഹൈക്കോടതി.
കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയിരിക്കുന്നത് ഭരണഘടന മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിനാണ്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ കൂറുമാറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഷീബ നൽകിയ അപ്പീൽ തള്ളിക്കൊ
ണ്ടാണ് ഹൈക്കോടതി ഉത്തരവ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ശേഷം ഷീബ ജോർജ് സി.പി.എമ്മിന്റെ ഭാഗമാകുകയായിരുന്നു.
മെമ്പറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ച് ജയിച്ചതെന്നായിരുന്നു നിയമപ്രകാരം എഴുതി നൽകിയത്. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ശേഷം ഇത്തരത്തിൽ എഴുതി നൽകിയതിലൂടെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയാണെന്നാണ് കോടതി വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."