പാരിതോഷികം വാഗ്ദാനംചെയ്ത് വാട്‌സ്ആപ്പിലൂടെ തട്ടിപ്പ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി സൗഹൃദം സ്ഥാപിച്ച് വാട്‌സ്ആപ് നമ്പര്‍ കരസ്ഥമാക്കി പാരിതോഷികങ്ങള്‍ അയയ്ക്കാമെന്ന വാഗ്ദാനംനല്‍കി തട്ടിപ്പ് നടത്തുന്ന സംഘം സജീവം. വിദേശത്ത് നിന്നുള്ള വനിതകളുടെ പേരിലാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നത്.
അതുവഴി ആളുകളെ ഫേസ്ബുക്ക് വഴി പരിചയപ്പെടുകയാണ് ചെയ്യുക. കേരളത്തെപ്പറ്റി അറിയാനെന്ന വിധത്തിലാവും സന്ദേശങ്ങള്‍ അയയ്ക്കുക. പരിചയപ്പെട്ടതിനുശേഷം വാട്‌സ്ആപ് നമ്പര്‍ ചോദിക്കും. നമ്പര്‍ നല്‍കിയാല്‍ സന്ദേശങ്ങള്‍ അയയ്ക്കും. സന്ദേശമയക്കുന്ന ആള്‍ യു.കെയിലോ യു.എസിലോ കമ്പനിയിലെ ഉദ്യോഗസ്ഥയാണെന്ന് പറയും.
തനിക്ക് ജോലിയില്‍ പ്രൊമോഷന്‍ കിട്ടാനുള്ള യോഗ്യതാ പരീക്ഷ ഉടനെയുണ്ടെന്നും അതിനാല്‍ തിരക്കിലാണെന്നും പിന്നീട് സന്ദേശം വരും. പിന്നീട് പരീക്ഷ ജയിച്ചെന്നും പ്രൊമോഷന്‍ കിട്ടിയെന്നുമായിരിക്കും അറിയിക്കുക.
അതിന്റെ സന്തോഷസൂചകമായി പാരിതോഷികം അയയ്ക്കുന്നതായി പറയും. ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ, വസ്ത്രങ്ങള്‍ എന്നിവ പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വാട്‌സ്ആപ് സന്ദേശമായി എത്തും. മേല്‍വിലാസവും ഇതിനിടെ തട്ടിപ്പുകാര്‍ വാങ്ങിയിരിക്കും.
സമ്മാനപ്പൊതി കാത്തിരിക്കുന്ന വേളയില്‍ വീണ്ടും വാട്‌സ്ആപ് സന്ദേശം വരും. പാര്‍സല്‍ കിട്ടിയോ എന്നായിരിക്കും അന്വേഷണം.
പാര്‍സല്‍ അയച്ച കമ്പനിക്കാര്‍ താങ്കളെ ബന്ധപ്പെടുമെന്ന സന്ദേശവും ലഭിക്കും. പിന്നീട് മറ്റൊരു ഫോണില്‍ നിന്നായിരിക്കും വിളിവരുന്നത്. താങ്കള്‍ക്ക് ഒരു പാര്‍സല്‍ എത്തിയിട്ടുണ്ടെന്നും അത് അയയ്ക്കണമെങ്കില്‍ 4,000 രൂപ അടയ്ക്കണമെന്ന് സന്ദേശം കിട്ടും. അല്‍പസമയം കഴിഞ്ഞാല്‍ 30,000 രൂപ അക്കൗണ്ട് വഴി അയയ്ക്കാന്‍ നിര്‍ദേശം ലഭിക്കും. പണം അടച്ചാല്‍ കുടുങ്ങിയത് തന്നെ. പാര്‍സലും പാരിതോഷികവും ഒന്നും ഉണ്ടാവില്ല.
ഉത്തരേന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൂചനയുണ്ട്. രാജ്യത്താകമാനം ഇവര്‍ക്ക് ശൃംഖലയുണ്ട്. പണം കിട്ടുന്നതിനുവേണ്ടി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയാലും ഇത്തരം സംഘങ്ങളെ കണ്ടെത്താന്‍ സാധിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."