'ടൂറിസ്റ്റ് ബസ് അമിത വേഗതയില്‍; അപകടം ഉണ്ടായത് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ' ദൃക്സാക്ഷികള്‍ പറയുന്നു
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.
ബസ് അമിതവേഗതയിലാണ് പോയതെന്നും, ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സാരമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടികളും സൂചിപ്പിച്ചു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും പറഞ്ഞു.
രണ്ടു മണിക്കൂര്‍ വൈകിയാണ് ബസ് സ്കൂളില്‍ നിന്നും യാത്ര പുറപ്പെട്ടതെന്ന് വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. അഞ്ചു മണിയ്ക്ക് പോകുമെന്ന് പറഞ്ഞ ബസ് സ്കൂളില്‍ എത്തിയത് രണ്ടു മണിക്കൂര്‍ വൈകിയാണ്. ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നതായും അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു. വേളാങ്കണ്ണി ട്രിപ്പിന് ശേഷം ബസ് നേരെ സ്കൂളിലേക്ക് വിനോദയാത്ര പോകാനായി എത്തുകയായിരുന്നു. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ അഞ്ചു കുട്ടികളും അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടക്കം 48 പേരാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."