10 വയസിന് താഴെയുള്ള കുട്ടികളുണ്ടോ? ദുബൈയിൽ ഇതാ പുതിയ പാർക്ക് തുറന്നിരിക്കുന്നു, രക്ഷിതാക്കൾക്ക് ജോലി ചെയ്യാനും പ്രത്യേക സ്ഥലം
10 വയസിന് താഴെയുള്ള കുട്ടികളുണ്ടോ? ദുബൈയിൽ ഇതാ പുതിയ പാർക്ക് തുറന്നിരിക്കുന്നു, രക്ഷിതാക്കൾക്ക് ജോലി ചെയ്യാനും പ്രത്യേക സ്ഥലം
ദുബൈ: 10 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ദുബൈയിൽ പുതിയ പാർക്ക് തുറന്നു. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലാണ് കുട്ടികൾക്ക് വേണ്ടിയുള്ള പാർക്ക് തുടങ്ങിയത്. ഗ്യാസ്ട്രോണമി, വിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന പാർക്ക് ഒരുക്കിയിരിക്കുന്നത് ലിയോ & ലൂണ ഗ്രൂപ്പാണ്.
മാളിന്റെ രണ്ടാം നിലയിൽ 2,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിൽ 30-ലധികം പ്രത്യേക ആകർഷണങ്ങളുണ്ട്. മൂന്ന് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് എല്ലാം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മൂന്ന് വയസിന് താഴെയുള്ള ശിശുക്കൾക്ക് വേണ്ടിയുള്ള വലിയ സോഫ്റ്റ് പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്. ട്രാംപോളിൻ, ബോൾ പൂൾ, ബാറ്റിൽ ബ്രിഡ്‌ജോട് കൂടിയ സോഫ്റ്റ് പൂൾ, പാലങ്ങൾ, BERG പെഡൽ ഗോ-കാർട്ടുകൾ, മാജിക് സാൻഡ്‌ബോക്‌സ് എന്നിവയും മുഖ്യ ആകർഷണമാണ്.
കുട്ടികളുടെ ജന്മദിന പാർട്ടികൾ നടത്താനും അവസരം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള വർണ്ണങ്ങളും അലങ്കാരങ്ങളുമുള്ള തീം ഇതിനായി തെരഞ്ഞെടുക്കാം. അതിഥികൾക്ക് തീം ഭക്ഷണ പാനീയങ്ങൾ നൽകാനും സൗകര്യമുണ്ട്. അവിസ്മരണീയമായ ജന്മദിനം ആഘോഷിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
കുട്ടികൾ കളിക്കുമ്പോൾ മാതാപിതാക്കൾ ബോറടിച്ച് ഇരിക്കേണ്ടതില്ല. അവർക്ക് അവരുടെ ജോലികൾ തീർക്കാൻ ഇവിടെ ഒരുക്കിയിട്ടുള്ള തികച്ചും ശാന്തമായ സഹ-ജോലി സ്ഥലങ്ങൾ (co-working spaces) ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ ഫാമിലി റെസ്റ്റോറന്റിൽ നിന്ന് അമേരിക്കൻ, യൂറോപ്യൻ, പ്രാദേശിക വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുകയുമാവാം.
പ്രാദേശിക കമ്പനിയായ ആർകോ കൺസ്ട്രക്ഷൻസാണ് കുട്ടികൾക്ക് വേണ്ടിയുള്ള പാർക്ക് നിർമിച്ച് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."